മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. 2005ല്‍ ടി. ഹരിഹരന്റെ സംവിധാനത്തില്‍ എത്തിയ മയൂഖത്തിലുടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നായകനായും വില്ലനായും സഹകഥാപാത്രങ്ങളായും സൈജു 100ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിലെ അറക്കൽ അബു എന്ന കഥാപാത്രമെല്ലാം സൈജു കുറുപ്പിന്റെ ശ്രദ്ധ നേടിയ വേഷങ്ങൾ ആയിരുന്നു. ഈയിടെ ഇറങ്ങിയ ഭരതനാട്യം എന്ന ചിത്രത്തിലൂടെ സിനിമ നിർമാണത്തിലേക്കും സൈജു കാലെടുത്തുവെച്ചു. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രത്തിൽ സായികുമാർ, കലാരഞ്ജിനി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ.
ഹ്യൂമറിന് പ്രാധാന്യം നൽകിയൊരുക്കിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും ഒ.ടി.ടി റിലീസിന് പിന്നാലെ നല്ല അഭിപ്രായം നേടുന്നുണ്ട്. നല്ല ചിത്രമായിട്ടും സിനിമ എങ്ങനെയാണ് ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതെന്ന് താൻ കുറെ ആലോചിച്ചെന്നും താൻ ഡിപ്രഷൻ സ്റ്റേജിലേക്ക് പോയെന്നും സൈജുകുറുപ്പ് പറയുന്നു. സിനിമ മേഖലയിൽ ഇത്ര പ്രഷറുണ്ടെങ്കിൽ വേറെയെന്തെങ്കിലും നോക്കിക്കൂടേയെന്ന് തന്റെ വൈഫ് ചോദിച്ചെന്നും സൈജു പറഞ്ഞു. വണ്ടർ വാൾ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നല്ല അഭിപ്രായങ്ങൾ വന്നിട്ടും എന്തുകൊണ്ട് സിനിമ പരാജയപ്പെട്ടു എന്നായിരുന്നു ഞാൻ ആലോചിച്ചത്. അതായിരുന്നു എന്റെ പ്രശ്നം. നല്ല അഭിപ്രായം വന്നിട്ടും അത് സിനിമയിൽ എന്തുകൊണ്ട് പ്രതിഫലിക്കുന്നില്ല എന്നായിരുന്നു ഞാൻ ആലോചിച്ചത്. അത് സത്യത്തിൽ എന്നെ നന്നായി ബാധിച്ചു.
എല്ലാവരും പറയുന്ന പോലൊരു ഡിപ്രഷനിലേക്ക് ഞാൻ പോയി എന്നല്ല പറയുന്നത്. പക്ഷെ ഞാൻ ഒട്ടും ഓക്കെയല്ലായിരുന്നു. ശരിക്കും ഡിപ്രസ്ഡ് ആയിരുന്നു. അതിന്റെയൊരു പീക്ക് പോയിന്റിൽ എന്റെ വൈഫ് എന്നോട് ചോദിച്ചു, സൈജു ഇത്രയും പ്രഷറാണോ സിനിമ ഇൻഡസ്ട്രിയിലെന്ന്. അങ്ങനെയാണെങ്കിൽ ഇതിനുപകരം മറ്റെന്തെങ്കിലും നോക്കിക്കൂടേയെന്ന് അവൾ ചോദിച്ചു.
ഇത്രയും സ്ട്രെസ് എടുത്ത് നിൽക്കേണ്ട ആവശ്യമുണ്ടോയെന്നും സൈജു ഇങ്ങനെ സ്ട്രെസ് എടുക്കാൻ തുടങ്ങിയാൽ ഇതിനെ സമയം കാണുകയുള്ളൂവെന്നും അവൾ പറഞ്ഞു. അതോടെ ഞാൻ അതിനെകുറിച്ച് ആലോചിക്കാൻ തുടങ്ങി. കുറച്ച് അടുത്ത സുഹൃത്തുക്കളുണ്ട് , അവരൊക്കെ എന്നെ കുറച്ച് മോട്ടിവേറ്റ് ചെയ്തു.
ഇതിനെ വ്യക്തിപരമായി എടുക്കരുതെന്നായിരുന്നു അവർ പറഞ്ഞത്. പക്ഷെ ഞാൻ അവരോട് പറഞ്ഞുകൊണ്ടിരുന്നത്, നല്ല അഭിപ്രായം വന്ന സിനിമയാണ് ഭരതനാട്യം. മോശം അഭിപ്രായമാണെങ്കിൽ കുഴപ്പമില്ല, എന്നിട്ടും എങ്ങനെ സിനിമ പരാജയപ്പെട്ടുവെന്നായിരുന്നു,’സൈജു കുറുപ്പ് പറയുന്നു.
Content Highlight: Saiju Kurupp About Bharathanatyam Movie