Entertainment
ഓസ്‌ലര്‍ ഞാന്‍ ചാന്‍സ് ചോദിച്ച് വാങ്ങിയ സിനിമ; അയാളെ വിളിച്ച് എന്റെ അവസ്ഥ പറയുകയായിരുന്നു: സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 14, 04:55 pm
Wednesday, 14th August 2024, 10:25 pm

ജയറാമിന്റെ കരിയറിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമാണ് അബ്രഹാം ഓസ്‌ലര്‍. 2024ല്‍ പുറത്തിറങ്ങിയ ഈ ക്രൈം ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തത് മിഥുന്‍ മാനുവല്‍ തോമസായിരുന്നു. ജയറാമിന് പുറമെ മമ്മൂട്ടി, അനശ്വര രാജന്‍, അനൂപ് മേനോന്‍, അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, ആര്യ സലിം, സെന്തില്‍ കൃഷ്ണ, ജഗദീഷ്, ദിലീഷ് പോത്തന്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

ജയറാം എ.സി.പി. അബ്രഹാം ഓസ്‌ലറായി എത്തിയ സിനിമയില്‍ കൃഷ്ണദാസ് എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് അവതരിപ്പിച്ചത്. ഇപ്പോള്‍ ഈ സിനിമയിലേക്ക് താന്‍ ചാന്‍സ് ചോദിക്കുകയായിരുന്നു എന്ന് പറയുകയാണ് സൈജു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആര്‍ട്ടിസ്റ്റ് വാല്യു കൂടിയാലും ചാന്‍സ് ചോദിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഞാന്‍ ഇപ്പോഴും ചാന്‍സ് ചോദിക്കാറുണ്ട്. പിന്നെ ഓസ്‌ലര്‍ സിനിമ എനിക്ക് എങ്ങനെയാണ് കിട്ടിയത്. മിഥുനിന് എന്നെ ഓര്‍മയില്ലാത്തത് കൊണ്ടല്ല. മിഥുന്‍ ചിലപ്പോള്‍ എന്നെ കാസ്റ്റ് ചെയ്‌തേനെ. പക്ഷെ ഞാന്‍ അവനെ വിളിച്ച് എന്റെ അവസ്ഥ പറയുകയായിരുന്നു.

എനിക്ക് ഇപ്പോള്‍ വരുന്നത് മുഴുവന്‍ ലീഡ് റോള്‍സിന്റെ ഓഫറുകളാണ്. കഥ പറയുന്നവരൊക്കെ ലീഡ് റോളുകള്‍ക്ക് വേണ്ടിയാണ് എന്നെ കാണാന്‍ വരുന്നത്. പക്ഷെ എനിക്ക് സപ്പോര്‍ട്ടിങ് റോളുകളായിരുന്നു വേണ്ടത്. എന്റെ ഏരിയ സപ്പോര്‍ട്ടിങ് റോളുകള്‍ ഹാന്‍ഡില്‍ ചെയ്യുന്നതാണ്. അത് എനിക്ക് വിടാന്‍ പറ്റില്ലായിരുന്നു.

അടുത്ത പടത്തില്‍ എനിക്ക് എന്തെങ്കിലും വേഷം വേണമെന്ന് ഞാന്‍ മിഥുനിനോട് പറഞ്ഞു. അവനോട് അത് പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടല്ലോ. മിഥുന്‍ ആലോചിക്കട്ടെ എന്ന് മാത്രമേ പറഞ്ഞുള്ളു. അടുത്ത ദിവസം തന്നെ അവന്‍ എന്നെ വിളിച്ചു. അവനുള്ള ഹോട്ടലിലേക്ക് വന്നാല്‍ ക്യാരക്ടറിനെ കുറിച്ച് പറഞ്ഞു തരാമെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ആ സിനിമയില്‍ എത്തിയത്,’ സൈജു കുറുപ്പ് പറഞ്ഞു.


Content Highlight: Saiju Kurup Talks About Abraham Ozler