ദൃശ്യം രണ്ടാം ഭാഗത്തിലെ മുരളി ഗോപിയുടെ കഥാപാത്രം തനിക്ക് ചെയ്യാന്‍ പറ്റിയിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ടെന്ന് നടന്‍ സൈജു കുറുപ്പ്.
തന്റെ ഏറ്റവും പുതിയ സിനിമയായ ‘എ രഞ്ജിത്ത് സിനിമ’യുടെ പ്രമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഞാന്‍ ഡേറ്റ് ഇല്ലാത്തത് കാരണം വേണ്ടെന്ന് വെച്ച സിനിമകള്‍ ഹിറ്റായിട്ട് ഞാന്‍ കണ്ടിട്ടുണ്ട്. ‘സപ്തമ ശ്രീ തസ്‌കരാ’ അത്തരം സിനിമയാണ്. ഡേറ്റിന്റെ പ്രശ്നം കാരണം ആ സിനിമ ഞാന്‍ ചെയ്യാതിരിക്കുകയായിരുന്നു.
എന്നാല്‍ ഞാന്‍ ഇഷ്ടപ്പെടാതെ വിട്ട സിനിമകളോ അതിലെ ആ കഥാപാത്രമോ ഇതുവരെ വര്‍ക്കായിട്ടില്ല. അതുപോലെ വേണമെന്ന് ആഗ്രഹിച്ച കഥാപാത്രങ്ങള്‍ എനിക്ക് കിട്ടാതെ പോയിട്ടില്ല.
ഒരു കഥ കേട്ടാല്‍ അത് വേണ്ടെന്ന് വെക്കാറുള്ളത് ഡേറ്റ് പ്രശ്നം കാരണമോ അത് ഇഷ്ടപെടാത്തത് കാരണമോ ആകും. പക്ഷെ ചില സിനിമകള്‍ തിയേറ്ററില്‍ വരുമ്പോള്‍ അതിലെ കഥാപാത്രം എനിക്ക് ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.
എനിക്ക് പ്രായം കൊണ്ട് യോജിക്കുമോ എന്നറിയില്ല. എങ്കിലും ദൃശ്യം രണ്ടാം ഭാഗത്തിലെ മുരളി ഗോപിയുടെ കഥാപാത്രം ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്.
സിനിമ കണ്ടപ്പോള്‍ ആ കഥാപാത്രം എനിക്ക് ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹം തോന്നി. അത് എനിക്ക് ചേരുമോ എന്നതിനേക്കാള്‍ ഉപരിയായി ചെയ്യണമെന്ന് ആഗ്രഹം തോന്നിയതാണ്.
ഒരുപക്ഷെ ആ കഥാപാത്രത്തിന് വേണ്ട പ്രായം എനിക്ക് യോജിക്കില്ലായിരിക്കാം. ആ കഥാപാത്രം എനിക്ക് ചേരുമോ ഇല്ലയോ എന്നുള്ളത് വേറെ വിഷയമാണ്,’ സൈജു കുറുപ്പ് പറയുന്നു.
അതേസമയം, സൈജു കുറുപ്പിന്റേതായി തിയേറ്ററിലെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘എ രഞ്ജിത്ത് സിനിമ’. ഡിസംബര്‍ 8നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
നിശാന്ത് സട്ടു സംവിധാനം ചെയ്ത ഈ സിനിമയില്‍ സൈജു കുറുപ്പിനൊപ്പം ആസിഫ് അലി, ഹന്ന റെജി കോശി, നമിത പ്രമോദ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആന്‍സണ്‍ പോള്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍ എന്നിവരും സിനിമയുടെ ഭാഗമാകുന്നു.
content highlights: Saiju Kurup talks about Murali Gopi’s character in Drishyam