സംവിധായകന്‍ മണിരത്‌നത്തോട് ചാന്‍സ് ചോദിക്കാന്‍ പോയപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് നടന്‍ സൈജു കുറുപ്പ്. മുമ്പ് മദ്രാസ് ടോക്കീസില്‍ ചാന്‍സിനായി പോയപ്പോള്‍ ഓഫീസില്‍ അദ്ദേഹം ഉണ്ടായിരുന്നില്ലെന്നും സംവിധായകന്‍ പ്രിയദര്‍ശന് പത്മശ്രീ കിട്ടിയപ്പോഴുണ്ടായ ഫങ്ഷനിലാണ് അദ്ദേഹത്തെ കാണാനായതെന്നും സൈജു കുറുപ്പ് പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിനോടാണ് അദ്ദേഹം രസകരമായ അനുഭവം പങ്കുവെച്ചത്.
‘സിനിമയില്‍ വന്നതിന് ശേഷം മണിരത്‌നം സാറിനോട് ചാന്‍സ് ചോദിച്ച് അബദ്ധം പറ്റിയിട്ടുണ്ട്. പ്രിയദര്‍ശന്‍ സാറിന് പത്മശ്രീ കിട്ടിയതിന്റെ ഫങ്ഷന്‍ നടക്കുകയായിരുന്നു. ചെന്നൈ എഗ്മോറില്‍ വെച്ച് 2011ലാണെന്നാണ് തോന്നുന്നു.
ഞങ്ങളുടെ ക്രിക്കറ്റ് ടീമിന്റെ ഓണര്‍ പ്രിയദര്‍ശന്‍ സാര്‍ ആണെന്ന് തോന്നുന്നു. ഞങ്ങളവിടെ ചെന്നപ്പോള്‍ ആള്‍ക്കാരൊക്കെ പറയുന്നുണ്ട് അജിത്ത് വരും രജനികാന്ത് വരുമെന്നൊക്കെ. അവരിപ്പോള്‍ വരുമെന്ന് കരുതി ഞങ്ങളെല്ലാവരും എക്‌സൈറ്റഡ് ആയിരുന്നു. അവരൊന്നും വന്നില്ലെങ്കിലും സൂര്യ വന്നു. പിന്നെ മണിരത്‌നം സാറും വന്നു.
മുമ്പ് ചെന്നൈയിലൊക്കെ ഞാന്‍ സിനിമയുടെ ഹണ്ടിങ്ങിന് പോകുമായിരുന്നു. എന്റെ പ്രൊഫൈല്‍ സി.വിയൊക്കെ ഞാന്‍ മദ്രാസ് ടോക്കീസില്‍ കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. സിനിമയാണ് എന്റെ കരിയര്‍ എന്ന് ഞാന്‍ തീരുമാനിച്ച സമയമായിരുന്നു. പക്ഷെ അദ്ദേഹം അന്ന് ഓഫീസില്‍ ഇല്ലാത്തതിനാല്‍ എനിക്ക് പുള്ളിയെ കാണാന്‍ പറ്റിയിരുന്നില്ല. മണിരത്‌നത്തെ അവിടെ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ഇനി എന്തായാലും അദ്ദേഹത്തെ കാണാന്‍ പറ്റുമോയെന്ന് അറിയില്ല. അതുകൊണ്ട് എന്തായാലും ചാന്‍സ് ചോദിച്ചിരിക്കും. അങ്ങനെ ഞാന്‍ പുള്ളിയുടെ മൂവ്‌മെന്റൊക്കെ ഞാനിങ്ങനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
ഫങ്ഷന്‍ നടക്കുന്ന സ്ഥലത്ത് എല്ലാവരും ഉണ്ടാകുമല്ലോ. പുള്ളി ഒന്ന് മാറിക്കഴിഞ്ഞാല്‍ ഒന്ന് മുട്ടാമെന്നായിരുന്നു എന്റെ പ്ലാന്‍. അദ്ദേഹത്തോട് എന്താണ് പറയേണ്ടത് എന്നൊക്കെ ഞാനിങ്ങനെ പ്രാക്ടീസ് ചെയ്യുവാണ്. എനിക്ക് തമിഴ് പറയാനറിയില്ല. പുള്ളിക്ക് മലയാളം പറഞ്ഞാല്‍ മനസിലാകുമോ എന്നുമറിയില്ല. അപ്പോള്‍ ഇംഗ്ലീഷ് ആണ് സേഫ്. പിന്നെ ഞാന്‍ ഇംഗ്ലീഷില്‍ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി. സര്‍, ഐ വുഡ് ലൈക് ടു വര്‍ക്ക് വിത്ത് യു, സര്‍ ഐ വുഡ് ലൈക് ടു വര്‍ക്ക് വിത്ത് യു എന്ന് ഞാനിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അവിടെ ചെന്നിട്ട് ഇംഗ്ലീഷ് തെറ്റാന്‍ പാടില്ലല്ലോ.
പെട്ടെന്ന് അദ്ദേഹം വാഷ് റൂമിന്റെ സൈഡിലേക്ക് പോയപ്പോള്‍ ഞാന്‍ പുറത്ത് കാത്തുനിന്നു. അവിടെ വേറെ ആരും ഉണ്ടായിരുന്നില്ല. ഞാനിങ്ങനെ ഫോണില്‍ നോക്കികൊണ്ടിരുന്ന തല ഉയര്‍ത്തി നോക്കുമ്പോള്‍ അദ്ദേഹം എന്റെ നേരെ മുമ്പില്‍ നില്‍പ്പുണ്ട്. പെട്ടെന്ന് ഷോക്കില്‍ ഞാന്‍ ഹലോ സാര്‍ എന്ന് പറഞ്ഞപ്പോഴേക്ക് പുള്ളിയും പേടിച്ച് പോയി. അപ്പൊ എന്റെ മുഖത്ത് സമൈല്‍ ഒന്നുമില്ല. സര്‍, ഐ വുഡ് ലൈക് ടു വര്‍ക്ക് വിത്ത് യു എന്നാണ് എനിക്ക് പറയേണ്ടിയിരുന്നത് പക്ഷെ ഹൗ അബൗട്ട് വര്‍ക്കിങ് വിത്ത് മി എന്നായി പറഞ്ഞത്. (ചിരിക്കുന്നു)
പറഞ്ഞത് തിരിഞ്ഞുപോയി. അദ്ദേഹം ഷുവര്‍, ഷുവര്‍ എന്നും പറഞ്ഞ് പാസ് ചെയ്ത് പോയി. അപ്പോള്‍ ഞാനോര്‍ത്തു, ദൈവമേ പുള്ളി ഈ ജന്മത്തില്‍ എന്നഎ ഇനി കാസ്റ്റ് ചെയ്യില്ലല്ലോ എന്ന്,’ സൈജു കുറുപ്പ് പറഞ്ഞു.