അവൾ കാരണമാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചത്: സൈജു കുറുപ്പ്
Entertainment
അവൾ കാരണമാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചത്: സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th May 2024, 4:35 pm

മനു രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മലയാളം ഹൊറര്‍ ഫാന്റസി ചിത്രമാണ് ‘ഗു’. മാളികപ്പുറം സിനിമക്ക് ശേഷം സൈജു കുറുപ്പ്, ദേവനന്ദ എന്നിവര്‍ ഒന്നിക്കുന്ന അടുത്ത ചിത്രമാണ് ‘ഗു’. പുരാണങ്ങളും ഐതിഹ്യങ്ങളും നാടോടികലകളും നിറഞ്ഞ ഗ്രാമ പശ്ചാത്തലം കാണിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

മാളികപ്പുറം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചതാണ് അജയനെന്ന അച്ഛനെയും കല്ലുവെന്ന മകളെയും. ഇപ്പോഴിതാ രണ്ടുപേരും അച്ഛന്‍ മകള്‍ കോമ്പിനേഷനില്‍ ‘ഗു’ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ്.

ഗു എന്ന സിനിമയില്‍ തനിക്ക് അഭിനയിക്കാന്‍ അവസരം കിട്ടിയത് ദേവനന്ദ കാരണമാണെന്നും മാളികപ്പുറം സിനിമയിലൂടെ പ്രേക്ഷകര്‍ തന്നെ കല്ലുവിന്റെ അച്ഛനായാണ് കാണുന്നതെന്നും പറയുകയാണ് സൈജു കുറുപ്പ്. ‘ഗു’ പോലെയൊരു സിനിമ തന്റെ ഫസ്റ്റ് അറ്റംപ്റ്റ് ആണെന്ന് ജാങ്കോ സ്‌പേസിനോടുള്ള അഭിമുഖത്തില്‍ സംസാരിക്കുകയാണ് താരം

‘മാളികപ്പുറം എന്ന സിനിമയിലെ ഞങ്ങളുടെ അച്ഛന്‍ മകള്‍ എന്ന കോമ്പിനേഷന്‍ ഓഡിയന്‍സിന് ഒരുപാട് ഇഷ്ട്ടപ്പെട്ടിട്ടുണ്ട്.

മണിയന്‍പിള്ള രാജു ചേട്ടന്‍ പറഞ്ഞ പോലെ ദേവനന്ദ ഉണ്ടെങ്കിലെ ഈ സിനിമ നടക്കുകയുള്ളൂ. ദേവനന്ദ ഉള്ളത് കാരണമാണ് എനിക്ക് ഈ സിനിമ കിട്ടിയത്. അതുകൊണ്ട് മാത്രമാണ് എനിക്ക് ഈ സിനിമയില്‍ അഭിനയിക്കാന്‍ ഒരു ചാന്‍സ് കിട്ടിയത്.

ഞാന്‍ ഇതുവരെ ഹൊറര്‍ ഴോണറിലുള്ള സിനിമകള്‍ അറ്റംപ്റ്റ് ചെയ്തിട്ടില്ല ഭൂതകാലം ചെയ്‌തെങ്കിലും അതൊരു ഡിഫറന്റ് ടൈപ് ആയിരുന്നു. ഈ സിനിമയാണെങ്കില്‍ ഫാമിലി ഹൊറര്‍ പോലെ പഴയ അന്ധവിശ്വസങ്ങളെ പറ്റി ബില്‍ഡ് ചെയ്ത സംഭവമാണ്, സോ ദാറ്റ് ഐ ആം ഡൂയിങ്ങ് ഫസ്റ്റ്. ശരിക്കും ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ എനിക്ക് അവസരം കിട്ടിയത് ദേവനന്ദ കാരണമാണ്,’ സൈജു പറഞ്ഞു.

മലബാറിലെ ഉള്‍നാടന്‍ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടില്‍ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മിക്കുന്ന ചിത്രം മെയ് 17ന് തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുകയാണ്.

Content Highlight: Saiju Kurupp Talk About Child Artist  Devanandha