| Monday, 7th February 2022, 8:21 pm

ഷൂട്ടിനിടയില്‍ എപ്പോഴൊക്കെയോ അറക്കല്‍ അബു കടന്നു വന്നു, അപ്പോഴൊക്കെ അരുണ്‍ വൈഗ ഓര്‍മ്മിപ്പിക്കും: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2005 ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തില്‍ നായകനായാണ് സൈജു കുറുപ്പ് സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി ക്യരക്ടര്‍ റോളുകളിലൂടെ മലയാള സിനിമയില്‍ അദ്ദേഹം തന്റേതായ സ്ഥാനം ഉറപ്പിച്ചു. ഒരു പക്ഷേ പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സൈജുവിന്റെ കഥാപാത്രം ആട് ഒരു ഭീകരജീവിയല്ല എന്ന സിനിമയിലെ അറയ്ക്കല്‍ അബു ആയിരിക്കും.

സൈജു വീണ്ടും ഗുണ്ടയായി എത്തുന്ന ചിത്രമാണ് ഉപചാരപൂര്‍വം ഗുണ്ടജയന്‍. ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയില്‍ അറയ്ക്കല്‍ അബുവിന്റെ സ്വാധീനം തനിക്കുണ്ടായി എന്നും എന്നാല്‍ സംവിധായകന്‍ അരുണ്‍ വൈഗ തന്നെ അത് ഓര്‍മിപ്പിക്കുമെന്നും സൈജു പറഞ്ഞു. കാന്‍ചാനല്‍മീഡിയയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഒരു റിട്ടയേര്‍ഡ് ഗുണ്ടയായ ജയന്‍ എന്ന കഥാപാത്രത്തെയാണ് ഞാന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. അറക്കല്‍ അബുവും ജയനും രണ്ട് തലങ്ങളില്‍ നില്‍ക്കുന്നവരാണ്. അറക്കല്‍ അബുവന്റെ എന്തെങ്കിലും ഫ്‌ളേവര്‍ ഇതിലുണ്ടെങ്കില്‍ ഞാന്‍ ഈ സിനിമ ചെയ്യില്ല.

പക്ഷേ എപ്പോഴൊക്കെയോ അറക്കല്‍ അബു എന്ന കഥാപാത്രത്തിന്റെ സ്വാധീനം എന്നിലേക്ക് കടന്നു വരുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ അരുണ്‍ വൈഗ എന്നെ അത് ഓര്‍മിപ്പിക്കും. ഞാനത് മാറ്റി ചെയ്യും. അറക്കല്‍ അബു എന്ന കഥാപാത്രം അത്രയേറെ എന്നെ സ്വാധീനിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ആയിരുന്നു ഞാന്‍ വളര്‍ന്നത്. അവിടെ എനിക്ക് രതീഷ് എന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു. രതീഷിന്റെ വീടിനടുത്ത് ഗുണ്ടായിസം കൊണ്ട് നടക്കുന്ന ചില ആളുകള്‍ ഉണ്ടായിരുന്നു. രതീഷ് മുഖേന അവരെ ഞാന്‍ പരിചയപ്പെടുകയും അവരുടെ ശൈലിയും പ്രവര്‍ത്തന രീതിയും മനസിലാക്കുകയും ചെയ്തിരുന്നു. ഒരു പരിധി വരെ അങ്ങനെയുള്ള അനുഭവങ്ങളാണ് ഞാന്‍ ചെയ്ത ഗുണ്ട കഥാപാത്രങ്ങളെ വിജയിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞത്,’ സൈജു കൂട്ടിച്ചേര്‍ത്തു.

ചേര്‍ത്തലയാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്റെ ലൊക്കേഷന്‍. ‘ചിരിച്ചോളൂ.. പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുത്..!’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം വരുന്നത്.

അരുണ്‍ വൈഗയാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. രാജേഷ് വര്‍മയുടെതാണ് തിരക്കഥ. സൈജു കുറുപ്പിന് പുറമേ സിജു വില്‍സണ്‍, ശബരീഷ് വര്‍മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോണി ആന്റണി, ഗോകുലന്‍, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനികാടും ചേര്‍ന്നാണ് ഗുണ്ടജയന്‍ നിര്‍മിച്ചിരിക്കുന്നത്.


Content Highlight: saiju kurup about the influence of arrakal abu on him

We use cookies to give you the best possible experience. Learn more