ദുല്‍ഖറിനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് കുറുപ്പ്. ദുല്‍ഖറിന് പുറമെ ശോഭിത ധുതിപാല, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രജിത്, സൈജു കുറുപ്പ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
താന്‍ എങ്ങനെയാണ് ചിത്രത്തിലേക്കെത്തിയത് എന്ന കാര്യം പറയുകയാണ് സൈജു കുറുപ്പ്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൈജു ഇക്കാര്യം പറയുന്നത്.
താന്‍ ചാന്‍സ് ചോദിച്ചാണ് കുറുപ്പിന്റെ ഭാഗമായതെന്നാണ് താരം പറയുന്നത്.
‘ഞാന്‍ ചാന്‍സ് ചോദിച്ചാണ് സിനിമയുടെ ടീമിലെത്തിയത്. ഇവര്‍ പടം അനൗണ്‍സ് ചെയ്തു, എന്റെ ടൈറ്റില്‍ എടുത്തു, എന്നിട്ടും എന്നെ സിനിമയിലേക്ക് വിളിച്ചില്ല. ഞാനങ്ങനെ ദുല്‍ഖറിനെയും ശ്രീനാഥിനേയും സണ്ണി വെയ്‌നെയും വിനി വിശ്വലാലിനേയും മാറി മാറി വിളിച്ചു. ഇവരുടെ ഓരോ ഷെഡ്യൂളിലും ഞാന്‍ മാറി മാറി ഫോളോഅപ് ചെയ്തു.
അങ്ങനെ മംഗലാപുരത്തെ ഷെഡ്യൂള്‍ നടക്കുമ്പോഴും ഞാന്‍ വിളിച്ചു. ഞാന്‍ എങ്ങനെയെങ്കിലും കള്ളവണ്ടി പിടിച്ചെങ്കിലും വരാം, കുറുപ്പില്‍ ഒരു വേഷം തരണം. ദുല്‍ഖറിന്റെ കൂടെ ഒരു പാസിംഗ് ഷോട്ട് എങ്കിലും മതി,’ സൈജു കുറുപ്പ് പറയുന്നു.
വെറുമൊരു പാസിംഗ് ഷോട്ടിന് വേണ്ടി ഒരു ടാലന്റ് വേസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ശ്രീനാഥ് പറഞ്ഞെതെന്നും, അക്കാര്യം തനിക്ക് വല്ലാതെ സുഖിച്ചെന്നും സൈജു പറയുന്നു. എന്നാല്‍ തനിക്ക് എങ്ങനെയെങ്കിലും സിനിമയുടെ ഭാഗമാകണം എന്നായിരുന്നു ആഗ്രഹമെന്നും സൈജു പറയുന്നു.
ഒടുവില്‍ അവസാനം ഇവര്‍ തന്നെ സിനിമയില്‍ കാസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് തമാശരൂപത്തില്‍ സൈജു പറയുന്നത്. കുറുപ്പ് എന്ന പേര് ഉപയോഗിക്കണമെങ്കില്‍ തന്നെയും സിനിമയില്‍ അഭിനയിപ്പിക്കണമെന്ന് ദുല്‍ഖറിനോട് പറഞ്ഞതായും താരം പറയുന്നു.
ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് കുറുപ്പ്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ്.
നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.