ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സൈഫുദ്ദീന്‍ സോസിനെ കഴിഞ്ഞ ആഗസ്റ്റ് അഞ്ചു മുതല്‍ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച നടപടിയില്‍ വിശദീകരണം തേടി സുപ്രീം കോടതി. സൈഫുദ്ദീന്‍ സോസിന്റെ ഭാര്യ മുംതാസുന്നീസ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടും ജമ്മുകശ്മീര്‍ ഭരണകൂടത്തോടും വിശദീകരണം തേടിയത്.
സൈഫുദ്ദീന്‍ സോസിന്റെ ഭാര്യയുടെ ഹരജിക്ക് ജൂലൈ രണ്ടാം വാരത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോടും ജമ്മു-കശ്മീര്‍ ഭരണകൂടത്തോടും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
വീട്ടു തടങ്കലില്‍ വെച്ച നടപടി പിന്‍വലിക്കണമെന്നും സോസിനെ കോടതിക്കു മുന്നില്‍ കൊണ്ടു വരണമെന്നും സോസിന്റെ ഭാര്യ മുംതാസുന്നീസ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സോസിനെ തടവില്‍ വെച്ചതിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഇദ്ദേഹത്തിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും മുംതാസുന്നീസ പറയുന്നു.
കേന്ദ്രം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമാണ് സൈഫുദ്ദീന്‍ സോസിനെ വീട്ടുതടങ്കലിലാക്കിയത്.