| Monday, 8th June 2020, 5:40 pm

കോണ്‍ഗ്രസ് നേതാവ് സൈഫുദ്ദീന്‍ സോസിനെ വീട്ടുതടങ്കലിലാക്കിയ നടപടി; കേന്ദ്രത്തോടും ജമ്മു കശ്മീരിനോടും വിശദീകരണം തേടി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സൈഫുദ്ദീന്‍ സോസിനെ കഴിഞ്ഞ ആഗസ്റ്റ് അഞ്ചു മുതല്‍ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച നടപടിയില്‍ വിശദീകരണം തേടി സുപ്രീം കോടതി. സൈഫുദ്ദീന്‍ സോസിന്റെ ഭാര്യ മുംതാസുന്നീസ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടും ജമ്മുകശ്മീര്‍ ഭരണകൂടത്തോടും വിശദീകരണം തേടിയത്.

സൈഫുദ്ദീന്‍ സോസിന്റെ ഭാര്യയുടെ ഹരജിക്ക് ജൂലൈ രണ്ടാം വാരത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോടും ജമ്മു-കശ്മീര്‍ ഭരണകൂടത്തോടും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

വീട്ടു തടങ്കലില്‍ വെച്ച നടപടി പിന്‍വലിക്കണമെന്നും സോസിനെ കോടതിക്കു മുന്നില്‍ കൊണ്ടു വരണമെന്നും സോസിന്റെ ഭാര്യ മുംതാസുന്നീസ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സോസിനെ തടവില്‍ വെച്ചതിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഇദ്ദേഹത്തിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും മുംതാസുന്നീസ പറയുന്നു.

കേന്ദ്രം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമാണ് സൈഫുദ്ദീന്‍ സോസിനെ വീട്ടുതടങ്കലിലാക്കിയത്.

ഒരു രേഖപോലും ഹാജരാക്കാതെയാണ് സോസിനെ വീട്ടുതടങ്കലിലാക്കിയതെന്ന് വാദം കേള്‍ക്കുന്നതിനിടെ സോസിന്റെ ഭാര്യക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

82 വയസ്സുള്ള സോസിന്റെ ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കേണ്ടതുണ്ടെന്നും അഭിഭാഷകനായ എ. എം സിങ്‌വി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരില്‍ മുന്‍ മുഖ്യമന്ത്രിമാരായിരുന്ന ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരെ അറസ്റ്റുചെയ്ത് വീട്ടുതടങ്കലിലാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more