ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് സൈജു കുറുപ്പ്.
കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരം നായകൻ, വില്ലൻ, ഹാസ്യതാരം തുടങ്ങി വിവിധ വേഷങ്ങളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
അന്യഭാഷകളിൽ നിന്ന് തനിക്ക് വന്ന ഓഫറുകളെ കുറിച്ച് പറയുകയാണ് സൈജു കുറുപ്പ്. ഹിന്ദിയിൽ നിന്ന് സിനിമകളിലേക്കുള്ള അവസരമൊന്നും തനിക്ക് വന്നിട്ടില്ലെന്നും എന്നാൽ നാലോളം വെബ് സീരീസുകളിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും സൈജു കുറുപ്പ് പറയുന്നു.
യഷ് രാജ് ഫിലിംസിന്റെ ഒരു വെബ് സീരിസും ജ്യോതികയുടെ നായകനായി ഫർഹാൻ അക്തർ പ്രൊഡക്ഷന്റെ ഒരു വെബ് സീരീസും തനിക്ക് വന്നിരുന്നെന്നും ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സൈജു കുറുപ്പ് പറയുന്നു.
‘ഹിന്ദിയിൽ നിന്ന് സിനിമയുടെ ഓഫറുകൾ ഒന്നും വന്നില്ല പക്ഷെ നാലോളം വെബ് സീരീസുകളുടെ ഓഫറുകൾ വന്നിരുന്നു.
അവസാനം വന്നത് യഷ് രാജ് ഫിലിംസിന്റെ ഒരു ഓഫർ ആണ്. കാസർകോഡ് – കർണാടക ബോർഡറിൽ നടക്കുന്ന ഒരു കഥയാണ്. ആ വെബ് സീരിസിൽ ഭൂമി പേട്നേകറിനെ ആയിരുന്നു എന്റെ പെയർ ആയിട്ട് തീരുമാനിച്ചത്.
അതിന് മുമ്പ് ഫർഹാൻ അക്തർ പ്രൊഡക്ഷനായ എക്സെൽ എന്റർടൈൻമെന്റിന്റെ ഒരു സംഭവം വന്നിരുന്നു. ആ സീരിസിൽ നടി ജ്യോതികയുടെ ഭർത്താവായിട്ടായിരുന്നു എന്റെ റോൾ. അതിന്റെയും ഷൂട്ടിങ് കഴിഞ്ഞോ എന്നൊന്നും എനിക്കറിയില്ല പക്ഷെ ഞാൻ എന്തായാലും ഇല്ല.
എപ്പോഴും സന്തോഷമുണ്ട്, അത്രയും വലിയ കമ്പനികൾ എന്നെ വിളിക്കുന്നതിൽ.
ഭാവിയിൽ തീർച്ചയായും ഏതെങ്കിലും ഒരു ഒരു ചിത്രത്തിന്റെയോ വെബ് സീരിസിന്റെയോ ഭാഗമാകൻ പറ്റുമായിരിക്കും,’സൈജു കുറുപ്പ് പറയുന്നു.
Content Highlight: Saiju Kurupp Talk About The Offers He Got From Hindi