മുംബൈ: ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും തങ്ങളുടെ കുഞ്ഞിന് തൈമൂര്‍ എന്ന് പേരിട്ടതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
പതിനാലാം നൂറ്റാണ്ടിന്റെ അവസാം ഇന്ത്യയിലെ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയ മധ്യേഷ്യന്‍ ഭരണാധികാരിയായിരുന്ന തിമൂര്‍ ബിന്‍ തരഘായുടെ സ്മരണയ്ക്കായാണ് താരങ്ങള്‍ ഈ പേര് തന്നെ കുഞ്ഞിന് ഇട്ടതെന്നായിരുന്നു ഹിന്ദുത്വവാദികളുടെ വാദം.
എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാന്‍ സെയ്‌ഫോ കരീനയോ തയ്യാറായിരുന്നില്ല. എന്നാല്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് സെയ്ഫ് ഇപ്പോള്‍.
തൈമൂര്‍ എന്ന പേര് ഈ ലോകത്ത് ആദ്യമായി എന്റെ കുഞ്ഞിന് അല്ല ഉള്ളതെന്ന് സെയ്ഫ് പറയുന്നു. ആ ഭരണാധികാരിയുടെ പേര് തിമൂര്‍ എന്നായിരുന്നു. എന്റെ മകന്റെ പേര് തൈമൂര്‍ എന്നാണ്. രണ്ട് പേരും എതാണ്ട് ഒരുപോലെയാണ് എന്നല്ലാതെ രണ്ട് പേരിന്റേയും അര്‍ത്ഥം രണ്ടാണ്.
തൈമൂര്‍ എന്നാണ് ഒരു പേര്‍ഷ്യന്‍ വാക്കാണ്. ഉരുക്ക് എന്നാണ് അര്‍ത്ഥം. പേരും അതിന്റെ അര്‍ത്ഥവും എനിക്കും കരീനയ്ക്കും ഇഷ്ടമായി. ഒരുപാട് പേരുകള്‍ കുഞ്ഞിനായി കണ്ടത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ ഇരുവര്‍ക്കും ഈ പേര് ഏറെ ഇഷ്ടമായി.
സോഷ്യല്‍മീഡിയയിലെ വിവാദങ്ങളെല്ലാം കണ്ടു. അതിനോടും പ്രതികരിക്കാനില്ല. നിരവധിയാളുകള്‍ അവിടേയും എനിക്ക് പിന്തുണയുമായി വന്നിരുന്നു. ഒരു വലത്പക്ഷ സമൂഹത്തിലല്ല നമ്മള്‍ ജീവിക്കുന്നതെന്ന ആത്മവിശ്വാസം എനിക്കുണ്ട്.
ഇന്ത്യ എന്നത് വിശാലമായ സമൂഹമാണ്. ഇവിടെ ഉള്ളവര്‍ തുറന്ന മനസ്ഥിതിക്കാരാണെന്നും സെയ്ഫ് പറയുന്നു. തന്നെപ്പോലെ തന്നെ തന്റെ മകനും തുറന്നമനസുള്ളവനും ജാതിമത വ്യത്യാസങ്ങളൊന്നും ഇല്ലാതെ എല്ലാവരേയും ഒരേകണ്ണോടെ കാണുന്നവനും ആയിരിക്കണമെന്നാണ് ആഗ്രഹമെന്നും തന്റെ മൂന്ന് മക്കളേയും ഒരേപോലെ തന്നെയാണ് കാണുന്നതെന്നും സെയ്ഫ് പറയുന്നു.