Entertainment
ആ സിനിമയില്‍ ജൂനിയര്‍ എന്‍.ടി.ആറിന് ശബ്ദം കൊടുക്കാമോ എന്ന് എന്നോട് ചോദിച്ചിരുന്നു: സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 01, 12:09 pm
Sunday, 1st September 2024, 5:39 pm

ഹരിഹരന്‍ സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ മയൂഖത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച നടനാണ് സൈജു കുറുപ്പ്. ആദ്യ ചിത്രത്തില്‍ തന്നെ നായകനായി അരങ്ങേറിയ സൈജു പിന്നീട് വില്ലനായും സഹനടനായും സിനിമയില്‍ സജീവമായി. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടിലെ അറക്കല്‍ അബു എന്ന കഥാപാത്രത്തിലൂടെ കോമഡിയും തനിക്ക് വഴങ്ങുമെന്ന് സൈജു തെളിയിച്ചു. കരിയറില്‍ 100ലധികം സിനിമകള്‍ ഇതിനോടകം സൈജു ചെയ്തിട്ടുണ്ട്.

ഭരതനാട്യത്തിലൂടെ കരിയറില്‍ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായം അണിയുകയാണ് സൈജു കുറുപ്പ്. അഭിനയവും നിര്‍മാണവുമല്ലാതെ മറ്റ് മേഖലകള്‍ എന്തുകൊണ്ട് പരീക്ഷിക്കുന്നില്ലെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സൈജു കുറുപ്പ്. ജനത ഗാരേജ് എന്ന തെലുങ്ക് ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റിയപ്പോള്‍ ജൂനിയര്‍ എന്‍.ടി.ആറിന് ശബ്ദം നല്‍കാമോ എന്ന് ചോദിച്ച് തന്നെ വിളിച്ചെന്ന് സൈജു പറഞ്ഞു.

തന്റെ ശബ്ദം ചേരുമോ എന്ന സംശയമുണ്ടായിരുന്നെന്നും അതുകൊണ്ട് വോയിസ് ടെസ്റ്റ് എടുത്തുനോക്കിയെന്നും സൈജു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എന്‍.ടി.ആറിന്റെ തെലുങ്ക് ഡയലോഗ് കേട്ടപ്പോള്‍ തന്നെ തന്റെ ശബ്ദം അയാള്‍ക്ക് ചേരില്ലെന്ന് ബോധ്യമായെന്നും സൈജു പറഞ്ഞു. ജനത ഗാരേജിലെ എന്‍.ടി.ആറിന്റെ കഥാപാത്രത്തിന്റെ പേഴ്‌സണാലിറ്റിക്ക് തന്റെ ശബ്ദം ചേരില്ലെന്ന് മനസിലായതുകൊണ്ട് പിന്മാറിയെന്നും സൈജു കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സൈജു ഇക്കാര്യം പറഞ്ഞത്.

‘ഡബ്ബിങ്ങിന് വേണ്ടി എന്നെ വിളിച്ചിരുന്നു. ജൂനിയര്‍ എന്‍.ടി.ആറും ലാലേട്ടനും അഭിനയിച്ച ജനത ഗാരേജില്‍ എന്‍.ടി.ആറിന്റെ ക്യാരക്ടറിന് ശബ്ദം കൊടുക്കാമോ എന്ന് ചോദിച്ചാണ് എന്നെ വിളിച്ചിരുന്നു. എനിക്ക് അത്ര പിടിയില്ലാത്ത ഏര്‍പ്പാടാണെന്ന് ആദ്യം പറഞ്ഞിരുന്നു. ലാല്‍ ജോസിന്റെ അസിസ്റ്റന്റായ സിബി എന്നയാളാണ് വിളിച്ചത്. ‘വോയിസ് ടെസ്റ്റ് എടുത്തു നോക്കാം, എന്നിട്ട് തീരുമാനിക്കാം’ എന്നാണ് പുള്ളി പറഞ്ഞത്.

ഡബ്ബിങ്ങിന് ഞാന്‍ അവിടെയത്തി, തെലുങ്കില്‍ എന്‍.ടി.ആറിന്റെ ഡയലോഗ് ചുമ്മാ ഒന്ന് കേട്ടുനോക്കി. എന്റെ വോയിസ് അദ്ദേഹത്തിന് ഒട്ടും ചേരില്ലെന്ന് അപ്പോഴേ മനസിലായി. അദ്ദേഹത്തിന്റെ ആ ക്യാരക്ടറിന്റെ പേഴ്‌സണാലിറ്റിക്ക് എന്റെ ശബ്ദം മാച്ചാകില്ലെന്ന് പറഞ്ഞു. പിന്നീട് അത്തരം പണിക്ക് ഞാന്‍ പോയിട്ടില്ല,’ സൈജു കുറുപ്പ് പറഞ്ഞു.

Content Highlight: Saiju Kurup saying that he was the fist option to dub for Jr NTR in Janatha Garage movie