ഹരിഹരന്‍ സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ മയൂഖത്തിലൂടെ സിനിമയിലേക്ക് വന്ന ആളാണ് സൈജു കുറുപ്പ്. വില്ലനായും നായകനായും സഹനടനായും ഹാസ്യതാരമായെല്ലാം സിനിമയില്‍ തിളങ്ങുന്ന താരം നൂറിലേറെ ചലച്ചിത്രങ്ങളില്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ആട്, അന്താക്ഷരി, ലളിതം സുന്ദരം, മധുര മനോഹര മോഹങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ സൈജു കുറുപ്പ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
താന്‍ സിനിമയിലേക്ക് വരുന്നതിന് രണ്ട് കാരണങ്ങളാണ് ഉണ്ടായിരുന്നതെന്നും തന്നെ അഭിനയം പഠിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് തന്റെ ഭാര്യ ആയിരുന്നെന്നും ദി നെക്സ്റ്റ് 14 മിന്‍സിന് നല്‍കിയ അഭിമുഖത്തില്‍ സൈജു കുറുപ്പ് പറയുന്നു. അഭിനയം പഠിക്കാനും കാശിനും വേണ്ടിയാണ് സിനിമയിലേക്ക് വന്നതെന്നും അഭിനയത്തില്‍ ഒരു ചേഞ്ച് ഫീല്‍ ചെയ്ത് തുടങ്ങിയത് ഭാര്യ തന്റെ അഭിനയത്തിലെ പോരായ്മകളില്‍ പറഞ്ഞു തന്നപ്പോഴും ആയിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ സിനിമയിലേക്ക് വരുന്നതില്‍ രണ്ട് പ്രധാന കാരണങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്നാമത്തേത് അഭിനയം പഠിക്കുക, രണ്ട് കാശിന് വേണ്ടി. എനിക്ക് അഭിനയം സിനിമയില്‍ വന്നിട്ട് വേണം പഠിക്കാന്‍.
സിനിമയില്‍ എത്തുമ്പോള്‍ അഭിനയം അത്ര വശമില്ലായിരുന്നു. എന്റെ കൈയുടെ മുവ്‌മെന്റും ഡയലോഗ് ഡെലിവറിയും തമ്മില്‍ ഒരു സിങ്ക് ഇല്ലെന്ന് എന്റെ ഭാര്യ എന്നോട് പറയുമായിരുന്നു. ഇങ്ങനെ ചെയ്താല്‍ കുറച്ചു കൂടി നന്നാകും എന്നൊക്കെ പറയും. അക്ഷരാര്‍ത്ഥത്തില്‍ അവളായിരുന്നു എന്റെ ആദ്യഗുരു. അഭിനയം പഠിപ്പിച്ചതൊക്കെ അവളാണെന്ന് വേണമെങ്കില്‍ പറയാം.
പിന്നെ പിന്നെ ചില സിനിമകളൊക്കെ ചെയ്യുമ്പോള്‍, പ്രത്യേകിച്ച് മുല്ല പോലുള്ള സിനിമയൊക്കെ ചെയ്യുമ്പോള്‍ ഞാന്‍ എന്റെ കൈയെ കുറിച്ച് ശ്രദ്ധിക്കാതായി.
പിന്നെ പിന്നെ ഡയലോഗ് ഡെലിവറിയും കൈയ്യിന്റെ മൂവ്മെന്റും തമ്മിലുള്ള സിങ്ക് ശരിയായി വന്നു. അതെനിക്കൊരു പ്ലസ് ആയിട്ട് തോന്നി. അന്ന് അവള്‍ എനിക്കത് പറഞ്ഞു തന്നത് കൊണ്ടാണ് പിന്നീട് എനിക്കത് മാറ്റാന്‍ കഴിഞ്ഞത്,’ സൈജു കുറുപ്പ് പറയുന്നു.
Content Highlight: Saiju Kurup talks about improving his acting skill