ഒരു രസവും മുഖത്തുവരാത്ത നവരസനായകന്‍ എന്നാണ് അവരെന്നെ അന്ന് വിളിച്ചിരുന്നത്: സൈജു കുറുപ്പ്
Entertainment
ഒരു രസവും മുഖത്തുവരാത്ത നവരസനായകന്‍ എന്നാണ് അവരെന്നെ അന്ന് വിളിച്ചിരുന്നത്: സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th October 2024, 7:34 pm

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ ഹരിഹരന്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ നടനാണ് സൈജു കുറുപ്പ്. ആദ്യ ചിത്രമായ മയൂഖത്തില്‍ തന്നെ നായകനായി അരങ്ങേറിയ സൈജു പിന്നീട് വില്ലനായും സഹനടനായും സിനിമയില്‍ സജീവമായി. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടിലെ അറക്കല്‍ അബു എന്ന കഥാപാത്രത്തിലൂടെ കോമഡിയും തനിക്ക് വഴങ്ങുമെന്ന് സൈജു തെളിയിച്ചു. കരിയറില്‍ ഇതിനോടകം 100ലധികം സിനിമകള്‍ സൈജു ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഇടക്ക് സൈജു കുറുപ്പിനെ ട്രോളന്മാര്‍ പ്രാരാബ്ദം സ്റ്റാര്‍ എന്ന് പേരിട്ട് വിളിച്ചിരുന്നു. പല സിനിമകളിലും കടം വാങ്ങുന്ന, പ്രാരാബ്ധങ്ങളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതുകൊണ്ടാണ് സൈജുവിനെ അങ്ങനെയൊരു പേരില്‍ ട്രോളന്മാര്‍ വിളിച്ചത്. അത്തരം പോസ്റ്റുകള്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ സൈജു തന്നെ പങ്കുവെച്ചിരുന്നു. തന്നെപ്പറ്റിയുള്ള ട്രോളുകള്‍ തനിക്ക് കൂടി ബൂസ്റ്റായി തോന്നുന്നതുകൊണ്ടാണ് അതെല്ലാം ഷെയര്‍ ചെയ്യുന്നതെന്ന് സൈജു പറഞ്ഞു.

ട്രോളുകള്‍ സജീവമാകുന്നതിന് മുമ്പ് സിനിമയെക്കുറിച്ചുള്ള പേജുകളില്‍ തന്നെ നവരസനായകന്‍ എന്നായിരുന്നു വിളിച്ചിരുന്നതെന്ന് സൈജു കൂട്ടിച്ചേര്‍ത്തു. ഒരു രസവും മുഖത്തുവരാത്ത നവരസനായകന്‍ എന്ന രീതിയിലാണ് അങ്ങനെയൊരു പേര് തനിക്ക് നല്‍കിയതെന്ന് സൈജു പറഞ്ഞു. ആദ്യകാലത്ത് ചെറിയ വിഷമം തോന്നിയെങ്കിലും പിന്നീട് അതിന്റേതായ സ്പിരിറ്റിലെടുത്തുവെന്നും സൈജു കൂട്ടിച്ചേര്‍ത്തു. വണ്ടര്‍വാള്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്.

‘കടം സ്റ്റാര്‍, പ്രാരാബ്ദം സ്റ്റാര്‍ പോലുള്ള ട്രോളുകള്‍ ഒരുപാട് കണ്ടിട്ടുണ്ട്. ചില ട്രോളുകള്‍ ഞാന്‍ തന്നെ ഷെയര്‍ ചെയ്തിട്ടുമുണ്ട്. എനിക്ക് അതൊരു ബൂസ്റ്റിങ്ങാണല്ലോ എന്ന് തോന്നിയിട്ടാണ് ഷെയര്‍ ചെയ്തത്. കാരണം എല്ലാ സിനിമയിലും എന്റെ കഥാപാത്രം ഒരുപോലെയാണെന്ന് കണ്ടുപിടിക്കണമെങ്കില്‍ അതെല്ലാം ഇരുന്ന് കാണണമല്ലോ? ആ എഫര്‍ട്ട് കൂടി നമ്മള്‍ ചിന്തിക്കണമല്ലോ.

ട്രോളുകള്‍ വരുന്നതിന് മുമ്പ് പല സിനിമാഗ്രൂപ്പുകളിലും എന്നെ വിളിച്ചിരുന്നത് നവരസനായകന്‍ എന്നായിരുന്നു. അതിന്റെ ബ്രാക്കറ്റില്‍ ‘ഒരു രസവും മുഖത്തുവരാത്ത’ എന്നുകൂടി ഉണ്ടായിരുന്നു. ആദ്യമൊക്കെ അതില്‍ ചെറിയ വിഷമമൊക്കെ തോന്നിയിരുന്നു. പിന്നീട് അതിന്റേതായ സ്പിരിറ്റില്‍ എടുത്തുതുടങ്ങി. എന്റെ പേജില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ഉള്ളത് എന്നെപ്പറ്റിയുള്ള ട്രോള്‍ ഷെയര്‍ ചെയ്ത പോസ്റ്റിലാ. അതൊക്കെ അത്രയേ ഉള്ളൂ’ സൈജു കുറുപ്പ് പറഞ്ഞു.

Content Highlight: Saiju Kurup about the trolls against him