| Monday, 23rd December 2024, 12:03 pm

എന്റെ കോമഡി സീനുകള്‍ക്ക് അന്ന് ആ നടന്‍ മാത്രമേ ചിരിച്ചുള്ളൂ, എനിക്ക് വല്ലാത്ത ടെന്‍ഷനായി: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ ഹരിഹരന്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ നടനാണ് സൈജു കുറുപ്പ്. ആദ്യ ചിത്രമായ മയൂഖത്തില്‍ തന്നെ നായകനായി അരങ്ങേറിയ സൈജു പിന്നീട് വില്ലനായും സഹനടനായും സിനിമയില്‍ സജീവമായി. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടിലെ അറക്കല്‍ അബു എന്ന കഥാപാത്രത്തിലൂടെ കോമഡിയും തനിക്ക് വഴങ്ങുമെന്ന് സൈജു തെളിയിച്ചു.

കരിയറില്‍ ഇതിനോടകം 100ലധികം സിനിമകള്‍ സൈജു ചെയ്തിട്ടുണ്ട്.സൈജു കുറുപ്പിന്റെ കരിയറിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് ട്രിവാന്‍ഡ്രം ലോഡ്ജിലെ ഷിബു വെള്ളയാണി. കോമഡി ടച്ചുള്ള ഷിബു എന്ന കഥാപാത്രം തനിക്ക് കിട്ടിയ ആദ്യ കോമഡി വേഷമാണെന്ന് സൈജു പറഞ്ഞു.

ട്രിവാന്‍ഡ്രം ലോഡ്ജിലൂടെ കരിയര്‍ മാറിയ ആര്‍ട്ടിസ്റ്റുകളാണ് താനും ഹണി റോസും തെസ്‌നി ഖാനുമെന്നും സൈജു കൂട്ടിച്ചേര്‍ത്തു. ബ്യൂട്ടിഫുള്‍ എന്ന ഹിറ്റ് ചിത്രത്തിന് അതേ ടീം ഒന്നിച്ച ചിത്രം തന്റെ കരിയറില്‍ വലിയ മാറ്റമുണ്ടാക്കിയെന്നും സൈജു കുറുപ്പ് പറഞ്ഞു. ചിത്രത്തിന്റെ പ്രിവ്യൂ ഷോയുടെ അനുഭവം തനിക്ക് ഇന്നും ഓര്‍മയുണ്ടെന്നും താന്‍ ആ സമയത്ത് നല്ല ടെന്‍ഷനിലായിരുന്നെന്നും സൈജു കൂട്ടിച്ചേര്‍ത്തു.

തന്റെ കോമഡി സീനുകള്‍ക്ക് അനൂപ് മേനോന്‍ മാത്രമേ ചിരിച്ചുള്ളൂവെന്നും അത് തനിക്ക് കൂടുതല്‍ ടെന്‍ഷന്‍ തന്നെന്നും സൈജു പറഞ്ഞു. ആ കാര്യത്തില്‍ തനിക്ക് ഇന്നും അനൂപ് മേനോനോട് സ്‌നേഹമുണ്ടെന്നും സൈജു കുറുപ്പ് കൂട്ടിച്ചേര്‍ത്തു. താന്‍ തിയേറ്ററിന് പുറത്ത് നിന്നപ്പോള്‍ സംവിധായകന്‍ വി.കെ. പ്രകാശ് അടുത്ത് വന്ന് ആശ്വസിപ്പിച്ചെന്നും എന്നാല്‍ തന്റെ ടെന്‍ഷന്‍ മാറിയില്ലെന്നും സൈജു പറഞ്ഞു.

മറ്റുള്ളവരുടെ കോമഡികള്‍ക്ക് നല്ല കൈയടിയും ചിരിയുമായിരുന്നെന്നും ഇക്കാര്യം താന്‍ വി.കെ. പ്രകാശിനോട് പറഞ്ഞിരുന്നെന്നും സൈജു കൂട്ടിച്ചേര്‍ത്തു. വണ്ടര്‍വാള്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്.

‘ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമ കൊണ്ട് ഗുണമുണ്ടായ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് ഞാന്‍. എനിക്ക് പുറമെ ഹണി റോസ്, ബാലേട്ടന്‍, (പി. ബാലചന്ദ്രന്‍) തെസ്‌നി ഖാന്‍ എന്നിവര്‍ക്കും ആ സിനിമ കൊണ്ട് നേട്ടമുണ്ടായി. ഒട്ടും ടൈമിങ്ങില്ലാത്ത നടനെന്ന് പലരും പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ആ സിനിമ എനിക്ക് കിട്ടിയത്. ആ ക്യാരക്ടര്‍ വലിയ ചര്‍ച്ചയായി.

ആ പടത്തിന്റെ പ്രിവ്യൂ ഷോയുടെ സമയത്തെ അവസ്ഥ ഇപ്പോഴും ഓര്‍മയുണ്ട്. പടത്തിലെ എല്ലാവരും അന്ന് ഉണ്ടായിരുന്നു. എന്റെ സീനുകള്‍ക്ക് ആകെ അനൂപ് മേനോന്‍ മാത്രമേ ചിരിക്കുന്നുണ്ടായിരുന്നുള്ളൂ. ബാക്കിയാരും ചിരിച്ചില്ല. എനിക്ക് ടെന്‍ഷനായി. ഞാന്‍ തിയേറ്ററിന് പുറത്തേക്കിറങ്ങി. ആ സമയത്ത് പ്രകാശ് സാര്‍ എന്റെയടുത്ത് വന്ന് എന്താ കാര്യമെന്ന് ചോദിച്ചു.

എന്റെ സീനിന് ആരും റെസ്‌പോണ്‍സ് ചെയ്യുന്നില്ല, പണി പാളിയോ എന്ന് സംശയമുണ്ടെന്ന് ഞാന്‍ പറഞ്ഞു. ‘ഒരുപാട് തവണ നമ്മളെല്ലാം ഇതൊക്കെ കണ്ടതല്ലേ, അതുകൊണ്ടായിരിക്കും ആരും ചിരിക്കാത്തത്’ എന്ന് പുള്ളി പറഞ്ഞു. പക്ഷേ ബാക്കി ആളുകളുടെ കോമഡിക്കെല്ലാം കൈയടിയുണ്ടായിരുന്നു. ഒടുവില്‍ പടമിറങ്ങിയപ്പോള്‍ എന്റെ ക്യാരക്ടര്‍ ക്ലിക്കായെന്ന് മനസിലായി,’ സൈജു കുറുപ്പ് പറഞ്ഞു.

Content Highlight: Saiju Kurup shares the experience of Trivandrum Lodge movie

We use cookies to give you the best possible experience. Learn more