|

അന്നത്തെ കാലത്ത് എന്റെ അഭിനയം മോശമാണെന്ന് എനിക്ക് മനസിലായില്ലായിരുന്നു: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹരിഹരന്‍ സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ മയൂഖത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച നടനാണ് സൈജു കുറുപ്പ്. ആദ്യ ചിത്രത്തില്‍ തന്നെ നായകനായി അരങ്ങേറിയ സൈജു പിന്നീട് വില്ലനായും സഹനടനായും സിനിമയില്‍ സജീവമായി. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടിലെ അറക്കല്‍ അബു എന്ന കഥാപാത്രത്തിലൂടെ കോമഡിയും തനിക്ക് വഴങ്ങുമെന്ന് സൈജു തെളിയിച്ചു. കരിയറില്‍ 100ലധികം സിനിമകള്‍ ഇതിനോടകം സൈജു ചെയ്തിട്ടുണ്ട്.

ആദ്യ ചിത്രത്തില്‍ തന്നെ നായകനായ ശേഷം പിന്നീട് ക്യാരക്ടര്‍ റോളുകള്‍ ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സൈജു കുറുപ്പ്. മയൂഖത്തിന് ശേഷം താന്‍ ചെയ്തത് ജോഷി സംവിധാനം ചെയ്ത ലയണായിരുന്നെന്നും ആ സിനിമയില്‍ വെറും മൂന്ന് സീനില്‍ മാത്രമേ താന്‍ ഉണ്ടായിരുന്നുള്ളൂവെന്നും സൈജു പറഞ്ഞു. ആ സമയത്ത് തന്റെ അഭിനയം മോശമാണെന്ന് തനിക്ക് മനസിലായിരുന്നില്ലെന്നും സൈജു കൂട്ടിച്ചേര്‍ത്തു.

ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച അവസ്ഥയില്‍ സര്‍വൈവ് ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സിനിമയെ സമീപിച്ചതെന്നും നായകവേഷം മാത്രമേ ചെയ്യുള്ളൂ എന്ന നിര്‍ബന്ധം ഇല്ലായിരുന്നെന്നും സൈജു പറഞ്ഞു. കൃത്യമായ ഇടവേളകളില്‍ സിനിമ കിട്ടിയിരുന്നതുകൊണ്ട് വലിയ ബുദ്ധിമുട്ടൊന്നും നേരിടേണ്ടി വന്നിരുന്നില്ലെന്നും സൈജു പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്.

‘2005ലാണ് എന്റെ ആദ്യ സിനിമ റിലീസാകുന്നത്. ഹരിഹരന്‍ സാറിനെപ്പോലെ ഒരു ലെജന്‍ഡിന്റെ സിനിമയില്‍ നായകനായി അരങ്ങേറുക എന്നത് വലിയ കാര്യമാണ്. പക്ഷേ അതിന് ശേഷം ഞാന്‍ ചെയ്തത് ജോഷി സാറിന്റെ ലയണാണ്. അതില്‍ എനിക്ക് ആകെ മൂന്ന് സീനേയുള്ളു. ഒരു സീനില്‍ ഡെഡ്‌ബോഡിയായിട്ടാണ് എന്നെ കാണിച്ചത്. എനിക്ക് അതിലൊന്നും സങ്കടം തോന്നിയില്ല. അതുകഴിഞ്ഞ് കിട്ടിയത് ഇതുപോലുള്ള ചെറിയ റോളുകളാണ്. അപ്പോഴൊന്നും എന്റെ അഭിനയം മോശമാണെന്ന് എനിക്ക് തോന്നിയിരുന്നില്ല.

നായകവേഷം എന്ന് പറയുന്നത് വലിയൊരു ബാധ്യതയാണ്. ഒരു സിനിമയുടെ ഭൂരിഭാഗം സീനിലും അയാളുടെ മുഖം തന്നെയാണ് പ്രേക്ഷകര്‍ കാണേണ്ടത്. എനിക്ക് അത് സാധിക്കാത്തതുകൊണ്ട് നായകവേഷം മാത്രമേ ചെയ്യൂ എന്ന് നിര്‍ബന്ധം പിടിച്ചില്ല. ഉണ്ടായിരുന്ന ജോലി രാജിവെച്ച സമയമായതുകൊണ്ട് സര്‍വൈവ് ചെയ്യാന്‍ സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൃത്യമായ ഇടവേളകളില്‍ സിനിമ കിട്ടിയതുകൊണ്ട് അധികം ബുദ്ധിമുട്ട് നേരിട്ടില്ല,’ സൈജു കുറുപ്പ് പറഞ്ഞു.

Content Highlight: Saiju Kurup about the struggles faced in his career