മഹാഭാരതം സിനിമയാക്കിയാല്‍ അതില്‍ അഭിനയിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്ന് നടന്‍ സെയ്ഫ് അലി ഖാന്‍. അജയ് ദേവ്ഗണിനോട് പലപ്പോഴായി ഈ കാര്യം താന്‍ പറഞ്ഞിട്ടുണ്ടെന്നും മഹാഭാരതം സിനിമയാക്കാന്‍ ശ്രമിക്കുമെന്നും ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ സെയ്ഫ് പറഞ്ഞു.
‘ലോര്‍ഡ് ഓഫ് ദി റിങ്‌സ് പോലെ മഹാഭാരതവും ആരെങ്കിലും സിനിമ ആക്കുകയാണെങ്കില്‍ എനിക്കും അതില്‍ അഭിനയിക്കണം. കച്ചേ ദാഗേ, തന്‍ഹാജി എന്നീ സിനിമകള്‍ ചെയ്യുമ്പോഴൊക്കെ അജയ് ദേവ്ഗണിനോട് ഇതേപറ്റി സംസാരിച്ചിട്ടുണ്ട്.
ഞങ്ങളുടെ തലമുറയിലുള്ള കലാകാരന്മാര്‍ക്ക് ഇതൊരു ഡ്രീം പ്രോജക്റ്റാണ്. എല്ലാവര്‍ക്കും മഹാഭാരതം ഒന്നു ചെയ്താല് കൊള്ളാമെന്നുണ്ട്. പറ്റുമെങ്കില്‍ സൗത്ത് ഫിലിം ഇന്‍ഡസ്ട്രിയുമായോ അല്ലെങ്കിലും മറ്റാരെങ്കിലുമായോ ചേര്‍ന്ന് ബോംബൈ ഫിലിം ഇന്‍ഡസ്ട്രി മഹാഭാരതം സിനിമയാക്കാന്‍ ശ്രമിക്കും,’ സെയ്ഫ് അലി ഖാന്‍ പറഞ്ഞു.
ഓം റൗട്ടിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനാവുന്ന ആദിപുരുഷാണ് സെയ്ഫ് അലി ഖാന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. രാമായണത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ രാവണന്റെ വേഷമാണ് സെയ്ഫ് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ റിലീസിന് പിന്നാലെ വലിയ രീതിയില്‍ ട്രോളുകള്‍ വന്നിരുന്നു. സെയ്ഫ് അലി ഖാന്റെ രാവണനെ കണ്ടാല്‍ രാമന്‍ യുദ്ധം ചെയ്യുന്നത് ഗസ്‌നിയോടോ ഗോറിയോടോ ഖില്‍ജിയോടോ ആണെന്ന് തോന്നി പോവുമെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
Content Highlight: Saif Ali Khan says he wants to act in Mahabharata too