|

സിക്‌സറടിച്ച് സെഞ്ച്വറി, ഇംഗ്ലണ്ട് കീഴടക്കി തമിഴ്‌നാടിന്റെ 22കാരന്‍; ചരിത്രനേട്ടത്തില്‍ ഇന്ത്യയുടെ ഭാവി

സ്പോര്‍ട്സ് ഡെസ്‌ക്

കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സെഞ്ച്വറി നേട്ടവുമായി തമിഴ്‌നാട് സൂപ്പര്‍ താരം സായ് സുദര്‍ശന്‍. ട്രെന്റ് ബ്രിഡ്ജില്‍ നോട്ടിങ്ഹാംഷെയറിനെതിരായ മത്സരത്തില്‍ സറേയ്ക്ക് വേണ്ടിയാണ് സായ് സുദര്‍ശന്‍ സെഞ്ച്വറി നേടിയത്. താരത്തിന്റെ ആദ്യ കൗണ്ടി സെഞ്ച്വറിയാണിത്.

178 പന്തില്‍ 105 റണ്‍സുമായാണ് സുദര്‍ശന്‍ സറേ നിരയില്‍ തിളങ്ങിയത്. സിക്‌സറടിച്ചുകൊണ്ടായിരുന്നു താരം സെഞ്ച്വറി നേട്ടം ആഘോഷമാക്കിയത്. സായ് സുദര്‍ശന്റെ ഇന്നിങ്‌സിലെ ഏക സിക്‌സറും അത് മാത്രമായിരുന്നു.

പത്ത് ബൗണ്ടറികളും താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സറേ 525 റണ്‍സിന്റെ കൂറ്റന്‍ ആദ്യ ഇന്നിങ്‌സ് സ്‌കോറാണ് പടുത്തുയര്‍ത്തിയത്. സായ് സുദര്‍ശന് പുറമെ ക്യാപ്റ്റന്‍ റോറി ജോസഫ് ബേണ്‍സും സെഞ്ച്വറി നേടി. 266 പന്ത് നേരിട്ട് 166 റണ്‍സടിച്ചാണ് ബേണ്‍സ് പുറത്തായത്. 11 ഫോറും നാല് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

അര്‍ധ സെഞ്ച്വറി നേടിയ റയാന്‍ പട്ടേല്‍ (161 പന്തില്‍ 77), വില്‍ ജാക്‌സ് (74 പന്തില്‍ 59), ജോര്‍ഡന്‍ ക്ലാര്‍ക് (92 പന്തില്‍ 53) എന്നിവരും സറേ ഇന്നിങ്‌സില്‍ നിര്‍ണായകമായി.

നോട്ടിങ്ഹാംഷെയറിനായി ഫര്‍ഹാന്‍ അഹമ്മദ് ഏഴ് വിക്കറ്റ് നേടി. ക്യാപ്റ്റന്റെയും സായ് സുദര്‍ശന്റെയും റയാന്‍ പട്ടേല്‍, വില്‍ ജാക്‌സ് എന്നിവരടക്കമുള്ളവരുടെ വിക്കറ്റ് നേടിയാണ് ഫര്‍ഹാന്‍ അഹമ്മദ് സെവന്‍ഫര്‍ ആഘോഷമാക്കിയത്. ഒരു സറേ ബാറ്റര്‍ റണ്‍ ഔട്ടായപ്പോള്‍ ലിയാം പാറ്റേഴ്‌സണ്‍-വൈറ്റ്, റോബര്‍ട്ട് ലോര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച നോട്ടിങ്ഹാംഷെയറിന് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. ടീം സ്‌കോര്‍ നാലില്‍ നില്‍ക്കവെ ഒരു റണ്ണെടുത്ത ബെന്‍ സ്ലേറ്ററിനെ ടീമിന് നഷ്ടമായി. ജോര്‍ഡന്‍ ക്ലാര്‍ക്കാണ് വിക്കറ്റ് നേടിയത്.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഫ്രെഡി മക്കാനും ക്യാപ്റ്റന്‍ ഹസീബ് അഹമ്മദും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു. നിലവില്‍ 123/1 എന്ന നിലയിലാണ് നോട്ടിങ്ഹാംഷെയര്‍.

ടൂര്‍ണമെന്റില്‍ കാര്യമായ ചലനങ്ങലുണ്ടാക്കാന്‍ നോട്ടിങ്ഹാമിന് സാധിച്ചിട്ടില്ല. ഇതുവരെ പത്ത് മത്സരത്തില്‍ നിന്നും ഒറ്റ ജയത്തോടെ 104 പോയിന്റുമായി എട്ടാമതാണ്. കളിച്ച പത്ത് മത്സരത്തില്‍ നിന്നും ഏഴ് ജയത്തോടെ 180 പോയിന്റുള്ള സറേ ഒന്നാമതാണ്.

Content highlight: Sai Sudarshan scores maiden county century, County Championship, Surrey vs Nottinghamshire