ആ സിനിമകളിൽ ഷാരുഖ് ഖാനെ കോപ്പി ചെയ്തായിരുന്നു ഞാൻ അഭിനയിച്ചത്, പിന്നീട് അരോചകമായി തോന്നി: സൈജു കുറുപ്പ്
Entertainment
ആ സിനിമകളിൽ ഷാരുഖ് ഖാനെ കോപ്പി ചെയ്തായിരുന്നു ഞാൻ അഭിനയിച്ചത്, പിന്നീട് അരോചകമായി തോന്നി: സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th December 2023, 9:06 am

സംവിധായകൻ ഹരിഹരൻ ഒരുക്കിയ മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് സൈജു കുറുപ്പ്. കാലങ്ങളായി വിവിധ വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്നുണ്ട് താരം.

ലോകത്തിലെ പ്രശസ്ത ഹാസ്യ കഥാപാത്രമായ മിസ്റ്റർ ബീനിന്റെ രൂപവുമായി സൈജു കുറുപ്പിന് സാദൃശ്യമുണ്ടെന്ന രീതിയിൽ പലപ്പോഴും സോഷ്യൽ മീഡിയകളിൽ ട്രോളുകൾ പ്രത്യക്ഷപ്പെടാറുണ്ട്.

എന്നാൽ താനാരെയും കോപ്പി ചെയ്യാനോ അനുകരിക്കാനോ ശ്രമിക്കാറില്ലെന്നാണ് സൈജു പറയുന്നത്. സിനിമയിലേക്ക് വന്ന സമയത്ത് കടുത്ത ഷാരൂഖ് ഖാൻ ഫാനായ താൻ അദ്ദേഹത്തിന്റെ പല എക്സ്പ്രഷൻസും മാനറിസവുമെല്ലാം തന്റെ രണ്ട് സിനിമയിൽ ചെയ്തു നോക്കിയിരുന്നെന്നും എന്നാൽ പിന്നീട് അത് അരോചകമായി തോന്നിയെന്നും ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സൈജു കുറുപ്പ് പറഞ്ഞു.

‘നീണ്ട മൂക്കൊക്കെ ഉള്ളതു കൊണ്ടായിരിക്കും മിസ്റ്റർ ബീനുമായി അങ്ങനയൊരു താരതമ്യപ്പെടുത്തൽ വരുന്നത്. അദ്ദേഹത്തിന്റെ എക്സ്പ്രഷൻസോ മാനറിസമോയൊന്നും ഞാൻ കോപ്പി ചെയ്യാൻ ശ്രമിച്ചിട്ടില്ല.

ഞാൻ അങ്ങനെ ആരെയും കോപ്പി ചെയ്യാൻ നോക്കാറില്ല. സാധാരണയായി നമ്മൾ കാണുന്ന ആളുകളെ കോപ്പി ചെയ്യാൻ ശ്രമിക്കാറുണ്ട്.

എന്റെ അമ്മയുടെ ചില എക്സ്പ്രഷൻ ഞാൻ കോപ്പി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അല്ലാതെ അറിയപ്പെടുന്ന ഒരു നടനെയൊന്നും അങ്ങനെ ചെയ്യാറില്ല.

ഞാൻ ഭയങ്കര ഷാരൂഖ് ഖാൻ ഫാനായിരുന്നു. ഞാൻ സിനിമയിലേക്ക് വന്ന സമയത്ത് അഭിനയിച്ച ഒന്ന് രണ്ട് സിനിമകളിൽ ഷാരൂഖ് ഖാനെ പോലെ ചെയ്യാൻ ഒന്ന് ശ്രമിച്ചു നോക്കിയിരുന്നു. സിനിമയുടെ പേര് ഞാൻ പറയില്ല.

പക്ഷെ എനിക്ക് തന്നെ അത് വലിയ അരോചകമായി തോന്നി. അതിന്റെ ആവശ്യമില്ലായിരുന്നു സത്യത്തിൽ. ഷാരുഖ് ഖാൻ ചെയ്യുമ്പോൾ അത് രസമാണ് നമ്മൾ അത് കോപ്പി ചെയുമ്പോൾ ഒട്ടും രസമില്ല.

അന്ന് സിനിമയിൽ തുടരണം എന്നൊന്നും ഞാൻ കരുതിയിരുന്നില്ല. ഞാൻ വിചാരിച്ചു വച്ചിരുന്നത് ലോകത്തുള്ള എല്ലാവരും ഷാരുഖ് ഖാന്റെ ഫാൻ ആണെന്നും പുള്ളിയുടെ എന്തെങ്കിലും ഒന്ന് ഇവിടെ ചെയ്താൽ അത് ഏൽക്കുമായിരിക്കും എന്നായിരുന്നു.

പക്ഷെ അത് വർക്ക്‌ ഔട്ട്‌ ആയില്ല,’സൈജു കുറുപ്പ് പറയുന്നു.

Content Highlight: Saiju Kurupp Talk About Sharukh Ghan And Mr. Bean