| Monday, 15th May 2023, 12:41 pm

നിര്‍മല്‍ പാലാഴിക്ക് അപകടം പറ്റി എന്നറിഞ്ഞപ്പോള്‍ റിയാക്ഷന്‍ ഇതായിരുന്നു, ആ മനുഷ്യത്വമാണ് ദുല്‍ഖര്‍: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ മേഖലയില്‍ ദുല്‍ഖറിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് സൈജു കുറുപ്പ്. നിരവധി സിനിമകളില്‍ സൈജുവിനൊപ്പം അഭിനയിച്ച ദുല്‍ഖര്‍ അദ്ദേഹത്തിന്റെ ഉപചാരപൂര്‍വം ഗുണ്ടജയന്‍ എന്ന ചിത്രം നിര്‍മിക്കുകയും ചെയ്തിരുന്നു.

ദുല്‍ഖറിനൊപ്പമുള്ള സൗഹൃദത്തെ പറ്റി സംസാരിക്കുകയാണ് സൈജു കുറുപ്പ്. തന്നെ പോലെ ഒരാളെ ആണ് ദുല്‍ഖറില്‍ കണ്ടതെന്നും അദ്ദേഹത്തിന്റെ ഗുണം അറിയണമെങ്കില്‍ നേരില്‍ പരിചയപ്പെടെണമെന്നും സൈജു പറഞ്ഞു. മനുഷ്യത്വമുളള വ്യക്തിയാണ് ദുല്‍ഖറെന്ന് പറഞ്ഞ സൈജു അത്തരത്തിലുണ്ടായ ഒരു അനുഭവവും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.

‘ഇത് പറായാന്‍ പാടുണ്ടോ എന്നെനിക്ക് അറിയില്ല. ഞാന്‍ സാക്ഷ്യം വഹിച്ച ഒരു സംഭവമാണ്. ഞാന്‍ എന്ന സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ നിര്‍മല്‍ പാലാഴിക്ക് ഒരു അപകടം സംഭവിച്ചു. ഞാനും ദുല്‍ഖറും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സി വന്ന് നിര്‍മലിന് ആക്‌സിഡന്റ് സംഭവിച്ചെന്ന് പറയുന്നത്. അയ്യോ നമ്മളെന്താണ് ചെയ്യേണ്ടത് എന്നാണ് അപ്പോള്‍ ദുല്‍ഖര്‍ ചോദിച്ചത്. ഇതാണ് ദുല്‍ഖറിന്റെ ഇന്‍സ്റ്റന്റ് റിയാക്ഷന്‍. ആ മനുഷ്യത്വമാണ് ദുല്‍ഖര്‍.

ഇപ്പോള്‍ എങ്ങനെയുണ്ടെന്ന് ദുല്‍ഖര്‍ ചോദിച്ചു. ചിലരൊക്കെ വിളിച്ച് ചോദിച്ചിട്ട് വിട്ട് കളയുമായിരിക്കും. പക്ഷേ പുള്ളി അങ്ങനെയല്ല. ദുല്‍ഖറിന്റെ പേരന്റിസിനെ സത്യം പറഞ്ഞാല്‍ നമിക്കണം. അത് അദ്ദേഹത്തെ പരിചയപ്പെട്ടാലേ അറിയത്തുള്ളൂ.

ദുല്‍ഖറില്‍ എന്നെ പോലെ ഒരാളെ ഞാന്‍ കണ്ടു. അദ്ദേഹത്തെ പറ്റി ചോദിച്ചാല്‍ ഞാന്‍ നല്ല കാര്യങ്ങളായിരിക്കും പറയുന്നത്. എന്നിലും ആ ക്വാളിറ്റീസ് ഉണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തെ പറ്റി നല്ലത് പറഞ്ഞാല്‍ ഞാന്‍ തന്നെ എന്നെ പുകഴ്ത്തുന്നത് പോലയാവും. അതുകൊണ്ട് അതിനെ പറ്റി ഞാന്‍ പറയുന്നില്ല.

ഒറ്റ വാക്കില്‍ ഞാന്‍ അദ്ദേഹത്തെ പറ്റി പറയാം. എന്റെ മകനെ നിങ്ങളുടെ അമ്മയുടെ അടുത്ത് ഒരു രണ്ടാഴചത്തേക്ക് കൊണ്ട് നിര്‍ത്തട്ടെ, നിങ്ങളെ പോലെ ആക്കാന്‍ എന്ന് തമാശയായി ദുല്‍ഖറിനോട് പറയാറുണ്ട്. ഇതാണ് ദുല്‍ഖര്‍ എനിക്ക്. എടോ അവനൊക്കെ നല്ല മനുഷ്യനാവും, താന്‍ പേടിക്കണ്ട എന്ന് ദുല്‍ഖര്‍ എന്നോട് പറയും,’ സൈജു കുറുപ്പ് പറഞ്ഞു.

Content Highlight: saiju kurup about the humanity of dulquer salmaan

We use cookies to give you the best possible experience. Learn more