ആദ്യം തെരഞ്ഞെടുക്കുക മയൂഖത്തിലെ ഉണ്ണികൃഷ്ണനെ; തന്റെ ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് കഥാപാത്രങ്ങളെ വെളിപ്പെടുത്തി സൈജു കുറുപ്പ്
Film News
ആദ്യം തെരഞ്ഞെടുക്കുക മയൂഖത്തിലെ ഉണ്ണികൃഷ്ണനെ; തന്റെ ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് കഥാപാത്രങ്ങളെ വെളിപ്പെടുത്തി സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th February 2022, 6:21 pm

2005 ല്‍ പുറത്തിറങ്ങിയ ‘മയൂഖം’ എന്ന ചിത്രത്തില്‍ നായകനായാണ് സൈജു കുറുപ്പ് സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം ‘ട്രിവാന്‍ഡ്രം ലോഡ്ജ്’, ‘ആട്’, ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ തുടങ്ങിയ നിരവധി സിനിമകളിലെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയില്‍ നിലയുറപ്പിച്ചു.

ഇതുവരെ താന്‍ അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് കഥാപാത്രങ്ങള്‍ ഏതൊക്കെയെന്ന് പറയുകയാണ് സൈജു കുറുപ്പ്. കാന്‍ചാനല്‍മീഡിയയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് കഥാപാത്രങ്ങളെ ചോദിച്ചാല്‍ ആദ്യം ‘മയൂഖ’ത്തിലെ ‘ഉണ്ണികൃഷ്ണനെ’ പറയും. പിന്നെ എനിക്ക് ഒരു ബ്രേക്ക് നല്‍കിയ ‘ട്രിവാന്‍ഡ്രം ലോഡ്ജി’ലെ ‘ഷിബു’. എന്റെ കരിയറിലെ മൈല്‍ സ്റ്റോണായ ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന സിനിമയിലെ ‘അറക്കല്‍ അബു’.

ഏനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്‌പോര്‍ട്‌സ് ആണ് ക്രിക്കറ്റ്. അതുകൊണ്ട് ‘1983’ യിലെ’ പപ്പന്‍’. പിന്നെ സയന്‍സ് ഫിക്ഷന്‍ എന്ന പറയാന്‍ സാധിക്കുന്ന ചിത്രമാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’. അതിലെ ‘പ്രസന്നന്‍’. ഇതെല്ലാം മനസിനോട് അടുത്ത് നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. അതിലെ ഉണ്ണികേശവനാണ് ഏറ്റവും അടുത്ത് നില്‍ക്കുന്നത്. അതുകൊണ്ടാണ് ആദ്യത്തെ മോള്‍ക്ക് മയൂഖ എന്ന പേരിട്ടത്,’ സൈജു പറഞ്ഞു.

‘ഉപചാരപൂര്‍വം ഗുണ്ടജയനാ’ണ് സൈജുവിന്റെ ഏറ്റവും പുതിയ ചിത്രം. ‘ചിരിച്ചോളൂ.. പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുത്..!’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം വരുന്നത്.

അരുണ്‍ വൈഗയാണ് സിനിമ സംവിധാനം ചെയ്യുന്നത്. രാജേഷ് വര്‍മയുടെതാണ് തിരക്കഥ. സൈജു കുറുപ്പിന് പുറമേ സിജു വില്‍സണ്‍, ശബരീഷ് വര്‍മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോണി ആന്റണി, ഗോകുലന്‍, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനികാടും ചേര്‍ന്നാണ് ഗുണ്ടജയന്‍ നിര്‍മിച്ചിരിക്കുന്നത്.


Content Highlight: saiju kurup lister his own favourite five characters