| Tuesday, 13th August 2024, 8:49 pm

അന്ന് കരിയറില്‍ ആദ്യമായി ഞാനൊരു സിനിമക്ക് വേണ്ടി ഹോംവര്‍ക്ക് ചെയ്തു; നിവിന്‍ പോളി ചിത്രത്തെ കുറിച്ച് സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ത്താഫ് സലിം സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. നിവിന്‍ പോളി നായകനായ ചിത്രത്തില്‍ സിജു വില്‍സണ്‍, ശാന്തി കൃഷ്ണ, ലാല്‍, അഹാന കൃഷ്ണ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ മികച്ച താരനിരയും ഒന്നിച്ചിരുന്നു. സിനിമയില്‍ സൈജു കുറുപ്പും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

ഒരു ഓങ്കോളജിസ്റ്റായാണ് താരം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ വന്നത്. ഇപ്പോള്‍ ഈ സിനിമയെ കുറിച്ച് പറയുകയാണ് സൈജു കുറുപ്പ്. ഓരോ കഥാപാത്രത്തിനും വേണ്ടി ആദ്യം എന്തെങ്കിലും പ്ലാന്‍ ചെയ്യാറുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൈജു.

‘ഞാന്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഹോംവര്‍ക്ക് ചെയ്യാറില്ല. എല്ലാം ദൈവത്തില്‍ നിന്നുള്ള അനുഗ്രഹമാണ്. ഞാന്‍ ആകെ ഒരു സിനിമക്ക് വേണ്ടി മാത്രമാണ് ആദ്യം ഒരു ഹോംവര്‍ക്ക് നടത്തിയത്. ക്യാരക്ടറൈസേഷന്‍ വ്യത്യസ്തമായിരിക്കണം എന്നോര്‍ത്തായിരുന്നു അത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയില്‍ ഞാന്‍ ഒരു ഓങ്കോളജിസ്റ്റായാണ് അഭിനയിച്ചത്.

അതിനായി ശരിക്കുമുള്ള ഒരു ഓങ്കോളജിസ്റ്റിനെ ഞാന്‍ ഒബ്‌സേര്‍വ് ചെയ്തിരുന്നു. അല്‍ത്താഫ് തന്നെയാണ് എനിക്ക് അയാളുടെ അപ്പോയിമെന്റ് എടുത്തു തരുന്നത്. അയാളെ പോയി കാണുകയും ആളുടെ ബോഡി ലാഗ്വേജ് കുറച്ചൊക്കെ കോപ്പി ചെയ്യുകയും ചെയ്തു. അതല്ലാതെ മറ്റൊരു സിനിമയ്ക്ക് വേണ്ടിയും ഞാന്‍ ഹോംവര്‍ക്ക് ചെയ്തിട്ടില്ല. ഞണ്ടുകള്‍ക്ക് വേണ്ടി മാത്രമാണ് ഈ ഹോംവര്‍ക്ക് നടന്നത്,’ സൈജു കുറുപ്പ് പറഞ്ഞു.


Content Highlight: Saiju Kurup Talks About Nivin Pauly’s Njandukalude Nattil Oridavela Movie

We use cookies to give you the best possible experience. Learn more