മതവിശ്വാസത്തെക്കുറിച്ചും വര്‍ത്തമാനകാലത്തെ മതവിശ്വാസത്തിന്റെ പ്രസക്തിയെക്കുറിച്ചും മിശ്രവിവാഹത്തെക്കുറിച്ചുമെല്ലാമുള്ള തന്റെ ഉറച്ച നിലപാടുകള്‍ വ്യക്തമാക്കി സെയ്ഫ് 2014 ഒക്ടോബര്‍ 16ന് ഇന്ത്യന്‍ എക്‌സ്പ്രസിലെഴുതിയ ലേഖനം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
മുംബൈ: മകന് “തൈമൂര്‍ അലി ഖാന്‍ പട്ടൗഡി” എന്ന് പേരിട്ടതിന് സെയ്ഫ് അലി ഖാന്‍ കരീന ദമ്പതികള്‍ക്കെതിരെ സംഘപരിവാറിന്റെ വിദ്വേഷ പ്രചരണം ശക്തമായിരിക്കെ സെയ്ഫ് രണ്ടു വര്‍ഷം മുന്‍പെഴുതിയ ലേഖനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.
മതവിശ്വാസത്തെക്കുറിച്ചും വര്‍ത്തമാനകാലത്തെ മതവിശ്വാസത്തിന്റെ പ്രസക്തിയെക്കുറിച്ചും മിശ്രവിവാഹത്തെക്കുറിച്ചുമെല്ലാമുള്ള തന്റെ ഉറച്ച നിലപാടുകള്‍ വ്യക്തമാക്കി സെയ്ഫ് 2014 ഒക്ടോബര്‍ 16ന് ഇന്ത്യന്‍ എക്‌സ്പ്രസിലെഴുതിയ ലേഖനം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യന്‍ എക്‌സ്പ്രസ് തന്നെ ഈ ലേഖനം വീണ്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
20-ാം തീയതിയാണ് സെയ്ഫ്-കരീന ദമ്പതികള്‍ക്ക് ഒരാണ്‍കുഞ്ഞ് ജനിച്ചത്. കുട്ടിക്ക് “തൈമൂര്‍ അലി ഖാന്‍ പട്ടൗഡി” എന്ന് പേരിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ “താഹിര്‍ അലിഖാന്റെ ലക്ഷ്യം ഒന്നുമാത്രമാണ്. തീവ്രവാദി അല്ലെങ്കില്‍ ജിഹാദി ആകാന്‍ പറ്റിയ പേരാണ് ഇത് “, “എന്തൊരു പേര്? ഒരു ജിഹാദിസ്റ്റ് ജനിച്ചതുപോലെ തോന്നുന്നു. കരീന കപൂര്‍ ഖാന്‍ മുത്വലാഖിനായി കാത്തിരിക്കുകയാണ്.” തുടങ്ങി വിദ്വേഷ പ്രചരണങ്ങളുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയ പ്രതികരിച്ചത് ഈ ലേഖനം പ്രചരിപ്പിച്ചുകൊണ്ടാണ്. മിശ്രവിവാഹം എന്നാല്‍ ജിഹാദല്ല, ഇത് ഇന്ത്യയാണ്. മിശ്രവിവാഹം കഴിഞ്ഞാലും ഭാര്യയ്ക്കും ഭര്‍ത്താവിനും അവരുടെ വിശ്വാസം വച്ചുപലര്‍ത്തി ജീവിക്കാന്‍ ഒരു തടസ്സവുമില്ലെന്നും സെയ്ഫ് ലേഖനത്തില്‍ പറയുന്നു.
വിവാഹം കഴിക്കാന്‍ ആരും മതംമാറേണ്ടതില്ല. ഇംഗ്ലീഷും മുസ്‌ലീമും ഹിന്ദുവുമെല്ലാം ചേര്‍ന്ന് നെയ്‌തെടുത്തതാണ് ഇന്ത്യ. ഈ വൈവിധ്യമാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്. ഇന്ന് മതത്തിനാണ് കൂടുതല്‍ പ്രാധാന്യം കല്‍പിക്കുന്നത്. അല്ലാതെ മനുഷ്യത്വത്തിനല്ലെന്നും സെയ്ഫ് ലേഖനത്തില്‍ കുറിക്കുന്നു.
വ്യത്യസ്ത മതത്തില്‍പ്പെട്ട കരീന കപൂറുമായുള്ള വിവാഹം അത്ര എളുപ്പമായിരുന്നില്ലെന്നും സെയ്ഫ് പറയുന്നു. രണ്ടു വീട്ടുകാര്‍ക്കും എതിര്‍പ്പായിരുന്നു. രാജകുടുംബത്തിന് അവരുടേതായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബ്രാഹ്മണര്‍ക്ക് അവരുടേതും. ഇരു മതങ്ങളിലെയും തീവ്രവാദികളും എതിര്‍പ്പുമായി വന്നു. ഇരുഭാഗത്ത് നിന്നും വധഭീഷണിവരെയുണ്ടായി. ലൗ ജിഹാദ് എന്ന് പരിഹാസ്യമായി അധിക്ഷേപിച്ചു. എന്നിട്ടും ഞങ്ങളുടെ വിവാഹം യാഥാര്‍ഥ്യമായി, സെയ്ഫ് കുറിച്ചു.
എന്റെ മുത്തശ്ശിയുടെ പ്രണയവിവാഹത്തിന്റെ ചരിത്രമാണ് ഞങ്ങള്‍ക്ക് തുണയായത്. യഥാര്‍ഥ ജീവിതത്തിലെ പ്രണയകഥകള്‍ കേട്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ദൈവം ഒന്നാണെന്നും പല പേരുകളില്‍ അറിയപ്പെടുക മാത്രമാണെന്നും പഠിപ്പിച്ചാണ് ഞങ്ങളെ വളര്‍ത്തിയത്.
ഇന്ന് ഞങ്ങള്‍ ഇരുവരുടെയും വിശ്വാസങ്ങളെ അംഗീകരിച്ചാണ് ജീവിക്കുന്നത്. ഞാന്‍ കരീനയ്‌ക്കൊപ്പം പോയി പള്ളിയില്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. കുര്‍ബാന കൂടിയിട്ടുണ്ട്. കരീന ദര്‍ഗകളില്‍ നമസ്‌കരിക്കാറുണ്ട്. പള്ളികളില്‍ പ്രാര്‍ത്ഥിക്കാറുണ്ട്. പുതിയ വീട്ടില്‍ ഹോമം നടത്തി, വെഞ്ചരിപ്പു നടത്തി. ഖുറാന്‍ പാരായണവും ഉണ്ടായിരുന്നുവെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.
ഇസ്‌ലാം മതം വിമര്‍ശന വിദേയമാകുന്ന കാലമാണിത്. പെണ്‍മക്കളെ മുസ്‌ലീങ്ങള്‍ക്ക് വിവാഹം ചെയ്തു കൊടുക്കാന്‍ പലരും ഭയക്കുന്നു. മതംമാറ്റവും മുത്വലാഖും ബഹുഭാര്യാത്വവുമാണ് ഈ ഭയത്തിന് ആധാരം. ഇതെല്ലാം അപരിഷ്‌കൃതമാണ്. ഇസ്‌ലാം മതത്തില്‍ ഒരുപാട് പരിഷ്‌കാരങ്ങള്‍ വരേണ്ട നേരമായി. എന്റെ മനസിലെ മതം സമാധാനവും ആത്മസമര്‍പ്പണവുമായിരുന്നുവെന്നും സെയ്ഫ് വ്യക്തമാക്കുന്നു.
ചന്ദ്രനും മരുഭൂമിയും കാലിഗ്രഫിയും ആയിരത്തൊന്ന് രാവുകളുമൊക്കെയായിരുന്നു പണ്ട് തനിക്ക് മതം. വളര്‍ന്നുവന്നപ്പോള്‍ മതം ദുരുപയോഗം ചെയ്യപ്പെടുന്നതാണ് താന്‍ കണ്ടത്. ഇന്ന് മനുഷ്യ നിര്‍മ്മിതമായ മതങ്ങളില്‍ നിന്ന് അകലം പാലിക്കുകയാണ് താനെന്നും സെയ്ഫ് പറയുന്നു.