മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആട്: ഒരു ഭീകരജീവിയാണ്. ജയസൂര്യ, ഭഗത് മാനുവല്‍, സൈജു കുറുപ്പ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിജയ് ബാബു തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് വിജയ് ബാബു, സാന്ദ്രാ തോമസ് എന്നിവരാണ്.
മലയാള സിനിമയില്‍ അതുവരെ കണ്ടുശീലിച്ചിട്ടില്ലാത്ത ശൈലിയില്‍ പുറത്തിറങ്ങിയ ഈ കോമഡി ചിത്രത്തിന് തിയേറ്ററുകളില്‍ അര്‍ഹിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ ചിത്രം പിന്നീട് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
2017ല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആട് 2 ഇറങ്ങിയപ്പോള്‍ ചിത്രം തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റ് അടിച്ചു. ഒരു പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കുന്നതും ആ ചിത്രം സൂപ്പര്‍ ഹിറ്റ് ആകുന്നതും മലയാള സിനിമയില്‍ ആദ്യമായിട്ടായിരുന്നു.
ആടില്‍ സൈജു കുറുപ്പ് ചെയ്ത അറക്കല്‍ അബു എന്ന കഥാപാത്രത്തിന് ഒരുപാട് ആരാധകരുണ്ട്. ആടിന്റെ രണ്ടാം ഭാഗം ചെയ്തപ്പോള്‍ അബുവിനെ ഒന്നാം ഭാഗത്തുള്ളതിനേക്കാള്‍ മെച്ചപ്പെടുത്തിയിട്ടാണ് ചെയ്തതെന്ന് സൈജു കുറുപ്പ് പറയുന്നു. പല ആളുകളുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് കഥാപാത്രത്തെ ചെയ്തതെന്നും ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.
‘എഴുതിയ അബുവിനെക്കാളും കൂടുതല്‍ മെച്ചപ്പെടുത്തി ചെയ്തതാണ് രണ്ടാം ഭാഗത്തിലെ അബുവിനെ. ഞാന്‍ സ്വയമായി കൈയില്‍ നിന്നിട്ടതല്ല. പലരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേട്ട് ചെയ്തതാണ്. ഡയറക്ടര്‍ മിഥുന്റെ അടക്കം അഭിപ്രായങ്ങള്‍ അതിലുണ്ടാകും.
രാവിലെ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ഏറ്റവുമാദ്യം ആരെ കാണുന്നു എന്ന് നോക്കും, മിഥുനായിരിക്കും എപ്പോഴും ഉണ്ടാകുക. തലേന്നെ അന്ന് ഷൂട്ട് ചെയ്യുന്നതിന്റെ സ്‌ക്രിപ്‌റ്റൊക്കെ ഞാന്‍ വാങ്ങിച്ചിട്ടുണ്ടാകും. അബൂന്റെ സീനില്‍ എന്തെങ്കിലും അധികം ആയി ചേര്‍ക്കാന്‍ പറ്റുമോ എന്നൊക്കെ നോക്കും.
ചില സീനിലെല്ലാം മിഥുനോട് ഞാന്‍ പറയും നമുക്ക് എവിടെ എന്തെങ്കിലും അബു പറയുന്നതായിട്ട് ചേര്‍ത്താല്‍ നന്നായിരിക്കും എന്ന്, അവനത് കേട്ടിട്ട് നമുക്ക് നോക്കാം ചേട്ടാ എന്ന് പറയും. പിന്നെ ജയസൂര്യ വരാന്‍ വേണ്ടി കാത്തിരിക്കും.
പുള്ളി വന്നു കഴിഞ്ഞാല്‍ ഞാന്‍ കാരവാനില്‍ കേറീട്ട് ജയാ എനിക്കിവിടെ എന്തെങ്കിലും ആഡ് ചെയ്താല്‍ കൊള്ളാമെന്ന് പറയും. അപ്പോള്‍ ജയസൂര്യ ഒരു അഞ്ച് ഓപ്ഷന്‍ തരും. അതിലെനിക്കും മിഥുനും ഓക്കേ ആയിട്ടുള്ളത് സീനില്‍ ചെയ്യും. അങ്ങനെ പലരുടെയും നിര്‍ദ്ദേശങ്ങളെല്ലാം കണക്കിലെടുത്താണ് ആടിലെ അബുവിനെ ചെയ്തത്,’ സൈജു കുറുപ്പ് പറയുന്നു.
Content Highlight: Saiju Kurup talks about his character Arakkal Abu in Aadu movie