| Wednesday, 2nd September 2020, 9:33 pm

സിനിമയില് അഭിനയിക്കാനുള്ള ക്ഷണം നിരസിച്ചതിന് സെലിബ്രെറ്റി വക്കീല്‍ അപമാനിക്കുന്നു; നിയമ നടപടിക്കൊരുങ്ങി സായി ശ്വേത ടീച്ചര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം നിരസിച്ചതിന്റെ പേരില്‍ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് സായി ശ്വേത ടീച്ചര്‍. മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ പറഞ്ഞുള്ള ഓണ്‍ലൈന്‍ ക്ലാസ്സിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച ടീച്ചറാണ് കോഴിക്കോട് സ്വദേശിനിയായ സായി ശ്വേത

തനിക്ക് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ സെലിബ്രെറ്റി സ്റ്റാറ്റസ് ഉള്ള ഒരു അഭിഭാഷകന്റെ അടുത്ത് നിന്ന് സിനിമയില്‍ അഭിനയിക്കുന്നതിനായി ക്ഷണം വന്നിരുന്നെന്നും എന്നാല്‍ ഈ അവസരം നിരസിച്ചതിനെ തുടര്‍ന്ന് തന്നെ പൊതു സമൂഹത്തില്‍ എന്നെ അങ്ങേയറ്റം അവഹേളിക്കുകയാണെന്നുമാണ് സായി ശ്വേത പറയുന്നത്.

ഒരു സ്ത്രീയോട് അപരിചിതനായ ഒരാള്‍ ആവശ്യപ്പെടുന്നത് അതേപടി അനുസരിച്ചില്ലെങ്കില്‍ സമൂഹ മധ്യത്തില്‍ അയാള്‍ക്ക് സ്ത്രീയെ അപവാദ പ്രചാരണം നടത്തി അപമാനിക്കാം എന്ന് ചിലര്‍ ജന്മ അവകാശം പോലെ കരുതുന്നതിന്റെ ഏറ്റവും പുതിയ അനുഭവമാണിതെന്നും സായി ശ്വേത ഫേസ്ബുക്കില്‍ കുറിച്ചു.

വിഷയത്തെ നിയമപരമായി നേരിടാനാണ് ഇപ്പോള്‍ താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അതിന്റെ ഭാഗമായി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണെന്നും സായി പറഞ്ഞു.

സായി ശ്വേതയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

”പ്രിയപ്പെട്ടവരെ ,

ഏറെ സങ്കടത്തോടെയാണ് ഈ കുറിപ്പ് ഞാന്‍ എഴുതുന്നത്…മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും ഓണ്‍ലൈന്‍ ക്ലാസ്സിന് നിങ്ങള്‍ തന്ന വലിയ സപ്പോര്‍ട്ടിനും വിജയത്തിനും ശേഷം ധാരാളം പ്രോഗ്രാമുകള്‍ക്ക് ഈ എളിയ എനിക്ക് ദിവസവും ക്ഷണം ലഭിക്കാറുണ്ട്. അതില്‍ പ്രാദേശികമായ ഒട്ടേറെ പരിപാടികളില്‍ ഒരു മാറ്റവുമില്ലാതെ പഴയതുപോലെ സന്തോഷത്തോടെ ഞാന്‍ പങ്കെടുക്കാറുള്ളത് നിങ്ങളില്‍ ചിലരെങ്കിലും കണ്ടിട്ടുണ്ടാവുമല്ലോ .

കഴിഞ്ഞ ദിവസം എനിക്ക് അപരിചിതമായ ഒരു നമ്പറില്‍ നിന്നും ഫോണ്‍ വന്നു. അപ്പോഴത്തെ തിരക്ക് കാരണം എടുക്കാന്‍ കഴിഞ്ഞില്ല. പല തവണ വിളിച്ചത് കൊണ്ട് ഗൗരവപ്പെട്ട കാര്യമാകുമെന്ന് കരുതി ഞാന്‍ തിരിച്ചു വിളിച്ചു. ഒരു സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണമായിരുന്നു അത്. പെട്ടെന്ന് ഒരു മറുപടി പറയാനുള്ള ബുദ്ധിമുട്ട് കൊണ്ട് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ കുടുംബ സുഹൃത്തിന്റെ നമ്പര്‍ കൊടുക്കുകയും അദ്ദേഹത്തോട് സിനിമയുടെ വിശദാംശങ്ങള്‍ പറഞ്ഞാല്‍ നന്നാവുമെന്നും പറഞ്ഞു. എന്റെ ഭര്‍ത്താവും വിളിച്ച ആളോട് സംസാരിച്ചിരുന്നു. പിന്നീട് ആലോചിച്ച് നോക്കിയപ്പോള്‍ തല്ക്കാലം സിനിമ അഭിനയം വേണ്ട എന്ന് ഞാന്‍ തീരുമാനിക്കുകയും എന്നെ വിളിച്ച ആളെ കുടുംബ സുഹൃത്ത് വഴി അത് അറിയിക്കുകയും ചെയ്തു.

പക്ഷെ പിന്നീട് കാര്യങ്ങള്‍ മാറുന്ന അവസ്ഥയാണ് കണ്ടത്. എന്നെ വിളിച്ചയാള്‍ ഫെയ്സ് ബൂക്കിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ നിരത്തി പൊതു സമൂഹത്തില്‍ എന്നെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ടു. സോഷ്യല്‍ മീഡിയയില്‍ സെലിബ്രെറ്റി സ്റ്റാറ്റസുള്ള, വക്കീലുകൂടിയായ അദ്ദേഹം ഒരാള്‍ എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ മൗലിക അവകാശത്തെ പോലും ചോദ്യം ചെയ്തുകൊണ്ട് ഹീനമായി വ്യക്തിഹത്യ നടത്തുകയും സത്യം അറിയാതെ ഒട്ടേറെ പേര്‍ അത് ഷെയര്‍ ചെയ്യുകയും കമന്റിടുകയും ചെയ്തു.എന്നെ സ്‌നേഹിക്കുന്ന ധാരാളം പേര്‍ അത് വായിച്ചു എന്നെ വിളിക്കുകയും അവരോടൊക്കെ മറുപടി പറയാനാവാതെ ഞാന്‍ വിഷമിക്കുകയും ചെയ്തു .

ഒരു സ്ത്രീയോട് അപരിചിതനായ ഒരാള്‍ ആവശ്യപ്പെടുന്നത് അതേപടി അനുസരിച്ചില്ലെങ്കില്‍ സമൂഹ മധ്യത്തില്‍ അയാള്‍ക്ക് സ്ത്രീയെ അപവാദ പ്രചാരണം നടത്തി അപമാനിക്കാം എന്ന് ചിലര്‍ ജന്മ അവകാശം പോലെ കരുതുന്നതിന്റെ ഏറ്റവും പുതിയ അനുഭവമാണിത്. വിദ്യാസമ്പന്നരെന്ന് നമ്മള്‍ കരുതുന്നവര്‍ പോലും ഇങ്ങിനെയാണ് സ്ത്രീകളോട് പെരുമാറുന്നത്. ആദ്യം ഞാന്‍ വല്ലാതെ തളര്‍ന്നു പോയിരുന്നു. പിന്നീട് കുടുംബവും സുഹൃത്തുക്കളും എന്നെ അറിയാവുന്ന പൊതുസമൂഹവും എനിക്ക് നല്‍കിയ ധൈര്യത്തിലും പിന്തുണയിലും ഈ വിഷയത്തെ നിയമപരമായി നേരിടാനാണ് ഇപ്പോള്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഒരു ടീച്ചര്‍ എന്ന നിലയില്‍ അതെന്റെ സാമൂഹിക ഉത്തരവാദിത്വമാണെന്ന് ഞാന്‍ കരുതുന്നു. ഈ വിഷയത്തില്‍ കേരളീയ പൊതു സമൂഹത്തിന്റെ പിന്തുണ എനിക്ക് ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങളുടെ സ്വന്തം സായി ശ്വേത ടീച്ചര്‍”

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ContentHighlights:lawyer insulted for refusing invitation to act in film; Sai Swetha teacher ready for legal action

We use cookies to give you the best possible experience. Learn more