വില്ലന്‍ കഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും ചെയ്ത് പിന്നീട് കോമഡി വേഷങ്ങളിലൂടെ മലയാളികളെ രസിപ്പിച്ച താരമാണ് സൈജു കുറുപ്പ്. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ സൈജുവിന്റെ പെര്‍ഫോമന്‍സും ഡയലോഗുകളും ഇന്നും അനുകരിക്കപ്പെടുന്നുമുണ്ട്.
അതുപോലെ തന്നെ സിനിമയിലെത്തി വളരെ ചുരുങ്ങിയ നാളുകൊണ്ട് തന്നെ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ സാധിച്ചൊരു താരമാണ് സിജു വില്‍സന്‍.
തൊട്ടതെല്ലാം പൊന്നാക്കുന്ന കലാകാരന്മാര്‍ കൂടിയാണ് ഇരുവരും. അധികം ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന പല കഥാപാത്രങ്ങളേയും തന്റേതായ അഭിനയചാതുരികൊണ്ട് മികവുറ്റതാക്കാന്‍ എന്നും സിജു വില്‍സന് സാധിക്കുന്നുണ്ട്.
ഇപ്പോഴിതാ തങ്ങളുടെ പുതിയ ചിത്രമായ ഉപാചാരപൂര്‍വം ഗുണ്ടജയന്‍ എന്ന സിനിമയെ കുറിച്ചും കൂടെ അഭിനയിച്ച താരങ്ങളെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഇരുവരും. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.
അല്‍പ്പം റൊമാന്റിക്കായൊരു ഗുണ്ടായായാണ് താന്‍ ഗുണ്ടജയനില്‍ അവതരിപ്പിക്കുന്നതെന്ന് പറയുകയാണ് സിജു വില്‍സന്‍.
‘ജീവിതത്തിലും ഞാനൊരു റൊമാന്റിക് ഗുണ്ടയാണ്. പല ഏജ് ഗ്രൂപ്പിലുള്ള ആളുകളും സിനിമയിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രായം നോക്കി ആരും പെരുമാറിയിട്ടില്ല. സെറ്റ് ഒരു ഫാമിലി പോലെയായിരുന്നു. സെറ്റ് എന്ന പറയുന്നത് ഒരു കല്യാണ വീടാണ്. പഴയക്കാലത്തിന്റെ പല ഓര്‍മകളും അതിലൂടെ നമുക്ക് കിട്ടും. ഒരുപാട് പേര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥയാണ്,’ സിജു പറയുന്നു.
”കണ്ടോളൂ ചിരിച്ചോളൂ പക്ഷെ പഴയ ഗുണ്ടകളെ കളിയാക്കരുത് ഇതൊരു അപേക്ഷയാണ് ഉപചാരപൂര്‍വം ഗുണ്ടജയന്‍ ഈ ടാഗ് ലൈന്‍ ഡെവലപ്പ് ചെയ്യുന്നത് ദുല്‍ഖറിന്റെ ടീമിലെ ബിബിന്‍ പെരുമ്പള്ളിയാണ്. ടാഗ് ലൈനില്‍ ആകെ ഗുണ്ടജയന്‍ എന്നത് മാത്രമേ കാണുന്നുള്ളു. അതുകൊണ്ട് പുറത്തോട്ടിറങ്ങുമ്പോള്‍ ആളുകള്‍ വന്ന് ചോദിക്കുന്നത് പഴയ ഗുണ്ടയാണല്ലേ എന്നാണ്,’ സൈജു പറയുന്നു.
എങ്ങനെയെങ്കിലും സഹായിക്കണമെന്നായിരുന്നു ദുല്‍ഖറിനോട് സിനിമയുടെ കാര്യം പറഞ്ഞ് പോയപ്പോള്‍ താന്‍ പറഞ്ഞതെന്നും അത് കേട്ടപ്പോള്‍ തന്നെ ദുല്‍ഖര്‍ പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞെന്നും സൈജു പറഞ്ഞു.
‘ദുല്‍ഖറിനെ പോയി കാണുമ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് ഇങ്ങനെയൊരു സിനിമയുണ്ട് എന്നെ എങ്ങനെയെങ്കിലും സപ്പോര്‍ട്ട് ചെയ്യണമെന്നാണ്. അപ്പോള്‍ ദുല്‍ഖര്‍ സിനിമ ചെയ്യാമെന്ന് പറഞ്ഞു. അത് പറ്റില്ല കഥ കേള്‍ക്കാനാണ് അപ്പോള്‍ ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞത്. കഥ നല്ലപോലെ കേട്ട് നിങ്ങള്‍ക്ക് പൂര്‍ണ തൃപ്തിയുണ്ടെങ്കില്‍ മാത്രം ചെയ്താല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. കഥ കേട്ടപ്പോള്‍ പുള്ളിക്ക് അത് നന്നായി ഇഷ്ടപ്പെട്ടു. സിനിമ കൂടി കണ്ട് കഴിഞ്ഞപ്പോള്‍ അതിലും സന്തോഷം.
ഞങ്ങള്‍ അഞ്ച് പേര്‍ ഇരുന്നാണ് സിനിമ കാണുന്നത്. ഓരോ സീന്‍ വരുമ്പോളും ഞാന്‍ ദുല്‍ഖറിനെ ഇടംകണ്ണിട്ട് നോക്കും. പുള്ളി അങ്ങനെ അട്ടഹസിച്ച് ചിരിക്കുന്ന ആളല്ല. സൗണ്ട് ഒന്നും വരുന്നും കാണുന്നില്ല. പക്ഷെ നോക്കിയപ്പോള്‍ ചിരിക്കുന്നുണ്ട്,’ സൈജു പറയുന്നു.
സിനിമയിലെ ഒരുപാട്ട് പാടിയിരിക്കുന്നത് സിജു വില്‍സന്‍ ആണെന്നും സൈജു കൂട്ടിച്ചേര്‍ത്തു. സിനിയിലെ പോലെ തന്നെ ഒരുപാട് വിളിക്കാത്ത കല്യാണങ്ങള്‍ക്ക് പോയിട്ടുണ്ടെന്നും ഇരുവരും പറയുന്നു.
അരുണ്‍ വൈഗയാണ് സിനിമ സംവിധാനം ചെയ്യുന്നത്. രാജേഷ് വര്‍മയുടെതാണ് തിരക്കഥ.
Content Highlights: Saiju Kurupp saying about Dulquer Salman