| Sunday, 10th December 2023, 11:22 am

പടം വര്‍ക്ക് ആയില്ലായെന്ന് അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല, ആളുകള്‍ പടം ആസ്വദിക്കുന്നത് ഞാന്‍ കണ്ടതാണ് പക്ഷെ..

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഫാന്‍ ഫോളോവിങ് ഉള്ള സിനിമയാണ് മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ ആട്. ആദ്യമായി തിയേറ്ററില്‍ എത്തിയപ്പോള്‍ ചിത്രം വലിയ പരാജയം ആവുകയും പിന്നീട് വലിയ രീതിയില്‍ പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുക്കുകയും തുടര്‍ന്നുവന്ന ആട് 2 ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ് ആവുകയും ചെയ്തിരുന്നു.

ആടിന്റെ ഒന്നാം ഭാഗം ഇറങ്ങിയപ്പോള്‍ അതൊരു വലിയ വിജയമാകും എന്ന് താന്‍ കരുതിയിരുന്നു എന്നാണ് ചിത്രത്തില്‍ അറക്കല്‍ അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ സൈജു കുറുപ്പ് പറയുന്നത്. ചിത്രം ഇറങ്ങി വിജയമാണെന്ന് കരുതിയിരുന്ന തന്നെ മിഥുന്‍ മാനുവല്‍ വിളിച്ച് പടം പ്രേക്ഷകര്‍ക്ക് വര്‍ക്കായില്ല എന്നു പറഞ്ഞപ്പോള്‍ തനിക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്നാണ് സൈജു പറയുന്നത്.

എന്നാല്‍ പിന്നീട് സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തെന്നും അല്ലായിരുന്നെങ്കില്‍ ചിത്രത്തിന്റെ കഥയും നല്ല കഥാപാത്രങ്ങളും എല്ലാം വേസ്റ്റ് ആയി പോയേനേയെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സൈജു പറഞ്ഞു.

‘2014 ല്‍ ആണ് ആട് വരുന്നത്. അതിറങ്ങിയപ്പോള്‍ ആ ചിത്രം എനിക്ക് വലിയൊരു മൈല്‍സ്റ്റോണ്‍ ആയിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. അങ്ങനെ ഞാന്‍ അന്ന് മിഥുനിനെ വിളിച്ചു. ഞാന്‍ ഹലോ എന്ന് പറഞ്ഞപ്പോഴേക്കും മിഥുന്‍ എന്നോട് പറഞ്ഞത്, ചേട്ടാ നമ്മള്‍ വിചാരിച്ച പോലെ ആളുകള്‍ക്ക് പടം വര്‍ക്ക് ആയില്ല എന്നായിരുന്നു. അതുകേട്ട് ഞാന്‍ അത്ഭുതത്തോടെ അവനോട് ചോദിച്ചു, അതെന്താ അങ്ങനെ പറയുന്നതെന്ന്.

പടത്തിന് വലിയൊരു റെസ്‌പോണ്‍സ് ഇല്ലായെന്ന് മിഥുന്‍ പറഞ്ഞു. ഞാന്‍ തിയേറ്ററില്‍ ഉണ്ടായിരുന്നല്ലോ, ആളുകള്‍ ഒരുപാട് ചിരിക്കുന്നതൊക്കെ ഞാന്‍ കണ്ടതാണാല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോഴും മിഥുന്‍, പടം വര്‍ക്ക് ആയില്ല എന്നായിരുന്നു പറഞ്ഞത്.

പക്ഷെ ഞാന്‍ മിഥുനെ വിശ്വസിച്ചില്ല. വൈകുന്നേരം ഞാനും മിഥുനും വിനയ് ബാബുവും കൂടെ ഒന്നിച്ചു കണ്ടു. അവരെല്ലാവരും പടം വിചാരിച്ചപോലെ വര്‍ക്കാവാത്തതിന്റെ വിഷമത്തില്‍ ആയിരുന്നു. ഞാന്‍ മാത്രമാണ് ആട് നല്ല രീതിയില്‍ വര്‍ക്ക് ആയിട്ടുണ്ടെന്ന് വിചാരിച്ച് വെച്ചിട്ടുണ്ടായിരുന്നത്. പിന്നെ എനിക്ക് സത്യം മനസിലായി. ഓരോ ദിവസത്തെയും കളക്ഷന്‍ പിറ്റേന്ന് നമുക്ക് മനസ്സിലാവുമല്ലോ.

അങ്ങനെ കളക്ഷന്‍ കുറഞ്ഞു കുറഞ്ഞു വന്നു. ഒടുവില്‍ എന്നോട് വിനയ് ബാബു പറഞ്ഞു, സൈജു ഇനി ഇതിന്റെ കളക്ഷന്റെ കാര്യം ഞാന്‍ പറയുന്നില്ല, അത് കേട്ട് സൈജുവും കൂടെ വിഷമിക്കേണ്ടല്ലോ എന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക് മനസിലായി പടത്തിന്റെ അവസ്ഥ.

പക്ഷെ ആ ചിത്രം പിന്നെ ആളുകള്‍ക്ക് വലിയ രീതിയില്‍ കണക്റ്റായി. അതൊരു ദൈവാനുഗ്രഹമാണ്. അല്ലെങ്കില്‍ അത്ര നല്ല കഥാപാത്രങ്ങളും കഥയുമുള്ള ഒരു സിനിമ വേസ്റ്റ് ആയി പോയെനെ,’സൈജു കുറുപ്പ് പറയുന്നു.

content highlights: Saiju kurup talks  about Aadu movie

We use cookies to give you the best possible experience. Learn more