| Sunday, 10th March 2024, 2:33 pm

തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ വിനീതിന്റെ വേഷത്തില്‍ ഗിരീഷ് ആദ്യം എന്നെയായിരുന്നു പരിഗണിച്ചത്: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2019ല്‍ റിലീസായ ചിത്രമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. പ്ലസ് ടു കാലഘട്ടത്തിലെ സൗഹൃദവും പ്രണയവും ചിത്രീകരിച്ച സിനിമ വന്‍ വിജയമായിരുന്നു. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച രവി പദ്മനാഭന്‍ എന്ന കഥാപാത്രത്തിന് ഗംഭീര കൈയടിയായിരുന്നു ലഭിച്ചത്. ആ കഥാപാത്രത്തിലേക്ക് ഗിരീഷ് ആദ്യം പരിഗണിച്ചത് തന്നെയായിരുന്നു എന്ന് നടന്‍ സൈജു കുറുപ്പ് വെളിപ്പെടുത്തി. ഫെഫ്കയുടെ ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ സമ്മാനദാന ചടങ്ങിലാണ് സൈജു ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഞാന്‍ ആട് 2വിന്റെ ഷൂട്ട് കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരാള്‍ എന്നെ വന്ന് പരിചയപ്പെട്ടു. സിനിമകളെപ്പറ്റി കുറേ സംസാരിച്ച ശേഷം അയാളുടെ സുഹൃത്ത് ചെയ്ത ഷോര്‍ട്ട് ഫിലിം ഒരെണ്ണം ഉണ്ട്, ഒന്ന് കണ്ടുനോക്കിയിട്ട് അഭിപ്രായം പറയാന്‍ പറഞ്ഞ് എനിക്ക് അതിന്റെ ലിങ്ക് അയച്ചുതന്നു. ഞാന്‍ അതു കണ്ടു. എനിക്ക് അത് ഇഷ്ടപ്പെട്ടു. ഞാന്‍ അയാളെ വിളിച്ച് അതിന്റെ റൈറ്ററുടെയും സംവിധായകന്റെയും നമ്പര്‍ വാങ്ങി. ആദ്യം സംവിധായകനെ വിളിച്ച് ഷോര്‍ട്ട് ഫിലിം കണ്ടു ഇഷ്ടമായി എന്ന് പറഞ്ഞു. ചുരുങ്ങിയ വാക്കില്‍ അയാള്‍ മറുപടി പറഞ്ഞ് ഫോണ്‍ വെച്ചു. പിന്നീട് റൈറ്ററെ വിളിച്ച് സംസാരിച്ചു.

അയാള്‍ നന്നായി എന്നോട് സംസാരിച്ചു. പിന്നീട് ഞങ്ങള്‍ ഇടയ്ക്കിടക്ക് സംസാരിക്കാറുണ്ടായിരുന്നു. ഒരുദിവസം എന്നോട് അയാള്‍ ഒരു കഥ പറഞ്ഞു. പ്ലസ്ടുവിന് പഠിക്കുന്ന കുട്ടികളുടെ കഥയായിരുന്നു അത്. മെയിന്‍ ക്യാരക്ടറായിട്ട് ഒരു പയ്യന്‍ അതേ ഇമ്പോര്‍ട്ടന്‍സില്‍ ഒരു മാഷ്. ആ മാഷിന്റെ റോള്‍ എനിക്ക് തരാമെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, ഒരു പുതുമുഖമായ പയ്യനെയും സൈജു കുറുപ്പിനെയും പോസ്റ്ററില്‍ കണ്ടാല്‍ ആളുകള്‍ കേറുമോ എന്ന് ചിന്തിക്ക്. വേറെ ആരും കഥ കേട്ട് ഓക്കെ പറഞ്ഞില്ലെങ്കില്‍ ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു.

എനിക്ക് ഡേറ്റ് ഉണ്ടായിരുന്നിട്ടും ആ സിനിമ ചെയ്യാത്തത് നന്നായെന്ന് പടം കണ്ടപ്പോള്‍ എനിക്ക് മനസിലായി. ആ സംവിധായകനാണ് ഗിരീഷ് എ.ഡി. എന്നോട് കഥ പറഞ്ഞത് ആ സിനിമയുടെ റൈറ്റര്‍ ഡിനോയ് പൗലോസ്. ആ സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. വിനീത് ശ്രീനിവാസന്‍ ഗംഭീരമായാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്,’ സൈജു പറഞ്ഞു.

Content Highlight: Saiju Kurup says that Gireesh AD approached him for Thanneermathan Dinangal

Latest Stories

We use cookies to give you the best possible experience. Learn more