'നമ്മൾ, നമ്മൾ പോലുമറിയാതെ അധോലോകമായി മാറിയിരിക്കുന്നു ', വൈറലായ ഡയലോഗ് ഒന്നും എന്റേതല്ല: സൈജു കുറുപ്പ്
Entertainment
'നമ്മൾ, നമ്മൾ പോലുമറിയാതെ അധോലോകമായി മാറിയിരിക്കുന്നു ', വൈറലായ ഡയലോഗ് ഒന്നും എന്റേതല്ല: സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th December 2023, 12:04 pm

മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ പ്രത്യേക ഫാൻ ബേസുള്ള സിനിമയാണ് മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആട് ഒരു ഭീങ്കരജീവിയാണ്.

ആദ്യമായി സിനിമ തിയേറ്ററിൽ എത്തിയപ്പോൾ ബോക്സ് ഓഫീസിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

എന്നാൽ പിന്നീട് ചിത്രം വലിയ രീതിയിൽ പ്രേക്ഷകർ ഏറ്റെടുക്കുകയും സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും വലിയ ആരാധകർ ഉണ്ടാവുകയും ചെയ്തു. തുടർന്നുവന്ന സിനിമയുടെ രണ്ടാം ഭാഗമായ ആട് 2 തീയറ്ററുകളിൽ വമ്പൻ വിജയമായി മാറുകയും ചെയ്തു.

ചിത്രത്തിൽ ഏറെ ഹിറ്റായി മാറിയ ഒരു കഥാപാത്രമായിരുന്നു നടൻ സൈജു കുറുപ്പ് അവതരിപ്പിച്ച അറക്കൽ അബു. കഥാപാത്രത്തിന്റെ പല ഡയലോഗുകളും സിനിമ കണ്ട പ്രേക്ഷകർക്ക് കാണാപാഠമാണ്. എന്നാൽ സിനിമയിലെ തന്റെ സംഭാഷണങ്ങളെല്ലാം തനിക്ക് പറഞ്ഞു തന്നത് നടൻ ജയസൂര്യയാണെന്നാണ് സൈജു കുറുപ്പ് പറയുന്നത്.

ജയസൂര്യ തന്നെ എപ്പോഴും സപ്പോർട്ട് ചെയ്യാറുണ്ടെന്നും സിനിമയിലെ പല ഡയലോഗുകളും പെട്ടെന്ന് കയ്യിൽ നിന്ന് ഇടുന്നതാണെന്നും ജയസൂര്യയുടെ പ്രസൻസ് ഓഫ് മൈൻഡാണ് അതിന് കാരണമെന്നും സൈജു കുറുപ്പ് പറയുന്നു. കൗമുദി മൂവിസിനോട് സംസാരിക്കുകയായിരുന്നു താരം.

‘ജയസൂര്യ എന്നെ എപ്പോഴും താങ്ങി നിർത്തുന്ന ഒരാളാണ്. അദ്ദേഹം എനിക്ക് പറഞ്ഞു തന്ന ഡയലോഗുകളാണ് ആട് സിനിമയിൽ വലിയ രീതിയിൽ വൈറലായത്.

നമ്മൾ, നമ്മൾ പോലുമറിയാതെ അധോലോകമായിരിക്കുന്നു ഷാജിയേട്ടാ, ഷാജിയേട്ടാ ഇവളെയങ്ങ് തീർത്താലോ തുടങ്ങി അങ്ങനെയുള്ള ഡയലോഗുകളെല്ലാം ജയസൂര്യയുടെ ഐഡിയകളാണ്. ആട്ടിൻകാട്ടത്തിന് പിന്നെ അവിലോസ് ഉണ്ടയുടെ രുചി ഉണ്ടാവില്ലല്ലോ എന്നൊക്കെ ജയസൂര്യയാണ് എനിക്ക് പറഞ്ഞു തന്നത്.

ആ ഡയലോഗ് ഒക്കെ സ്പോട്ടിൽ കൈയിൽ നിന്ന് ഇടുന്നതാണ്.

കാരണം ജയസൂര്യയൊക്കെ അത്രയും പ്രസൻസ് ഓഫ് മൈൻഡും തോട്ട് പ്രൊസസുമൊക്കെയുള്ള വ്യക്തിയാണ്,’സൈജു കുറുപ്പ് പറയുന്നു.

Content Highlight: Saiju Kurupp Talk About Dialogues In Aadu Movie And Jayasoorya