| Tuesday, 27th August 2024, 7:53 pm

നേരാംവണ്ണം അഭിനയിക്കാനറിയാത്ത എനിക്ക് കോമഡി വഴങ്ങുമെന്ന് തെളിയിച്ച സിനിമയാണ് അത്: സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹരിഹരന്‍ സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ മയൂഖത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച നടനാണ് സൈജു കുറുപ്പ്. ആദ്യ ചിത്രത്തില്‍ തന്നെ നായകനായി അരങ്ങേറിയ സൈജു പിന്നീട് വില്ലനായും സഹനടനായും സിനിമയില്‍ സജീവമായി. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടിലെ അറക്കല്‍ അബു എന്ന കഥാപാത്രത്തിലൂടെ കോമഡിയും തനിക്ക് വഴങ്ങുമെന്ന് സൈജു തെളിയിച്ചു. കരിയറില്‍ 100ലധികം സിനിമകള്‍ ഇതിനോടകം സൈജു ചെയ്തിട്ടുണ്ട്.

തന്റെ കരിയറില്‍ വളരെ പ്രധാനപ്പെട്ട സിനിമയാണ് ട്രിവാന്‍ഡ്രം ലോഡ്‌ജെന്ന് പറയുകയാണ് സൈജു കുറുപ്പ്. അതുവരെ 28 സിനിമകള്‍ ചെയ്തിരുന്നുവെന്നും അതിലെല്ലാം തന്റെ അഭിനയം അത്ര പോരെന്ന് സ്വയം തോന്നിയിരുന്നുവെന്നും സൈജു കുറുപ്പ് പറഞ്ഞു. ഒരു സീനില്‍ അഭിനയിക്കുമ്പോള്‍ കൈകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പോലും തനിക്ക് അറിയില്ലായിരുന്നെന്നും സൈജു കുറുപ്പ് കൂട്ടിച്ചേര്‍ത്തു.

അങ്ങനെയുള്ള താന്‍ എങ്ങനെ കോമഡി ചെയ്യുമെന്ന് സംശയമായിരുന്നെന്ന് സൈജു കുറുപ്പ് പറഞ്ഞു. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് ഏറ്റവും പാട് ഹ്യൂമര്‍ ചെയ്ത് ഫലിപ്പിക്കുക എന്നതാണ്. ട്രിവാന്‍ഡ്രം ലോഡജില്‍ മൂന്നോ നാലോ സീനുകളില്‍ മാത്രമേ തന്റെ ക്യാരക്ടര്‍ ഉള്ളൂവെന്നും തനിക്ക് ആ സിനിമ വലിയൊരു ടാസ്‌കായിരുന്നുവെന്നും സൈജു പറഞ്ഞു. അതിലെ ക്യാരക്ടര്‍ നന്നായി എന്നറിഞ്ഞപ്പോള്‍ കോണ്‍ഫിഡന്‍സ് വന്നുവെന്നും സൈജു കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമ ഏതെന്ന് ചോദിച്ചാല്‍ ട്രിവാന്‍ഡ്രം ലോഡ്ജ് എന്നേ ഞാന്‍ പറയൂ. കാരണം, ഞാന്‍ ആദ്യമായി ചെയ്ത കോമഡി റോള്‍ ആ പടത്തിലെയാണ്. കുറച്ചു സീനില്‍ മാത്രമേ ആ ക്യരക്ടര്‍ ഉള്ളൂ. അതിന് മുമ്പ് ഞാന്‍ 28 സിനിമകള്‍ ചെയ്തു. ആ സിനിമകളിലെല്ലാം എന്റെ അഭിനയം അത്ര പോരാ എന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. ഒരു സീനില്‍ അഭിനയിക്കുമ്പോള്‍ കൈകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പോലും എനിക്കറിയില്ലായിരുന്നു.

അങ്ങനെയുള്ള എനിക്ക് ട്രിവാന്‍ഡ്രം ലോഡ്ജിലെ ഹ്യൂമര്‍ റോള്‍ വലിയൊരു ടാസ്‌കായിരുന്നു. കാരണം, ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് അഭിനയിച്ച് ഫലിപ്പിക്കാന്‍ ഏറ്റവും പാട് കോമഡി റോളാണ്. ആ സിനിമയും അതിലെ എന്റെ ക്യാരക്ടറും ശ്രദ്ധിക്കപ്പെട്ടപ്പോള്‍ കോണ്‍ഫിഡന്‍സ് തന്നു. നേരാംവണ്ണം അഭിനയിക്കാനറിയില്ല എന്ന് വിചാരിച്ച എനിക്ക് കോമഡി പറ്റുമെന്ന് തെളിയിച്ച സിനിമയാണ് ട്രിവാന്‍ഡ്രം ലോഡ്ജ്,’ സൈജു കുറുപ്പ് പറഞ്ഞു.

Content Highlight: Saiju Kurup about his character in Trivandrum Lodge movie

We use cookies to give you the best possible experience. Learn more