ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള സുഹൃദ് ബന്ധത്തെ പറ്റി സംസാരിക്കുകയാണ് സൈജു കുറുപ്പ്. ദുല്‍ഖറിനെ പറ്റി പറയാന്‍ എനിക്ക് വാക്കുകളില്ലെന്നും ഒരു സഹായം ചോദിച്ചാല്‍ അദ്ദേഹത്തിന് പറ്റുന്നതാണെങ്കില്‍ അത് ചെയ്യുമെന്നും സൈജു കുറുപ്പ് പറഞ്ഞു. അദ്ദേഹം വളര്‍ന്നുവന്ന രീതി അങ്ങനെയാണെന്നും അദ്ദേഹത്തിന്റെ പാരന്റ്‌സിനെ സല്യൂട്ട് ചെയ്യണമെന്നും സില്ലി മോങ്ക്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സൈജു കുറുപ്പ് പറഞ്ഞു.
‘ഞാന്‍ എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചപ്പോള്‍ മുതലുള്ള പരിചയമാണ് ദുല്‍ഖറുമായിട്ടുള്ളത്. ദുല്‍ഖറിനെ പറ്റി പറയാന്‍ എനിക്ക് വാക്കുകളില്ല. ഭയങ്കര കംപോസ്ഡ് ആന്‍ഡ് കാമാണ്. നല്ല കേള്‍വിക്കാരനാണ്. ഒരു സഹായം ചോദിച്ചാല്‍ അദ്ദേഹത്തിന് പറ്റുന്നതാണെങ്കില്‍ അത് ചെയ്യും. ഭയങ്കര മനുഷ്യ സ്‌നേഹിയാണ്. ഇതൊക്കെയാണ് എനിക്ക് ഫീല്‍ ചെയ്തിരിക്കുന്നത്.
വളര്‍ന്നുവന്ന രീതി അങ്ങനെയാണ്. അദ്ദേഹത്തിന്റെ പാരന്റ്‌സിനെ സല്യൂട്ട് ചെയ്യണം. ഓരോ ആളുകളോട് പെരുമാറുന്നത് കാണണം. ദുല്‍ഖറായതുകൊണ്ടാണ് ഇത് എടുത്ത് പറയുന്നത്. കാരണം അദ്ദേഹം മമ്മൂട്ടി സാറിന്റെ മകനാണ്. ഒരു സാധാരണ മനുഷ്യനാണ് ഇങ്ങനെ പെരുമാറുന്നതെങ്കില്‍ ഇങ്ങനെ പറയില്ല. ഒരാള്‍ വിചാരിച്ചാലേ അദ്ദേഹത്തിന് മേശമായി പെരുമാറാനാവൂ. ചില ആളുകള്‍ക്ക് അവര്‍ പെരുമാരുന്നത് എങ്ങനെയാണെന്ന് അറിയില്ല.
അത്രയും നന്നായാണ് അദ്ദേഹത്തെ വളര്‍ത്തിയത്. ഇങ്ങനെയൊക്കെയാണ് ബിഹേവ് ചെയ്യേണ്ടതെന്ന് വളരെ വ്യക്തമായി പറഞ്ഞുകൊടുത്തിട്ടുണ്ടാവും. പിന്നെ അത് അനുസരിക്കണമെന്ന് മക്കളും കൂടി വിചാരിക്കണമല്ലോ. അദ്ദേഹത്തിന് ആ മനസുള്ളതുകൊണ്ടാണ് അത് അനുസരിച്ചത്,’ സൈജു പറഞ്ഞു.
ജാനകി ജാനേയാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന സൈജുവിന്റെ ചിത്രം. നവ്യ നായരാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
Content Highlight: saiju kurup about the behavior of dulquer salmaan