മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയില്‍ ആന്‍മരിയയുടെ അച്ഛനായി അഭിനയിച്ച കഥാപാത്രം താന്‍ തന്നെയായിരുന്നു എന്ന് നടന്‍ സൈജു കുറുപ്പ്. ജീവിതത്തില്‍ താന്‍ കോമഡി പറയാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ അതെല്ലാം ചീറ്റിപ്പോയത് കാരണം പിന്നീട് ശ്രമിച്ചിട്ടില്ലെന്നും സൈജുകുറുപ്പ് പറഞ്ഞു. സീരിയസ് ക്യാരക്റ്ററുകള്‍ ചെയ്യാനാണ് ഇഷ്ടമെന്നും അത് എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമാശ റോളുകള്‍ ചെയ്യാന്‍ പ്രയാസമാണെന്നും, അത് കൊണ്ട് അത്തരം ക്യാരക്റ്ററുകള്‍ ചെയ്യുമ്പോള്‍ എല്ലായിപ്പോഴും അതിന്റെ റിസ്‌ക് ഓര്‍ത്ത് ഭയമുണ്ടാകാറുണ്ടെന്നും താരം പറഞ്ഞു.
‘കോമഡി ചെയ്യുന്നത് എളുപ്പമല്ല. ഭാഗ്യവശാല്‍ എനിക്ക് നല്ല കുറെ എഴുത്തുകാരുടെ നല്ല ഡയലോഗുകളും സിറ്റുവേഷനുകളും കിട്ടി. അങ്ങനെയായിരിക്കണം എന്റെ ഹ്യൂമര്‍ ആളുകളില്‍ വര്‍ക്കായിട്ടുണ്ടാകുക. ഞാന്‍ ജീവിതത്തില്‍ അങ്ങനെ കോമഡി പറയുന്ന ആളല്ല. ജീവിതത്തില്‍ കോമഡി പറയാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് ചീറ്റിപ്പോയത് കാരണം പിന്നീട് ശ്രമിച്ചിട്ടില്ല. എനിക്ക് സീരിയസ് ക്യാരക്റ്ററുകള്‍ ചെയ്യാനാണ് ഇഷ്ടം. അത് ഈസിയാണ്.
ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയില്‍ ആന്‍മരിയയുടെ അച്ഛനായിട്ടാണ് ഞാന്‍ അഭിനയിച്ചിരിക്കുന്നത്. എനിക്ക് ആ കഥാപാത്രം ഏറെ ഇഷ്ടപ്പെട്ടതാണ്. ആ കഥാപാത്രം അടിസ്ഥാനപരമായി സൈജു കുറുപ്പ് തന്നെയാണ്. എനിക്കത് ഫീല്‍ ചെയ്തിട്ടുണ്ട്. തമാശ ചെയ്യുമ്പോള്‍ എപ്പോഴും ഒരു ഭയമുണ്ടായിരിക്കും. കാരണം, തമാശയാണെന്നും, സിറ്റുവേഷന്‍ അതാണെന്നുമൊക്കെ അറിയാമെങ്കിലും എല്ലാവര്‍ക്കും ഇഷ്ടപ്പെടുമോ, ചീറ്റിപ്പോകുമോ എന്നൊരു ഭയം എപ്പോഴുമുണ്ടാകും. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ ഞാന്‍ എന്റെ പേരില്‍ തന്നെയാണ് അഭിനയിച്ചിട്ടുള്ളത്’, സൈജു കുറുപ്പ് പറഞ്ഞു
ജൂണ്‍ 16ന് തിയേറ്ററുകളിലെത്തുന്ന മധുരമനോഹരമോഹമാണ് സൈജു കുറുപ്പിന്റെ ഏറ്റവും പുതിയ സിനിമ. വര്‍ഷങ്ങളായി കോസ്റ്റിയൂം ഡിസൈനറായി സിനിമ രംഗത്തുള്ള സ്‌റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് മധുരമനോഹരമോഹം. സൈജു കുറുപ്പിനെ കൂടാതെ, ഷറഫുദ്ദീന്‍, രജിഷ വിജയന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലീം, വിജയരാഘവന്‍, അര്‍ഷ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
content highlights: saiju kurpp about character in aanmariyakalippilaan