|

മലയാളത്തിലെ ഏറ്റവും പെര്‍ഫെക്ട് സിനിമയെന്ന് ഞാന്‍ വിശ്വസിക്കുന്നത് ആ മോഹന്‍ലാല്‍ ചിത്രമാണ്: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹരിഹരന്‍ സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ മയൂഖത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച നടനാണ് സൈജു കുറുപ്പ്. ആദ്യ ചിത്രത്തില്‍ തന്നെ നായകനായി അരങ്ങേറിയ സൈജു പിന്നീട് വില്ലനായും സഹനടനായും സിനിമയില്‍ സജീവമായി. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടിലെ അറക്കല്‍ അബു എന്ന കഥാപാത്രത്തിലൂടെ കോമഡിയും തനിക്ക് വഴങ്ങുമെന്ന് സൈജു തെളിയിച്ചു. കരിയറില്‍ 100ലധികം സിനിമകള്‍ ഇതിനോടകം സൈജു ചെയ്തിട്ടുണ്ട്.

സൈജു കുറുപ്പ് ആദ്യമായി നിര്‍മാതാവിന്റെ കുപ്പായണിയുന്ന സിനിമയാണ് ഭരതനാട്യം. കുട്ടിക്കാലം മുതല്‍ക്കേ സിനിമകള്‍ തനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്നും അഭിനയമല്ലാതെ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് നിര്‍മാണമായിരിക്കുമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നുവെന്നും സൈജു കുറുപ്പ് പറഞ്ഞു. മറ്റ് മേഖലകളില്‍ കൂടുതല്‍ ക്രിയേറ്റീവായി ചെയ്യാനുള്ളതുകൊണ്ടാണ് അതിലേക്ക് പോകാത്തതെന്നും സൈജു കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും പെര്‍ഫെക്ടെന്ന് താന്‍ വിശ്വസിക്കുന്ന സിനിമ ചിത്രമാണെന്ന് പറയുകയാണ് സൈജു കുറുപ്പ്. ഇന്ന് കാണുമ്പോള്‍ പോലും എല്ലാതരം പ്രേക്ഷകര്‍ക്ക് കണക്ടാകുന്ന കഥയാണ് ചിത്രത്തിന്റേതെന്നും സൈജു പറഞ്ഞു. അതുപോലെ ഒരു സിനിമ നിര്‍മിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സൈജു കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുട്ടിക്കാലം മുതല്‍ക്കേ സിനിമ എനിക്ക് വലിയ ഇഷ്ടമാണ്. ജനിച്ചതും വളര്‍ന്നതും നാഗ്പൂരിലായതുകൊണ്ട് മലയാളസിനിമകള്‍ അധികം തിയേറ്ററില്‍ നിന്ന് കാണാന്‍ സാധിച്ചിട്ടില്ല. കാസറ്റെടുത്തിട്ടാണ് പല സിനിമകളും കണ്ടിട്ടുള്ളത്. നാട്ടില്‍ വെക്കേഷനെത്തുമ്പോഴാണ് തിയേറ്ററില്‍ നിന്ന് സിനിമ കണ്ടിട്ടുള്ളത്. അഭിനയം തുടങ്ങിയ സമയത്ത് തന്നെ എന്നെങ്കിലും ഒരിക്കല്‍ ഒരു സിനിമ നിര്‍മിക്കണമെന്ന് മനസിലുണ്ടായിരുന്നു.

ഏതെങ്കിലും ഒരു കഥ നിര്‍മിക്കാമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഞാന്‍ എന്നും മാതൃകയാക്കുന്ന സിനിമയാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ ചിത്രം. എല്ലാകാലത്തും മികച്ചതായി നില്‍ക്കുന്ന ഒരു സിനിമയായാണ് ഞാന്‍ ചിത്രത്തെ കാണുന്നത്. ഒരു കൊമേഴ്‌സ്യല്‍ സിനിമക്ക് വേണ്ട എല്ലാ ഘടകങ്ങളും അതിനുണ്ട്. ഒപ്പം ലാലേട്ടന്റെ ഈസിയായിട്ടുള്ള പെര്‍ഫോമന്‍സും ചിത്രത്തെ എക്കാലവും ക്ലാസിക്കായി നിര്‍ത്തുന്നു. അതുപോലെ ഒരു കഥ ഇപ്പോള്‍ എന്റെയടുത്ത് വന്നാല്‍ മറ്റൊന്നും നോക്കാതെ ഞാന്‍ നിര്‍മിക്കും,’ സൈജു കുറുപ്പ് പറഞ്ഞു.

Content Highlight: Saiju Kurup saying that he wish to produce a movie like Chithram