മലയാളികളുടെ ഇഷ്ടനടനാണ് സൈജു കുറുപ്പ്. സംവിധായകൻ ഹരിഹരൻ ഒരുക്കിയ മയൂഖം എന്ന ചിത്രത്തിലൂടെയാണ് സൈജു കുറുപ്പ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്.
തുടർന്ന് ഇങ്ങോട്ട് ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളിലൂടെ കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്നുണ്ട് താരം. ആടിലെ അറക്കൽ അബു പോലെയുള്ള കഥാപാത്രങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
താൻ ഒരുപാട് പേരോട് സിനിമയ്ക്കായി അവസരം ചോദിച്ചിട്ടുണ്ട് എന്നാണ് സൈജു കുറുപ്പ് പറയുന്നത്. അവസരം ചോദിച്ചിട്ട് വരാത്ത ഒരുപാട് പേരുണ്ടെന്നും പണ്ടൊക്കെ അത് ആലോചിക്കുമ്പോൾ വിഷമം തോന്നുമായിരുന്നുവെന്നും സൈജു പറയുന്നു. പണ്ട് അവസരം തരാത്ത പലരും പിന്നീട് സിനിമയിലേക്ക് വിളിച്ചിട്ടുണ്ടെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
‘അവസരം ചോദിച്ചിട്ട് തരാത്ത ഒരുപാട് പേരുണ്ട്. അവസരം കിട്ടിയതിനേക്കാൾ അതാണ് കൂടുതൽ. പണ്ടൊക്കെ അത് ആലോചിക്കുമ്പോൾ വിഷമം തോന്നുമായിരുന്നു. ഇന്നിപ്പോൾ സിനിമകൾ ഉള്ളതുകൊണ്ട് അത് ആലോചിക്കുമ്പോൾ ബുദ്ധിമുട്ടൊന്നുമില്ല. സിനിമകൾ ഉള്ളതുകൊണ്ടാണത്. ഭാവിയിൽ ഇനി വീണ്ടും സിനിമ കുറയുമ്പോൾ ഞാൻ ചോദിച്ചിട്ട് കിട്ടിയില്ലെങ്കിൽ വിഷമം തോന്നും.
ഞാനൊരു 10 പേരോട് അവസരം ചോദിച്ചിട്ടുണ്ട് അതിൽ 7 പേരും എനിക്ക് അവസരം തന്നിട്ടില്ല. ചിലപ്പോൾ ഭാവിയിൽ തരുമായിരിക്കും. എനിക്ക് പറ്റിയ കഥാപാത്രങ്ങൾ ചിലപ്പോൾ ഇല്ലാഞ്ഞിട്ടായിരിക്കും.
പണ്ട് അവസരം തരാത്ത പലരും പിന്നീട് എന്നെ സിനിമയിലേക്ക് വിളിച്ചിട്ടുണ്ട്. പക്ഷേ അവർക്ക് ചിലപ്പോൾ ഞാൻ ചോദിച്ചതൊന്നും ഓർമ്മയുണ്ടാകില്ല.
കാരണം എത്ര ആളുകൾ ദിവസവും അവസരം ചോദിക്കുന്നുണ്ടാവും. ഞാനും അങ്ങനെ ആയിരുന്നു,’സൈജു കുറുപ്പ് പറയുന്നു.
Content Highlight: Saiju Kurupp Says That In So many Situations He Did Not Get A Chance In The Film