തിയേറ്ററിൽ ഓടാത്ത ആ ചിത്രങ്ങൾ ഒ.ടി.ടിയിൽ നന്നായി വർക്കാവുന്നത് കാണുമ്പോൾ എനിക്ക് ആത്മവിശ്വാസം വരും: സൈജു കുറുപ്പ്
Entertainment
തിയേറ്ററിൽ ഓടാത്ത ആ ചിത്രങ്ങൾ ഒ.ടി.ടിയിൽ നന്നായി വർക്കാവുന്നത് കാണുമ്പോൾ എനിക്ക് ആത്മവിശ്വാസം വരും: സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st October 2024, 1:51 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. 2005ല്‍ ടി. ഹരിഹരന്റെ സംവിധാനത്തില്‍ എത്തിയ മയൂഖത്തിലുടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നായകനായും വില്ലനായും സഹകഥാപാത്രങ്ങളായും സൈജു 100ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിലെ അറക്കൽ അബു എന്ന കഥാപാത്രമെല്ലാം സൈജു കുറുപ്പിന്റെ ശ്രദ്ധ നേടിയ വേഷങ്ങൾ ആയിരുന്നു. എന്നാൽ ജനമൈത്രി, ആട്, ഉപചാരപൂർവം ഗുണ്ട ജയൻ തുടങ്ങിയ തന്റെ ചിത്രങ്ങളെല്ലാം ഒ.ടി.ടിയിൽ എത്തിയപ്പോഴാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതെന്നും തിയേറ്റർ റിലീസിന് ശേഷം നഷ്ടപ്പെട്ട ആത്മവിശ്വാസം അപ്പോഴാണ് തിരിച്ചുകിട്ടുകയെന്നും സൈജു കുറുപ്പ് പറഞ്ഞു.

‘ജനമൈത്രി അങ്ങനെ തിയേറ്ററിൽ വർക്കാവാത്ത സിനിമയായിരുന്നു. പക്ഷെ രസമുള്ള ഒരു സിനിമയായിരുന്നു. പക്ഷെ സാറ്റ്ലൈറ്റിലും ഒ.ടി.ടിയുലുമെല്ലാം ആ ചിത്രം നന്നായി വർക്കായി. തിയേറ്ററിൽ വർക്കാവാതെ വരുമ്പോൾ നമ്മുടെ ആത്മവിശ്വാസം കുറയും. അത് തന്നെയായിരുന്നു ആടിന് സംഭവിച്ചത്.

ആട് പരാജയപ്പെട്ടപ്പോൾ വിഷമം തോന്നിയിരുന്നു. പക്ഷെ അത് പിന്നീട് ഒ.ടി.ടിയിലും ടി.വിയിലുമൊക്കെ വന്നപ്പോൾ എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു. അപ്പോൾ വീണ്ടും നമ്മുടെ ആത്മവിശ്വാസം കൂടി. ഇങ്ങനെയൊക്കെയാണ് എന്റെ കരിയറിൽ എപ്പോഴും സംഭവിച്ചിട്ടുള്ളത്. അതിന് ശേഷം കരിയറിൽ ഒരു ഇടവേള വന്നു.

കൊവിഡിന് മുമ്പാണ് ഉപചാരപൂർവം ഗുണ്ട ജയൻ എന്ന സിനിമ ചെയ്യുന്നത്. അതുപോലെ ഗാർഡിയൻ എന്നൊരു ചിത്രവും ചെയ്തു. ഈ രണ്ടെണ്ണത്തിലും ഞാൻ ലീഡ് റോളിലായിരുന്നു. ഉപചാരപൂർവം ഗുണ്ട ജയൻ വലിയ വിജയമായില്ലെങ്കിലും അതിന് തിയേറ്ററിൽ പ്രേക്ഷകർ ഉണ്ടായിരുന്നു. സാറ്റ്ലൈറ്റിലും ഓ.ടി.ടിയിലുമൊക്കെ അതത്യാവശ്യം വർക്കായി.

ഗാർഡിയൻ നേരിട്ട് ഒ.ടി.ടി റിലീസ് ചെയ്ത ചിത്രമായിരുന്നു. മനോരമ മാക്സിലാണ് അത് റിലീസ് ചെയ്തത്. ഗാർഡിയനും കുഴപ്പമില്ലാത്ത അഭിപ്രായം നേടാൻ കഴിഞ്ഞിരുന്നു,’സൈജു കുറിപ്പ് പറയുന്നു.

Content Highlight: Saiju Kurupp About His Films After O.T.T Release