കൗണ്ടിയില്‍ ഇടിമിന്നലായി ഗുജറാത്തിന്റെ പടയാളി; ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാല്‍ ഇവന്‍ ആളിക്കത്തും!
Sports News
കൗണ്ടിയില്‍ ഇടിമിന്നലായി ഗുജറാത്തിന്റെ പടയാളി; ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാല്‍ ഇവന്‍ ആളിക്കത്തും!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 31st August 2024, 7:49 am

ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ ട്രോഫിയില്‍ ഇടിവെട്ട് സെഞ്ച്വറി നേടി ഇന്ത്യന്‍ താരം സായി സുദര്‍ശന്‍. കഴിഞ്ഞ ദിവസം നോട്ടിങ്ഹാംഷെയറിനെതിരായ മത്സരത്തില്‍ സറേയ്ക്ക് വേണ്ടിയാണ് താരം മിന്നും പ്രകടനം പുറത്തെടുത്തത്.

വെറും രണ്ട് മത്സരങ്ങള്‍ക്ക് വേണ്ടിയാണ് സായി ടീമിലെത്തിയത്. എന്നാല്‍ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ അമ്പരപ്പിക്കുന്ന പ്രകടനമാണ് താരം നടത്തിയത്. ആറാം നമ്പറില്‍ ഇറങ്ങി 178 പന്തില്‍ 10 ബൗണ്ടറികളും ഒരു സിക്ലും അടക്കം 105 റണ്‍സ് നേടിയാണ് യുവതാരം ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്.

ആദ്യ ഇന്നിങ്‌സില്‍ സറേ 525 റണ്‍സെടുത്തു. 266 പന്തില്‍ 161 റണ്‍സ് നേടിയ റോറി ബേണ്‍സാണ് ടോപ് സ്‌കോറര്‍. റയാന്‍ പട്ടേല്‍ (77), വില്‍ ജാക്ക്സ് (59), ജോര്‍ദാന്‍ ക്ലര്‍ക്ക് (53) എന്നിവരും ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തി.

ഈ മത്സരത്തിന് ശേഷം സെപ്റ്റംബര്‍ അഞ്ചിന് ആരംഭിക്കുന്ന ദുലീപ് ട്രോഫി 2024ല്‍ കളിക്കാന്‍ സായ് ഇന്ത്യയിലേക്ക് മടങ്ങും. റിതുരാജ് ഗെയ്ക്വാദ് ക്യാപ്റ്റനാകുന്ന ടീം സിയുടെ ഭാഗമാണ് ഈ ഇടം കയ്യന്‍ ബാറ്റര്‍.

തമിഴ്നാട് പ്രീമിയര്‍ ലീഗിലും ഐ.പി.എല്ലിലും സുദര്‍ശന്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ 2022ല്‍ അരങ്ങേറ്റം നടത്തിയ താരത്തെ 2024 സീണില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് സ്വന്തമാക്കിയത്. 12 മത്സരങ്ങളില്‍ നിന്ന് 527 റണ്‍സും 103 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്.

47.91 ആവറേജില്‍ 141.29 എന്ന ബാറ്റിങ് പ്രഹര ശേഷിയാണ് സായിക്കുള്ളത്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍ റൈസേഴ്‌സ് ഹൈദരബാദ്, രാജസ്ഥാന് റോയല്‍സ്, റോയല്‍ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്ക് വേണ്ടിയുമാണ് താരം കളിച്ചത്.

Content Highlight: Sai Sudharsan slams a hundred for Surrey in English County Championship