| Tuesday, 19th December 2023, 6:37 pm

ഇതിലും മികച്ചതായി ഒരാള്‍ക്ക് എങ്ങനെ കരിയര്‍ ആരംഭിക്കാന്‍ സാധിക്കും?; ഇന്ത്യയുടെ ഭാവി ട്രിപ്പിള്‍ സ്‌ട്രോങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം എകദിനത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി സായ് സുദര്‍ശന്‍. കരിയറിലെ രണ്ടാം അന്താരാഷ്ട്ര മത്സരത്തില്‍ രണ്ടാം ഏകദിന അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് സായ് സുദര്‍ശന്‍ തരംഗമായത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലേ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. രണ്ട് പന്തില്‍ നിന്നും നാല് റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാകദിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നാന്ദ്രേ ബര്‍ഗറിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് ഗെയ്ക്വാദ് പുറത്തായത്.

യുവതാരം തിലക് വര്‍മക്കും ആദ്യ മത്സരത്തിലേതെന്ന പോലെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. 30 പന്തില്‍ പത്ത് റണ്‍സ് നേടി നില്‍ക്കവെ നാന്ദ്രേ ബര്‍ഗറിന്റെ പന്തില്‍ ബ്യൂറന്‍ ഹെന്‍ഡ്രിക്‌സിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ഇന്ത്യന്‍ ടീം പ്രതീക്ഷയര്‍പ്പിച്ച രണ്ട് യുവതാരങ്ങളും പുറത്തായെങ്കിലും തന്നിലര്‍പ്പിച്ച കര്‍തവ്യം സായ് സുദര്‍ശന്‍ കൃത്യമായി തന്നെ നിര്‍വഹിച്ചു. തുടക്കക്കാരന്റെ ഭയാശങ്കകളൊന്നുമില്ലാതെ ബാറ്റ് വീശിയ തമിഴ്‌നാട്ടുകാരന്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി.

ഒടുവില്‍ നേരിട്ട 65ാം പന്തില്‍ സിംഗിള്‍ ഓടി സുദര്‍ശന്‍ തന്‍െ രണ്ടാം അന്താരാഷ്ട്ര അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഇതിന് പുറമെ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനൊപ്പം ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താനും സായ് സുദര്‍ശന് സാധിച്ചിരുന്നു.

ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ 43 പന്തില്‍ പുറത്താകാതെ 55 റണ്‍സാണ് സായ് സുദര്‍ശന്‍ നേടിയത്.

അതേസമയം, നിലവില്‍ 24 ഓവര്‍ പിന്നിടുമ്പോള്‍ 109 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 76 പന്തില്‍ 60 റണ്‍സുമായി സായ് സുദര്‍ശനും 36 പന്തില്‍ 30 റണ്‍സുമായി ക്യാപ്റ്റന്‍ കെ.എല്‍. രാഹുലുമാണ് ക്രീസില്‍.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ സെന്റ് ജോര്‍ജ്‌സ് ഓവലിലും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, സഞ്ജു സാംസണ്‍, കെ.എല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ടോണി ഡി സോര്‍സി, റിസ ഹെന്‍ഡ്രിക്സ്, റാസ് വാന്‍ ഡെര്‍ ഡസന്‍, ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വിയാന്‍ മുള്‍ഡര്‍, നാന്ദ്രേ ബര്‍ഗര്‍, ലിസാഡ് വില്യംസ്, ബ്യൂറന്‍ ഹെന്‍ഡ്രിക്സ്.

Content Highlight: Sai Sudharsan hits back to back 50 in India vs South Africa ODI series

We use cookies to give you the best possible experience. Learn more