സൈജു കുറുപ്പിനെ നായകനാക്കി അരുണ്‍ വൈഗ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഉപചാരപൂര്‍വം ഗുണ്ട ജയന്‍. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫെറര്‍ ഫിലിംസായിരുന്നു ചിത്രം നിര്‍മിച്ചത്. ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.
ജോണി ആന്റണി, സിജു വില്‍സണ്‍, ശബരീഷ്, ജാഫര്‍ ഇടുക്കി തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ടായിരുന്നു.
സിനിമ കണ്ട ശേഷം മമ്മൂക്ക ജോണി ആന്റണിക്ക് അയച്ച മെസ്സേജിനെ കുറിച്ചും ആ മെസ്സേജ് കണ്ട് അദ്ദേഹം പറഞ്ഞതിനെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ അരുണ്‍ വൈഗ. സൈജുവിനൊപ്പം പങ്കെടുത്ത ഒരു അഭിമുഖത്തിലാണ് ഗുണ്ട ജയന്‍ എന്ന ചിത്രത്തിന് മമ്മൂക്കയും ദുല്‍ഖറും നല്‍കിയ പിന്തുണയെ കുറിച്ച് ഇരുവരും സംസാരിച്ചത്.
‘പടം കണ്ട ശേഷം മമ്മൂക്ക ജോണി ആന്റണിക്ക് മെസ്സേജ് അയച്ചിരുന്നു. പടം വളരെ നന്നായിട്ടുണ്ടെന്നായിരുന്നു ആ മെസ്സേജ്. ജോണി ചേട്ടന്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ട് എനിക്ക് അയച്ചു തന്നു. ‘ഭയങ്കര പാടാണ് ഇങ്ങനെയൊരു സാധനം കിട്ടണമെങ്കില്‍’ എന്നു പറഞ്ഞായിരുന്നു അദ്ദേഹം ആ സ്‌ക്രീന്‍ ഷോട്ട് അയച്ചത്. അതൊക്കെ നമുക്ക് ഭയങ്കര കോണ്‍ഫിഡന്‍സ് തരുന്ന സംഗതിയായിരുന്നു, അരുണ്‍ വൈഗ പറഞ്ഞു.
മമ്മൂട്ടി സാറിന്റെ ഒരുപാട് സഹായവും പിന്തുണയും തങ്ങള്‍ക്കുണ്ടായിരുന്നെന്നും അതൊരു ദൈവാനുഗ്രഹമാണെന്നുമാണ് സൈജു പറഞ്ഞത്. സൗഹൃദത്തിന്റെ പേരില്‍ തന്നെയാണ് ദുല്‍ഖര്‍ ഈ ചിത്രം ചെയ്തതെന്നും സൈജു അഭിമുഖത്തില്‍ പറഞ്ഞു.
‘ഫ്രണ്ട്ഷിപ്പിന്റെ പേരില്‍ തന്നെയാണ് ദുല്‍ഖര്‍ ഈ സിനിമ ചെയ്തത്. ശരിക്കും ഞാന്‍ നിര്‍ബന്ധിച്ചിട്ടാണ് അദ്ദേഹം കഥ കേട്ടത്. കഥ കേട്ട ശേഷം എന്റെ പടത്തെ സപ്പോര്‍ട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചെയ്യാമെന്ന് പറഞ്ഞു.
താങ്ക് യു പറഞ്ഞ് കൈ കൊടുത്ത് ഇറങ്ങാന്‍ പോയപ്പോള്‍ പുള്ളി താങ്ക് യു പറഞ്ഞ് എനിക്ക് തിരിച്ചു കൈ തന്നു. അത് എന്താണെന്ന് എനിക്ക് മനസിലായില്ല. പുള്ളി എന്നെ കളിയാക്കിയതാണോ എന്ന് തോന്നി. അതില്‍ ഒരു ക്ലാരിറ്റി വരുത്തണമെന്ന് തോന്നി.
അല്ല ഡിക്യൂ, ഞാനല്ലേ താങ്ക് യു പറയേണ്ടതെന്ന് ചോദിച്ചു. അങ്ങനെയല്ല ഞാനാണ് താങ്ക് യു പറയേണ്ടതെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. നിങ്ങളുടെ കയ്യില്‍ ഒരു നല്ല പ്രൊഡക്ടുണ്ട്. ആ പ്രൊഡക്ടുമായി നിങ്ങള്‍ എന്റെ കമ്പനിയെ സമീപിച്ചു. അപ്പോള്‍ നിങ്ങള്‍ക്ക് എന്റെ കമ്പനിയെ അത്രയ്ക്ക് വിശ്വാസമുണ്ട്. അപ്പോള്‍ ഞാനാണ് നിങ്ങളോട് നന്ദി പറയേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരുപക്ഷേ ഞാനാണ് അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കില്‍ നമ്മളോട് ഒരാള്‍ താങ്ക് യു പറയുമ്പോള്‍ ആ അത് കുഴപ്പമില്ല നമുക്കത് ചെയ്യാം എന്നേ പറയുള്ളൂ. പക്ഷേ അദ്ദേഹം അങ്ങനെയല്ല. അതാണ് അദ്ദേഹത്തിന്റെ മനസ്, സൈജു കുറുപ്പ് പറഞ്ഞു.
Content Highlight: Saiju Kurup About Mammootty and Dulquer Salmaan Gunda Jayan