മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. 2005ല്‍ മയൂഖം എന്ന ചിത്രത്തിലൂടെ അരങ്ങേറി, പിന്നീട് നായകനായും കോമഡി താരമായും സ്വഭാവ നടനായും നിരവധി സിനിമകളിലൂടെ താരം നമ്മളെ അതിശയിപ്പിച്ചിട്ടുണ്ട്.
തന്റെ സിനിമാഭിനയത്തെക്കുറിച്ച് ഭാര്യ അനുപമ അഭിപ്രായം പറയുന്നതിനെപ്പറ്റി സംസാരിക്കുകയാണ് ഫില്‍മിഹൂഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സൈജു കുറുപ്പ്.
തന്റെ കഥാപാത്രങ്ങളെക്കുറിച്ച് ഏറ്റവും കൂടുതല്‍ ക്രിട്ടിക്കലായി സംസാരിക്കുന്നത് ഭാര്യയാണെന്ന് അഭിമുഖങ്ങളില്‍ പറഞ്ഞ് കേട്ടിട്ടുണ്ട്, അത് എത്രത്തോളം സഹായകരമായിട്ടുണ്ട്, എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
”എനിക്ക് ആദ്യമൊക്കെ ദേഷ്യം വന്നിരുന്നു. കാരണം ഞാന്‍ വിചാരിച്ചിരുന്നത് ഞാന്‍ ഭയങ്കര പെര്‍ഫോമന്‍സാണ് എന്നായിരുന്നു. ഓരോ സിനിമകളും ഞാനും വൈഫും ഇരുന്ന് കാണുമ്പോള്‍, അടിപൊളിയായിട്ടുണ്ട് എന്ന് വൈഫ് ഇപ്പൊ പറയും, എന്ന് ഞാന്‍ വിചാരിക്കും.
അപ്പൊ വൈഫ് പറയും, സൈജു എന്താ ഈ ചെയ്ത് വെച്ചിരിക്കുന്നത്. സൈജു ഇതല്ലേ കരിയറായി ചൂസ് ചെയ്തിരിക്കുന്നത്, കുറച്ച് ഹോംവര്‍ക്കൊക്കെ ചെയ്യണ്ടേ, എന്ന്.
അപ്പൊ എനിക്ക് ദേഷ്യം വരും. കാരണം എന്റെ വിചാരം ഞാന്‍ അത് വളരെ മനോഹരമായി ചെയ്ത് വെച്ചിരിക്കുന്നു, എന്നാണ്.
പക്ഷെ, പിന്നീട് അവള്‍ പറഞ്ഞത് കറക്ടാണ് എന്ന് എനിക്ക് തന്നെ തോന്നി. അങ്ങനെ ഞാന്‍ അത് ആക്‌സപ്റ്റ് ചെയ്യാന്‍ തുടങ്ങി. കല്യാണം കഴിഞ്ഞ് ഒരു അഞ്ചാറ് വര്‍ഷം കഴിഞ്ഞാണ് എനിക്കത് ആക്‌സപ്റ്റ് ചെയ്യാന്‍ പറ്റിയത്,” സൈജു കുറുപ്പ് പറഞ്ഞു.
സിനിമകളില്ലാതിരുന്ന സമയത്ത് സിനിമക്ക് വേണ്ടി ‘ഓഫീസ്’ തുറന്നുവെച്ചതിനെക്കുറിച്ചും തിരക്കഥകള്‍ എഴുതിയതിനെക്കുറിച്ചും സൈജു അഭിമുഖത്തില്‍ രസകരമായി സംസാരിക്കുന്നുണ്ട്.
”ഞാന്‍ രണ്ട് തിരക്കഥ എഴുതിയിരുന്നു. അമച്വര്‍ തിരക്കഥ. അതിനകത്ത് ഒരുപാട് പ്രശ്‌നങ്ങളുണ്ട്.
സിനിമ ഇല്ലാതിരുന്ന സമയത്ത് സിനിമാപരമായി എന്തെങ്കിലും ചെയ്യണമല്ലോ. പനമ്പള്ളി നഗറില്‍ എന്റെ ഭാര്യയുടെ ഒരു വീടുണ്ട്. അതിനകത്ത് ഒരു റൂം ഞാനെന്റെ ഓഫീസാക്കി മാറ്റി. എനിക്ക് സിനിമകളൊന്നുമില്ലായിരുന്നു.
കഥ കേള്‍ക്കാനും ഡിസ്‌കഷനും വേണ്ടിയാണ് ഞാന്‍ അത് ഓഫീസാക്കിയത്. പക്ഷെ ആരും വരാറില്ല. ഡിസ്‌കഷനും നടക്കുന്നില്ല കഥ കേള്‍ക്കുന്നതും നടക്കുന്നില്ല. ആരും അവിടെ കഥ പറയാന്‍ വരാറില്ല.
എന്തെങ്കിലും ചെയ്യണ്ടേ. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുക, ഓഫീസില്‍ പോകുക, അവിടെ ഇരുന്ന് എന്തെങ്കിലുമൊക്കെ എഴുതുക. അങ്ങനെ എഴുതിത്തുടങ്ങിയതാണ്. എനിക്ക് തോന്നുന്നത്, നമ്മള്‍ എഴുതുമ്പോള്‍ ആ കഥാപാത്രങ്ങളുടെയെല്ലാം മൂഡ്‌സ് വഴി നമ്മള്‍ യാത്ര ചെയ്യുന്നുണ്ട്,” താരം കൂട്ടിച്ചേര്‍ത്തു.
ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ ഷഹദ് സംവിധാനം ചെയ്ത പ്രകാശന്‍ പറക്കട്ടെ ആണ് സൈജുവിന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം.
Content Highlight: Saiju Kurup about his wife criticizing his acting