മുംബൈ: ലോകത്തെങ്ങും മുസ്‌ലിം വിരുദ്ധ മനോഭാവം നിലനില്‍ക്കുന്നുവെന്ന് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍. അസഹിഷ്ണുതയെ കുറിച്ച് സംസാരിക്കുമ്പോള്‍ അമിതാവേശം കാണക്കുന്നവരാണ് ജനങ്ങളെന്നും ഈ അസഹിഷ്ണുത പുതിയതല്ല, ഇത് എപ്പോഴും ഇവിടെയുണ്ടായിരുന്നുവെന്നും താരം. സമൂഹമാധ്യമങ്ങളുടെ വരവോട് കൂടിയാണ് അസ്ഹിഷ്ണുതയെ പറ്റി എളുപ്പത്തില്‍ കേട്ട് തുടങ്ങുന്നതെന്നും താരം അഭിപ്രായപ്പെടുന്നു.
ഒരിക്കല്‍ പാരീസ് റസ്റ്റോറന്റില്‍ വെച്ച് തനിക്കുണ്ടായ ഒരനുഭവവും സെയ്ഫ് പങ്കു വെച്ചുകൊണ്ടാണ് താരം ലോകത്ത് മുസ് ലിമുകള്‍ അനുഭവിക്കുന്ന അസഹിഷ്ണുതയെ കുറിച്ച് സംസാരിച്ചത്. “പാരീസ് റസ്റ്റോറന്റില്‍ വെച്ച് ഒരു ഇറ്റാലിയന്‍ ഫിലിം മേക്കറുടെ കൂടെ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയുമുണ്ടായി. സംസാരം തുടങ്ങി കുറച്ച് നിമിഷങ്ങള്‍ക്കകം നിങ്ങളൊരു മുസ്‌ലീമാണല്ലെയെന്ന് അദ്ദേഹം ചോദിച്ചു. അതെ എന്ന് ഞാന്‍ മറുപടിയും നല്‍കി. വേറെ ആരോടും ഇത് പറയരുതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്റെ രാജ്യത്ത് മാത്രമല്ല, വിദേശത്തെ ചില രാജ്യങ്ങളിലും ഈ മനോഭാവമാണ് നിലനില്‍ക്കുന്നതെന്നാണ് എനിക്ക് തോന്നിയത്.”
ഇന്ത്യന്‍ എക്സ്പ്രസിന്റെ “എക്സ്പ്രസ് അഡയില്‍” സംസാരിക്കവെയാണ് സെയ്ഫ് അസഹിഷ്ണുതയെ പറ്റിയുളള അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്.
അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് അവാര്‍ഡ് തിരിച്ച് നല്‍കുന്നതിനെ പറ്റി ജനങ്ങള്‍ പറയുന്നുണ്ട്, എന്നാല്‍ തനിക്കതിനോട് യോജിപ്പില്ലെന്നും താരം വ്യക്തമാക്കി. ആരെങ്കിലും നിലവിലെ വ്യവസ്ഥകളില്‍ ദുഃഖിതരും അവാര്‍ഡ് തിരിച്ച് നല്‍കണമെന്ന് ആഗ്രഹിക്കുന്നുമുണ്ടെങ്കില്‍ അത് നല്ലതാണ്. അത് ഒരു പക്ഷേ പ്രസിദ്ധിയുടെ ഭാഗമാവാമെന്നും അതിനെ കുറിച്ച് കൂടുതലൊന്നും തനിക്കറിയില്ലെന്നും സെയ്ഫ് പറഞ്ഞു.
അക്ഷയ് കുമാറിന് മികച്ച നടനുളള ദേശീയ അവാര്‍ഡ് കിട്ടിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ 2005ല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട തന്റെ അനുഭവവുമായി ഇതിനെ ബന്ധിപ്പിക്കുകയാണ് സെയ്ഫ് ചെയ്തത്. അക്ഷയ് കുമാറിന് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ വന്‍ ചര്‍ച്ചകളാണുണ്ടായത്. എനിക്ക് ഹം തുമിന് വേണ്ടി പുരസ്‌കാരം കിട്ടാമെന്നാണെങ്കില്‍ അക്ഷയ് കുമാറിന് കിട്ടിയത് ശരിയാണെന്നാണ് ഒരാള്‍ പറഞ്ഞ് കളിയാക്കിയത്. ഓംകാരയ്ക്കാണ് എനിക്ക് പുരസ്‌കാരം ലഭിച്ചതെന്ന് കരുതുന്നവരാണ് അധികവും. എനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയതിനെ കളിയാക്കുമ്പോള്‍ കോപം വരാറുണ്ടെന്നും സെയ്ഫ് പറയുന്നു.
തന്റെ മകന്‍ തൈമുറിന് അവനിഷ്ടമുളള മതം തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം ഉണ്ടെന്നും സെയ്ഫ് അലി ഖാന്‍.
“”ഞങ്ങളുടെ മകന്‍ രാജ്യത്തിന്റെ നല്ലൊരു പ്രതിനിധിയായിരിക്കാനാണ് ഞാനും എന്റെ ഭാര്യയും ശ്രമിക്കുന്നത്. അവന് ഇഷ്ടമുളള മതം തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം അവനുണ്ട്. അവന്റെ അച്ഛനമ്മമാരെ പോലെ ലിബറലായ, തുറന്ന മനസുളള,താഴ്മയുളള ഒരാളായി അവന്‍ വളരണം.”
സെയ്ഫ് അലി ഖാന്‍ -കരീന കപൂര്‍ ദമ്പതികളുടെ കുഞ്ഞ് രാജകുമാരാനാണ് തൈമുര്‍. കഴിഞ്ഞ ഡിസംബര്‍ 20 നാണ് തൈമുര്‍ ജനിച്ചത്. കുഞ്ഞിന് തൈമുറെന്ന പേരിട്ടത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു