സൈജു കുറുപ്പിന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണ് ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണക്കമ്പനിയായ വേഫറെര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. താന്‍ നായകനായ ചിത്രം ദുല്‍ഖര്‍ നിര്‍മിക്കാന്‍ മുന്നോട്ട് വന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സൈജു കുറുപ്പ്.
ദുല്‍ഖറുമായി ഒരു സുഹൃത്ത് ബന്ധം ഉണ്ടെന്നും തന്നെ സപ്പോര്‍ട്ട് ചെയ്യാനാണ് ഈ സിനിമ അദ്ദേഹം നിര്‍മിക്കാമെന്ന് ഏറ്റതെന്നും സൈജു പറഞ്ഞു. കാന്‍ചാനല്‍മീഡിയയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഒരു സുഹൃത്തെന്ന നിലയില്‍ ദുല്‍ഖര്‍ എനിക്കുവേണ്ടി ചെയ്തുതന്ന സിനിമയാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍. ദുല്‍ഖറിന്റെ വേഫറെര്‍ പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തെ കുറിച്ച് ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞപ്പോള്‍ കഥപോലും കേള്‍ക്കാതെ അദ്ദേഹം യെസ് പറയുകയായിരുന്നു. ഒരു സുഹൃത്ത് എന്ന നിലയില്‍ എന്നെ സപ്പോര്‍ട്ട് ചെയ്യാനായിരുന്നു അദ്ദേഹം ആ സിനിമ നിര്‍മിക്കാമെന്ന് ഏറ്റത്.
അതിനുമുമ്പ് കഥ കേള്‍ക്കണമെന്ന് ഞാന്‍ പറഞ്ഞു. അതിനുശേഷം ഒരു തീരുമാനം എടുത്താല്‍ മതിയെന്നും. കഥ ദുല്‍ഖറിനും ഇഷ്ടമായി. ഇനി അഥവാ ആ കഥ ഇഷ്ടമായില്ലെങ്കില്‍പോലും അദ്ദേഹം ആ സിനിമ ചെയ്യുമായിരുന്നു,’ സൈജു കുറുപ്പ് പറഞ്ഞു.
‘ഒരു റിട്ടയേര്‍ഡ് ഗുണ്ടയായ ജയന്‍ എന്ന കഥാപാത്രത്തെയാണ് ഞാന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. പക്ഷേ എപ്പോഴൊക്കെയോ അറക്കല്‍ അബു (ആട് എന്ന ചിത്രത്തില്‍ സൈജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്) എന്ന കഥാപാത്രത്തിന്റെ സ്വാധീനം എന്നിലേക്ക് കടന്നു വരുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ ചിത്രത്തിന്റെ ഡയറക്ടര്‍ അരുണ്‍ വൈഗ എന്നെ അത് ഓര്‍മ്മിപ്പിക്കും. ഞാനത് മാറ്റി ചെയ്യും. അറക്കല്‍ അബു എന്ന കഥാപാത്രം അത്രയേറെ എന്നെ സ്വാധീനിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ആയിരുന്നു ഞാന്‍ വളര്‍ന്നത്. അവിടെ എനിക്ക് രതീഷ് എന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു. രതീഷിന്റെ വീടിനടുത്ത് ഗുണ്ടായിസം കൊണ്ട് നടക്കുന്ന ചില ആളുകള്‍ ഉണ്ടായിരുന്നു. രതീഷ് മുഖേന അവരെ ഞാന്‍ പരിചയപ്പെടുകയും അവരുടെ ശൈലിയും പ്രവര്‍ത്തന രീതിയും മനസിലാക്കുകയും ചെയ്തിരുന്നു. ഒരുപരിധി വരെ അങ്ങനെയുള്ള അനുഭവങ്ങളാണ് ഞാന്‍ ചെയ്ത ഗുണ്ട കഥാപാത്രങ്ങളെ വിജയിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞത്,’ സൈജു കൂട്ടിച്ചേര്‍ത്തു.
ചേര്‍ത്തലയാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്റെ ലൊക്കേഷന്‍. ‘ചിരിച്ചോളൂ.. പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുത്..!’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം വരുന്നത്.
അരുണ്‍ വൈഗയാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. സൈജു കുറുപ്പിന് പുറമേ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോണി ആന്റണി, ഗോകുലന്‍, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.