സിനിമ കണ്ടുതുടങ്ങിയ കാലം തൊട്ട് ആരാധന തോന്നിയ നടി, ഒരുമിച്ച് അഭിനയിച്ചപ്പോള്‍ വല്ലാതെ ടെന്‍ഷനടിച്ചു: സൈജു കുറുപ്പ്
Entertainment
സിനിമ കണ്ടുതുടങ്ങിയ കാലം തൊട്ട് ആരാധന തോന്നിയ നടി, ഒരുമിച്ച് അഭിനയിച്ചപ്പോള്‍ വല്ലാതെ ടെന്‍ഷനടിച്ചു: സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th October 2024, 3:25 pm

ഹരിഹരന്‍ സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ മയൂഖത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച നടനാണ് സൈജു കുറുപ്പ്. ആദ്യ ചിത്രത്തില്‍ തന്നെ നായകനായി അരങ്ങേറിയ സൈജു പിന്നീട് വില്ലനായും സഹനടനായും സിനിമയില്‍ സജീവമായി. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടിലെ അറക്കല്‍ അബു എന്ന കഥാപാത്രത്തിലൂടെ കോമഡിയും തനിക്ക് വഴങ്ങുമെന്ന് സൈജു തെളിയിച്ചു. കരിയറില്‍ 100ലധികം സിനിമകള്‍ ഇതിനോടകം സൈജു ചെയ്തിട്ടുണ്ട്.

സോണി ലിവില്‍ റിലീസ് ചെയ്ത ജയ് മഹേന്ദ്രന്‍ എന്ന വെബ് സീരീസാണ് സൈജുവിന്റെ പുതിയ പ്രൊജക്ട്. ടൈറ്റില്‍ റോളില്‍ എത്തിയിരിക്കുന്നത് സൈജു തന്നെയാണ്. തമിഴ് താരം സുഹാസിനിയും ജയ് മഹേന്ദ്രനില്‍ പ്രധാനവേഷത്തിലുണ്ട്. സുഹാസിനിയുമായുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സൈജു കുറുപ്പ്. 80കളുടെ തുടക്കത്തിലാണ് താന്‍ സിനിമകള്‍ കാണാന്‍ തുടങ്ങിയതെന്നും അന്ന് ഏറ്റവുമധികം ആരാധന തോന്നിയത് സുഹാസിനിയോടായിരുന്നെന്നും സൈജു പറഞ്ഞു.

ജയ് മഹേന്ദ്രനില്‍ സുഹാസിനിയോടൊപ്പം ഒരുപാട് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നെന്നും ആദ്യം അവരോടൊപ്പം അഭിനയിച്ച സമയത്ത് വല്ലാതെ ടെന്‍ഷനടിച്ചെന്നും സൈജു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സുഹാസിനി തന്നെയും കൂടെയുള്ള മറ്റ് ആര്‍ട്ടിസ്റ്റുകളെയും ഓക്കെയാക്കിയെന്നും വല്ലാത്ത എക്‌സ്പീരിയന്‍സായിരുന്നു അതെന്നും സൈജു പറഞ്ഞു. തനിക്ക് ടെന്‍ഷനുണ്ടായിരുന്നെന്ന കാര്യം സുഹാസിനിയോട് പറഞ്ഞിരുന്നില്ലെന്നും സൈജു കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്.

‘സുഹാസിന് മാമിനെപ്പോലൊരു നടിയോടൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞത് വലിയൊരു അവസരമായിരുന്നു. 80കളുടെ തുടക്കത്തിലാണ് ഞാന്‍ സിനിമകള്‍ കണ്ടുതുടങ്ങിയത്. അന്ന് എനിക്ക് ഏറ്റവും ആരാധന തോന്നിയ നടിയായിരുന്നു സുഹാസിനി മാം. ജയ് മഹേന്ദ്രനില്‍ അവരോടൊപ്പം അഭിനയിക്കുന്ന സമയത്ത് ആദ്യമൊക്കെ നല്ല ടെന്‍ഷനായിരുന്നു. പിന്നീട് മാം തന്നെ എന്നെയും ബാക്കി ആര്‍ടിസ്റ്റുകളെയും ഓക്കെയാക്കി.

എനിക്ക് ടെന്‍ഷനുണ്ടെന്നുള്ള കാര്യം സുഹാസിനി മാമിനോട് പറഞ്ഞിട്ടില്ല. നമ്മളെപ്പറ്റി എന്ത് വിചാരിക്കുമെന്നുള്ള ചിന്തയിലാണ് അത് പറയാതിരുന്നത്. നമ്മളെ കംഫര്‍ട്ടാകണമെന്ന ചിന്തയിലല്ല അങ്ങനെ ചെയ്തത്. അവരുടെ ക്യാരക്ടര്‍ അങ്ങനെയാണ്. വളരെ രസകരമായിട്ടുള്ള അനുഭവമായിരുന്നു സുഹാസിനി മാമുമായിട്ടുള്ള ഷൂട്ട്,’ സൈജു കുറുപ്പ് പറഞ്ഞു.

Content Highlight: Saiju Kurup shares the shooting experience with Suhasini in Jai Mahendran