തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി റീമേക്കിന്റെ റിലീസ് തിരക്കുകളിലാണ് നടന്‍ സെയ്ഫ് അലി ഖാന്‍. തമിഴില്‍ മാധവന്‍ ചെയ്ത വിക്രം എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സെയ്ഫ് എത്തുന്നത്.
ചിത്രത്തിലെ പൊലീസ് കഥാപാത്രത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ കൂടി അഭിമുഖങ്ങളില്‍ സെയ്ഫ് പങ്കുവെക്കുന്നുണ്ട്. എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായ തന്റെ കഥാപാത്രത്തിന്റെ പ്രവര്‍ത്തികളോട് വ്യക്തിപരമായി യോജിക്കുന്നില്ലെന്നാണ് സെയ്ഫ് പറയുന്നത്.
താന്‍ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണെന്നും ലിബറലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ബിസ് ഏഷ്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘സിനിമയിലെ പ്ലോട്ട് നോക്കുകയാണെങ്കില്‍, മാഫിയകളെ നിയന്ത്രിക്കാനാകാത്ത ഒരു സാഹചര്യമുണ്ടാകുന്നു. ഒരു അര്‍ബന്‍ ലെജന്‍ഡാണ് പിന്നെ അവിടെ നടക്കുന്നത്. കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊല്ലുകയാണ്.
ഈ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്നും ശരിക്കും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നോ, അതോ അയാളെ കൊല്ലുകയായിരുന്നോ എന്നൊന്നും എവിടെയും പറയുന്നില്ല.
ഈ കൊലകള്‍ക്ക് ശേഷം കുറച്ച് പേപ്പര്‍ വര്‍ക്കുകള്‍ കാണിക്കുന്ന സീനാണ്. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു എന്ന് രീതിയില്‍ രേഖകളുണ്ടാക്കുകയാണ്. ഇതാണ് ‘ഏറ്റുമുട്ടല്‍ കൊലപാതകം’, സത്യം പറഞ്ഞാല്‍, വ്യാജ ഏറ്റുമുട്ടല്‍ കൊല.
ഇത് പൂര്‍ണമായും നിയമവിരുദ്ധമായ പ്രവര്‍ത്തിയാണ്. ജുഡീഷ്യറിയുടെ പരിധികള്‍ക്ക് പുറത്തു നടക്കുന്ന കാര്യമാണ്. സിനിമയിലും ഇത് അല്‍പം അസ്വസ്ഥതപ്പെടുന്ന കാഴ്ച തന്നെയാണ്. അതാണ് എന്റെ കഥാപാത്രം ചെയ്യുന്നത്.
പക്ഷെ അയാളെ ഇവിടെ നല്ലവനായാണ് കാണിക്കുന്നത്. കാരണം വളരെ അത്യാവശ്യമായ നടപടിയായിട്ടാണ് അയാള്‍ ഈ കൊലകളെ കാണുന്നത്.
ഞാന്‍ കുറച്ച് ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. ഇന്നത്തെ കാലത്ത് ഇതേ കുറിച്ചൊന്നും പറയാന്‍ പറ്റില്ലല്ലോ. പക്ഷെ ശരിക്കും ഞാന്‍ കുറച്ച് ലിബറലായ മനുഷ്യനാണ്. വിധിക്കപ്പെടും മുന്‍പ് എല്ലാവര്‍ക്കും ന്യായവും നീതിപൂര്‍വുമായ വിചാരണക്ക് അവസരം ലഭിക്കണമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
കുറ്റക്കാരനാണെന്ന് സംശയിക്കുന്ന വ്യക്തികളെ കൊന്നുകളയുന്ന നിലപാടിനോട് എനിക്ക് ഒരിക്കലും യോജിക്കാനാവില്ല. സിനിമയില്‍ എന്റെ കഥാപാത്രം പക്ഷെ ആ രീതിയെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ്,’ സെയ്ഫ് അലി ഖാന്‍ പറഞ്ഞു.