| Friday, 8th November 2024, 8:55 am

തിയേറ്ററില്‍ പരാജയമായ ആ മലയാള ചിത്രത്തിന് രണ്ട് ഭാഷകളില്‍ നിന്ന് റീമേക്ക് ഓഫര്‍ വന്നു: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായകനായും വില്ലനായും സഹകഥാപാത്രങ്ങളായും നിരവധി സിനിമകളില്‍ അഭിനയിച്ച നടനാണ് സൈജു കുറുപ്പ്. ഈയിടെ ഇറങ്ങിയ ഭരതനാട്യം എന്ന ചിത്രത്തിലൂടെ സിനിമാ നിര്‍മാണത്തിലേക്കും സൈജു കാലെടുത്തുവെച്ചിരുന്നു. തോമസ് തിരുവല്ലയും സൈജുവും ചേര്‍ന്നായിരുന്നു ഈ സിനിമ നിര്‍മിച്ചത്.

എന്നാല്‍ ഹ്യൂമറിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അതേസമയം ഒ.ടി.ടിയില്‍ റിലീസ് ചെയ്തതോടെ മികച്ച അഭിപ്രായമായിരുന്നു നേടിയിരുന്നത്.

ഭരതനാട്യം ഒ.ടി.ടിയില്‍ വന്ന ശേഷം രണ്ട് ഭാഷകളില്‍ നിന്നായി റീമേക്കിനുള്ള ഓഫര്‍ വന്നിട്ടുണ്ടെന്ന് പറയുകയാണ് സൈജു കുറുപ്പ്. റീമേക്കിനായി അവര്‍ ഇങ്ങോട്ട് സമീപിക്കുകയായിരുന്നെന്നും നടന്‍ പറയുന്നു.

എല്ലാ ദിവസവും ഭരതനാട്യത്തെ കുറിച്ചും ജയ് മഹേന്ദ്രന്‍ എന്ന വെബ് സീരീസിനെ കുറിച്ചും പറഞ്ഞ് തനിക്ക് മെസേജുകള്‍ വരാറുണ്ടെന്നും സൈജു കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘രണ്ട് ഭാഷകളില്‍ നിന്ന് റീമേക്കിന്റെ ഓഫര്‍ വന്നിട്ടുണ്ട്. ഏതാണ് ആ ഭാഷകളെന്ന് ഞാന്‍ പറയുന്നില്ല. അവര് റീമേക്കിന്റെ കാര്യം പറഞ്ഞിട്ട് ഇങ്ങോട്ട് അപ്രോച്ച് ചെയ്യുകയായിരുന്നു. പിന്നെ സിനിമ ഒ.ടി.ടിയില്‍ വന്ന ശേഷം എല്ലാ ദിവസവും എനിക്ക് മെസേജുകള്‍ വരാറുണ്ട്. ഒരു ദിവസം തന്നെ പത്തോ പന്ത്രണ്ടോ മെസേജുകള്‍ ഉണ്ടാകും.

രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ ആദ്യം നോക്കുക ഫേസ്ബുക്ക് റിക്വസ്റ്റാണ്. ഇന്‍സ്റ്റഗ്രാമും നോക്കും. അതിലൊക്കെ മെസേജ് റിക്വസ്റ്റ് ഹൈഡായി കിടക്കുന്നുണ്ടാകുമല്ലോ. ദിവസവും അത് നോക്കാറുണ്ട്. ഒന്നെങ്കില്‍ ഭരതനാട്യത്തെ കുറിച്ചോ അല്ലെങ്കില്‍ ജയ് മഹേന്ദ്രനെ കുറിച്ചോ പറഞ്ഞാകും മിക്ക മെസേജുകളും വരുന്നത്.

ഭരതനാട്യം കണ്ടിട്ട് ഇഷ്ടമായ ആളുകള്‍ ജയ് മഹേന്ദ്രനും, ജയ് മഹേന്ദ്രന്‍ കണ്ട് ഇഷ്ടമായവര്‍ ഭരതനാട്യവും കണ്ടിട്ടുണ്ട്. ഇവ രണ്ടും രണ്ട് ആഴ്ചകളുടെ വ്യത്യാസത്തിലാണ് റിലീസായത്. അതുകൊണ്ട് രണ്ടിലും ഗുണം ചെയ്തിട്ടുണ്ട്. അതില്‍ സത്യത്തില്‍ ഒരുപാട് സന്തോഷമുണ്ട്,’ സൈജു കുറുപ്പ് പറയുന്നു.


Content Highlight: Saiju Kurupp Says Malayalam film Bharatanatyam, which failed at the theatres, received a remake offer in two languages

We use cookies to give you the best possible experience. Learn more