| Wednesday, 27th November 2024, 3:31 pm

ആ മമ്മൂട്ടി ചിത്രത്തിലെ വേഷം ഒരു മടിയുമില്ലാതെ ചോദിച്ചു വാങ്ങിയത്: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. 2005ല്‍ ടി. ഹരിഹരന്റെ സംവിധാനത്തില്‍ എത്തിയ മയൂഖത്തിലുടെയാണ് അദ്ദേഹം സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നായകനായും വില്ലനായും സഹകഥാപാത്രങ്ങളായും സൈജു 100ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിലെ അറക്കൽ അബു എന്ന കഥാപാത്രമെല്ലാം സൈജു കുറുപ്പിന്റെ ശ്രദ്ധ നേടിയ വേഷങ്ങൾ ആയിരുന്നു. ഈയിടെ ഇറങ്ങിയ ഭരതനാട്യം എന്ന ചിത്രത്തിലൂടെ സിനിമ നിർമാണത്തിലേക്കും സൈജു കാലെടുത്തുവെച്ചു.

സിനിമയിൽ അവസരങ്ങൾ ചോദിക്കാൻ തനിക്ക് മടിയില്ലെന്നും ഇപ്പോൾ ആത്മവിശ്വാസം വർധിച്ചെന്നും സൈജു കുറുപ്പ് പറയുന്നു. അബ്രഹാം ഓസ്ലറിലെ കഥാപാത്രം താൻ ചോദിച്ച് വാങ്ങിയതാണെന്നും സൈജു സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ പറഞ്ഞു.

‘ഓരോ കഥാപാത്രങ്ങളും ആസ്വദിച്ചാണ് ചെയ്യുന്നത്. അത് പ്രേക്ഷകർ സ്വീകരിക്കുമ്പോൾ സന്തോഷം തോന്നും. നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. അതിന്റെതായ അനുഭവസമ്പത്ത് ഇപ്പോൾ എനിക്കുണ്ട്.

ആത്മവിശ്വാസവും വർധിച്ചു. ഇപ്പോൾ ഏത് വേഷം ചെയ്യാനും തയ്യാറാണ്. ഓരോദിവസവും അഭിനയ സാധ്യതകളുള്ള പുതിയ വേഷങ്ങൾ കിട്ടണമെന്നാണ് പ്രാർഥന.

ആദ്യസിനിമ തൊട്ട് ഇന്നുവരെ എനിക്ക് ഓരോദിവസവും പുതിയത് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിനായി അവസരങ്ങൾ ചോദിക്കാറുമുണ്ട്. അതിന് മടിയൊന്നുമില്ല. ഈവർഷംതന്നെ ഓസ്‌ലറിലെ കഥാപാത്രം ഞാൻ ചോദിച്ചുവാങ്ങിയതാണ്. നമ്മുടെ ജോലി ഇതാണല്ലോ അതിന് മടി കാണിക്കേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു,’ സൈജു കുറുപ്പ് പറയുന്നു.

Content Highlight: Saiju Kurupp About His Character In abraham Ozler

We use cookies to give you the best possible experience. Learn more