| Wednesday, 5th April 2023, 12:08 am

ഈ മുതലിനെ നോക്കിവെച്ചോ... സെലക്ടര്‍മാരുടെ ഉള്ളുകളികള്‍ ഇല്ലെങ്കില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കേണ്ടവനാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ ഏഴാം മത്സരത്തില്‍ ആരാധകരുടെ മനസില്‍ കയറിക്കൂടിയത് സായ് സുദര്‍ശന്‍ എന്ന തമിഴ്‌നാട്ടുകാരനാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ആദ്യ മത്സരത്തില്‍ ഇംപാക്ട് പ്ലെയറായി ക്യാമ്പെയ്ന്‍ ആരംഭിച്ച സുദര്‍ശന്‍ രണ്ടാം മത്സരത്തില്‍ പ്ലെയിങ് ഇലവനിലും സ്ഥാനം നേടിയിരുന്നു.

ടൂര്‍ണമെന്റിലെ മറ്റ് ഇംപാക്ട് പ്ലെയേഴ്‌സിനെ പോലെ തോറ്റുപോയവനായിരുന്നില്ല സായ് സുദര്‍ശന്‍. സീസണില്‍ അവസരം കിട്ടിയ ആദ്യ മത്സരത്തില്‍ തന്നെ മോശമല്ലാത്ത പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. 17 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറിയടക്കം 22 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഈ പ്രകടനത്തിന് പിന്നാലെയാണ് താരം രണ്ടാം മത്സരത്തിലെ പ്ലെയിങ് ഇലവനിലെത്തിയത്. കോച്ച് ആശിഷ് നെഹ്‌റ തന്നിലര്‍പ്പിച്ച വിശ്വാസം തെറ്റിക്കാതെയായിരുന്നു സുദര്‍ശന്‍ ബാറ്റ് വീശിയത്. 48 പന്തില്‍ നിന്നും നാല് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 129.17 എന്ന സ്‌ട്രൈക്ക് റേറ്റില്‍ പുറത്താകാതെ 62 റണ്‍സാണ് താരം സ്വന്തമാക്കിയത്.

വണ്‍ ഡൗണായിറങ്ങിയ താരം കില്ലര്‍ മില്ലറിനൊപ്പം ചേര്‍ന്ന് ഗുജറാത്തിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. വൃദ്ധിമാന്‍ സാഹയെയും ശുഭ്മന്‍ ഗില്ലിനെയും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെയും പെട്ടെന്ന് നഷ്ടമായ ടൈറ്റന്‍സിനെ താങ്ങി നിര്‍ത്തിയത് സുദര്‍ശന്റെ ഇന്നിങ്‌സാണ്.

മത്സരത്തിന്റെ താരവും സായ് സുദര്‍ശന്‍ തന്നെയാണ്.

കഴിഞ്ഞ സീസണിലും ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായിരുന്ന സായ് സുദര്‍ശന്‍, അഞ്ച് മത്സരത്തില്‍ നിന്നും 145 റണ്‍സാണ് നേടിയത്. 127.19 സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്‍സ് സ്വന്തമാക്കിയത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനമാണെന്ന് ഓരോ ക്രിക്കറ്റ് ആരാധകനും ബോധ്യമാകുന്നത് സായ് സുദര്‍ശനെ പോലുള്ള യുവതാരങ്ങളുടെ പ്രകടനം കാണുമ്പോഴാണ്. ഈ യുഗത്തിന് ശേഷം അടുത്ത ട്രാന്‍സിഷന്‍ പിരീഡില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ താങ്ങി നിര്‍ത്താന്‍ ഒരുപാട് സായ് സുദര്‍ശന്‍മാര്‍ ഉണ്ടെന്നുള്ള കാര്യം ആശ്വാസജനകമാണ്.

എന്നാല്‍ കഴിവുള്ള താരങ്ങളെ പുറത്തുനിര്‍ത്തുന്ന സെലക്ടര്‍മാരുടെയും അപെക്‌സ് ബോര്‍ഡിന്റെയും പൊളിറ്റിക്‌സ് ആവര്‍ത്തിക്കുകയാണെങ്കില്‍ സൗത്ത് ഇന്ത്യയില്‍ നിന്നും ഇതുപോലുള്ള താരോദയങ്ങള്‍ കുറഞ്ഞുവരും.

നിലവില്‍ ഐ.പി.എല്ലിന് പുറമെ തമിഴ്‌നാട് സ്‌റ്റേറ്റ് ടീമിലും തമിഴ്‌നാട് പ്രീമിയല്‍ ലീഗിലുമാണ് താരം കളിക്കുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏഴ് മത്സരത്തില്‍ നിന്നും 572 റണ്‍സാണ് താരം നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 179. കളിച്ച 11 ലിസ്റ്റ് എ മത്സരത്തില്‍ നിന്നുമായി 60.36 എന്ന ആവറേജില്‍ 664 റണ്‍സാണ് സുദര്‍ശന്‍ നേടിയത്.

ഇതിന് പുറമെ 19 ടി-20യില്‍ നിന്നും 122.69 സ്‌ട്രൈക്ക് റേറ്റില്‍ 519 റണ്‍സും സുദര്‍ശന്‍ തന്റെ പേരിലാക്കിയിരുന്നു. പുറത്താകാതെ നേടിയ 65 റണ്‍സാണ് ടി-20യിലെ മികച്ച പ്രകടനം.

Content highlight: Sai Sudarshan’s incredible performance against Delhi Capitals

We use cookies to give you the best possible experience. Learn more