ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടനാണ് സൈജു കുറുപ്പ്. നായകനായി അരങ്ങേറിയതിന് ശേഷം കുറേക്കാലം എടുത്തുപറയാന്‍ തക്ക റോളൊന്നും സൈജുവിന് ലഭിച്ചിരുന്നില്ല. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന സിനിമയിലെ അറക്കല്‍ അബു സൈജുവിന്റെ കരിയര്‍ മാറ്റിമറിച്ചു. ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരില്‍ ഒരാളാണ് സൈജു കുറുപ്പ്.
കരിയറിന്റെ 19ാം വര്‍ഷത്തില്‍ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിയുകയാണ് സൈജു കുറുപ്പ്. ഭരതനാട്യം എന്ന ചിത്രത്തിലൂടെയാണ് നിര്‍മാണത്തില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കുന്നത്. കരിയറില്‍ വേണ്ടെന്ന് വെച്ച വേഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സൈജു. ജൂനിയര്‍ എന്‍.ടി.ആര്‍ നായകനാകുന്ന തെലുങ്ക് ചിത്രത്തിലേക്ക് കഴിഞ്ഞ വര്‍ഷം തന്നെ വിളിച്ചിരുന്നുവെന്ന് സൈജു പറഞ്ഞു.
ആ സിനിമക്കായി ആറ് മാസം മാറ്റിവെക്കേണ്ടി വരുമെന്നും താന്‍ മുന്നേ ഏറ്റ പല സിനിമകളും തള്ളിവെക്കേണ്ടി വരുമെന്നുള്ളതുകൊണ്ട് ആ സിനിമയോട് നോ പറയേണ്ടി വന്നെന്നും സൈജു കുറുപ്പ് കൂട്ടിച്ചേര്‍ത്തു. പല സംവിധായകരുടെയും ആദ്യ സിനിമയായതുകൊണ്ട് താന്‍ കാരണം അവരുടെ ചാന്‍സ് വൈകണ്ട എന്നതുകൊണ്ടാണ് തെലുങ്ക് സിനിമയോട് നോ പറഞ്ഞതെന്നും സൈജു കുറുപ്പ് പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സൈജു ഇക്കാര്യം പറഞ്ഞത്.
‘ജൂനിയര്‍ എന്‍.ടി.ആറിന്റെ ഒരു തെലുങ്ക് പടത്തിലേക്ക് എന്നെ വിളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വിളിച്ചത്. നല്ലൊരു വേഷമായിരുന്നു ആ സിനിമയില്‍ എനിക്ക് ഓഫര്‍ ചെയ്തത്. പക്ഷേ ആ സിനിമ ചെയ്യാന്‍ പറ്റിയില്ല. കാരണം, ആ സിനിമക്ക് വേണ്ടി അവര്‍ ആറ് മാസത്തെ ഡേറ്റാണ് ചോദിച്ചത്. ആ സമയത്ത് ഞാന്‍ ഇവിടെ കുറച്ച് സിനിമകള്‍ കമ്മിറ്റ് ചെയ്തിരുന്നു.
മിക്ക സിനിമകളും പുതുമുഖ സംവിധായകരുടേതായിരുന്നു. എനിക്ക് വേണമെങ്കില്‍ ആ സിനിമയൊക്കെ മാറ്റിവെച്ച് തെലുങ്കിലേക്ക് പോകാമായിരുന്നു. പക്ഷേ, ഞാന്‍ കാരണം അവരുടെയൊക്കെ ആദ്യസിനിമ വൈകരുതെന്ന് ആഗ്രഹിച്ചു. അവരുടെ അച്ഛനും അമ്മക്കും മക്കളുടെ ആദ്യസിനിമ പെട്ടെന്ന് കാണാമല്ലോ എന്ന് ചിന്തിച്ചു. അതുകൊണ്ടാണ് എന്‍.ടി.ആറിന്റെ സിനിമ ഞാന്‍ വേണ്ടെന്നുവെച്ചത്,’ സൈജു കുറുപ്പ് പറഞ്ഞു.
Content Highlight: Saiju Kurup about his Telugu movie with Junior NTR