'സൈഫുദ്ദീന്‍ സോസ് വീട്ടുതടങ്കലിലോ കസ്റ്റഡിയിലോ അല്ല, ഭാര്യയുടെ പരാതി വ്യാജം'; സുപ്രീം കോടതിയില്‍ ജമ്മു കശ്മീര്‍ ഭരണകൂടം
India
'സൈഫുദ്ദീന്‍ സോസ് വീട്ടുതടങ്കലിലോ കസ്റ്റഡിയിലോ അല്ല, ഭാര്യയുടെ പരാതി വ്യാജം'; സുപ്രീം കോടതിയില്‍ ജമ്മു കശ്മീര്‍ ഭരണകൂടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th July 2020, 10:37 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സൈഫുദ്ദീന്‍ സോസിന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ നിലപാട് അറിയിച്ച് ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ്.

സൈഫുദ്ദീന്‍ സോസ് വീട്ടുതടങ്കലിലോ കസ്റ്റഡിയിലോ അല്ല ഉള്ളതെന്നും ഭാര്യയുടെ പരാതി വ്യാജമാണെന്നുമായിരുന്നു ജമ്മു കശ്മീര്‍ ഭരണകൂടം സുപ്രീം കോടതിയില്‍ പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ അന്ന് മുതല്‍ സോസിനെ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഭാര്യ മുംതസുന്നിസ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയത്.

എന്നാല്‍ ഇത്തരമൊരു പരാതിയില്‍ കഴമ്പില്ലെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹത്തെ ഭരണകൂടം തടങ്കലില്‍ പാര്‍ക്കിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം സ്വതന്ത്രനാണെന്നുമായിരുന്നു ആഭ്യന്തരവകുപ്പ് കോടതിയെ അറിയിച്ചത്.

‘പ്രൊഫസര്‍ സൈഫുദ്ദീന്‍ സോസിന് ഏതെങ്കിലും സ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിന് യാതൊരു നിയന്ത്രണവുമില്ല, എന്നാല്‍ അത് ആ പ്രദേശത്തെ ക്രമസമാധാനവും സുരക്ഷയും കൂടി കണക്കിലെടുത്തായിരിക്കണം. പ്രൊഫസര്‍ സോസിനെ അദ്ദേഹത്തിന്റെ ഭാര്യ ആരോപിക്കുന്നതുപോലെ ഒരിക്കലും തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ല,” എന്നായിരുന്നു ആഭ്യന്തര സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്.

സോസിന് പ്രത്യേക സംരക്ഷണം വേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ക്ലോക്ക് സെക്യൂരിറ്റി ഗാര്‍ഡുകളേയും പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരേയും നല്‍കിയിട്ടുണ്ട്. അദ്ദേഹം എവിടേക്ക് പോകുകയാണെങ്കിലും അകമ്പടിയായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടാകും. അത് പ്രോട്ടോക്കോള്‍ പ്രകാരം ചെയ്യുന്നതാണ്. എന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ 2019 ഓഗസ്റ്റ് 5 ന് ആളുകളുടെ യാത്രകള്‍ക്കും മറ്റും പൊതുവായ നിയന്ത്രണമുണ്ടായിരുന്നുവെങ്കിലും സോസിനെ ഒരിക്കലും തടഞ്ഞുവയ്ക്കുകയോ അദ്ദേഹത്തെ കസ്റ്റഡിയില്‍ വെക്കുകയോ ചെയ്തിട്ടില്ലെന്നും കോടതിയില്‍ നല്‍കിയ ഹരജി ‘വ്യാജവും അടിസ്ഥാനരഹിതവുമാണ്’ എന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

തന്റെ ഭര്‍ത്താവിനെ അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഭാര്യ മുംതസുന്നിസ അപേക്ഷ നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകനായ മനു സിങ്വിയാണ് അദ്ദേഹത്തിന് വേണ്ടി ഹാജരാകുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ