മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. 2005ല്‍ ടി. ഹരിഹരന്റെ സംവിധാനത്തില്‍ എത്തിയ മയൂഖത്തിലുടെയാണ് അദ്ദേഹം സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നായകനായും വില്ലനായും സഹകഥാപാത്രങ്ങളായും സൈജു 100ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിലെ അറക്കൽ അബു എന്ന കഥാപാത്രമെല്ലാം സൈജു കുറുപ്പിന്റെ ശ്രദ്ധ നേടിയ വേഷങ്ങൾ ആയിരുന്നു. ഈയിടെ ഇറങ്ങിയ ഭരതനാട്യം എന്ന ചിത്രത്തിലൂടെ സിനിമ നിർമാണത്തിലേക്കും സൈജു കാലെടുത്തുവെച്ചു.
പ്രാരാബ്ദം സ്റ്റാറെന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഉണ്ടാവുന്ന ട്രോളുകൾ താൻ കാണാറുണ്ടെന്നും ചെയ്ത കഥാപാത്രങ്ങളെ കുറിച്ച് ആളുകൾ സംസാരിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്നും സൈജു കുറുപ്പ് പറഞ്ഞു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചെയ്ത കഥാപാത്രങ്ങളെയും സിനിമയെക്കുറിച്ചും ആളുകൾ സംസാരിക്കുന്നു എന്നത് തന്നെ വലിയ സന്തോഷമുള്ള കാര്യമാണ്. അത് തമാശരൂപത്തിലാണെങ്കിലും അല്ലെങ്കിലും.
ഞാൻ ചെയ്ത കഥാപാത്രങ്ങൾ ഇത്രയും പ്രാരാബ്ദം നിറഞ്ഞതായിരുന്നുവെന്ന് ഈ ട്രോളുകൾ കണ്ടപ്പോഴാണ് മനസിലാകുന്നത്,’സൈജു കുറുപ്പ് പറയുന്നു.
പുതിയ ചിത്രം പൊറാട്ട് നാടകത്തിന്റെ വിശേഷവും അദ്ദേഹം പങ്കുവെച്ചു.
‘അന്തരിച്ച സംവിധായകൻ സിദ്ദിഖ് സാർ അവതരിപ്പിക്കുന്ന ചിത്രം എന്നനിലയിലാണ് പൊറാട്ട് നാടകം വരുന്നത്. സിദ്ദിഖ് സാറിന്റെ അസിസ്റ്റന്റായിരുന്ന നൗഷാദ് സാഫ്റോണാണ് ചിത്രത്തിന്റെ സംവിധാനം. സുനീഷ് വാരനാടിന്റേതാണ് തിരക്കഥ.
രാഷ്ട്രീയ ആക്ഷേപഹാസ്യത്തിൻ്റെ മേമ്പൊടിയോടെ പറയുന്ന ഒരു കുടുംബചിത്രമാണിത്. ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ ജോലിചെയ്യുന്ന അബു എന്ന കഥാപാത്രത്തെ ഞാനവതരിപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ എന്നെ ട്രോളാൻ ഉപയോഗിക്കുന്ന ‘പ്രാരാബ്ദം സ്റ്റാർ’ എന്ന പേരിനോട് നീതിപുലർത്തുന്നതാണ് ഈ കഥാപാത്രവും,’സൈജു കുറുപ്പ് പറയുന്നു.
Content Highlight: Saiju Kurupp About Trolls About His Character