ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മേപ്പടിയാന്‍ സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയാവുകയാണ്. സമ്മിശ്രപ്രതികരണമാണ് മേപ്പടിയാന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ജയകൃഷ്ണന്‍ ഉണ്ണി മുകുന്ദന്റെ കരിയര്‍ ബെസ്റ്റാണെന്ന് വിലയിരുത്തലിനൊപ്പം ചിത്രത്തിലെ സംഘപരിവാര്‍ നരേറ്റീവുകളും ചര്‍ച്ചയാവുന്നുണ്ട്.
അതേസമയം ചിത്രത്തിലെ സൈജു കുറുപ്പ് അവതരിപ്പിച്ച ഫിലിപ്പ് എന്ന വര്‍ക്കിച്ചന്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. സൈജു കുറുപ്പ് സാധാരണയായെത്തുന്ന കോമഡി കലര്‍ന്ന സീരിയസ് കഥാപാത്രങ്ങളോട് സാമ്യമുണ്ടെങ്കിലും ഈ കഥാപാത്രം കുറച്ച് വ്യത്യസ്തമായാണ് നില്‍ക്കുന്നത്.
ചിത്രത്തില്‍ ശ്രദ്ധിച്ചെഴുതപ്പെട്ടതും മികച്ച പെര്‍ഫോമന്‍സും നല്‍കിയതും സൈജു കുറുപ്പിന്റെ വര്‍ക്കിച്ചനായിരുന്നു. ഉത്തരവാദിത്തബോധമില്ലാത്ത, എന്നാല്‍ എപ്പോഴും വലിയ വലിയ സ്വപ്നങ്ങളും തീരുമാനങ്ങളും തള്ളിവിടുന്നയാളായുള്ള സൈജുവിന്റെ പ്രകടനം മികച്ചു നിന്നുവെന്ന് തന്നെ പറയാം.
ഒരു കാര്യവും വേണ്ട പോലെ ചെയ്യാതെ, ഓരോ ദിവസവും പുതിയ പദ്ധതികളുമായി ഇറങ്ങി, അതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയിലാക്കി സ്‌കൂട്ടാവുന്നവരുടെ ആള്‍രൂപമാണ് വര്‍ക്കിച്ചന്‍. പ്രേക്ഷകരില്‍ ഒരുതരം അമര്‍ഷം സൃഷ്ടിക്കാന്‍ ഈ കഥാപാത്രത്തിനാകുന്നുണ്ട്.
ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പില്‍ ഷൈന്‍ ടോം ചാക്കോയുടെ ഭാസി പിള്ള പോലെ മേപ്പടിയാനിലെ പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രമാണ് സൈജുവിന്റെ വര്‍ക്കിച്ചന്‍.
കഴിഞ്ഞ 14നാണ് മേപ്പടിയാന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ജു കുര്യന്‍ ആണ് മേപ്പടിയാനിലെ നായിക.
ജയകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായിട്ടാണ് ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്. സംവിധായകന്‍ വിഷ്ണു മോഹന്‍ തന്നെയാണ് ചത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, മേജര്‍ രവി, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വില്‍സണ്‍, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
രാഹുല്‍ സുബ്രമണ്യന്‍ ആണ് സംഗീത സംവിധാനം. നീല്‍ ഡിക്കുഞ്ഞയാണ് ചിത്രത്തിന്റെ ചായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം സാബു മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ വിപിന്‍ കുമാര്‍ എന്നിവരാണ്.